ഓണം സ്‌പെഷ്യൽ ഡ്രൈവ്; കണ്ണൂർ ജില്ലയിലെ 1808 ഭക്ഷ്യ-പാനീയ വിതരണ കേന്ദ്രങ്ങളിൽ പരിശോധന നടത്തി
ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിലെ ഭക്ഷ്യ -പാനീയ വിതരണ സ്ഥാപനങ്ങളിൽ സംയുക്ത സ്‌ക്വാഡ് പരിശോധന തുടങ്ങി.
കണ്ണൂർ : ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിലെ ഭക്ഷ്യ -പാനീയ വിതരണ സ്ഥാപനങ്ങളിൽ സംയുക്ത സ്‌ക്വാഡ് പരിശോധന തുടങ്ങി. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ 94 സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. ആദ്യ രണ്ട് ദിവസത്തിനിടയിൽ 1808 സ്ഥാപനങ്ങളിൽ സ്‌ക്വാഡുകൾ പരിശോധനകൾ നടത്തി.
ഹോട്ടലുകൾ, കൂൾ ബാറുകൾ, ബേക്കറികൾ, ജൂസ് കടകൾ, തട്ടുകടകൾ, സോഫ്റ്റ് ഡ്രിങ്ക്- ഐസ് ഉൽപാദന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 111 കടകൾക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നോട്ടീസ് നൽകി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യൽ, ശുചിത്വമില്ലായ്മ, മലിന ജലം പുറത്തേക്ക് ഒഴുക്കൽ, മാലിന്യം ശരിയായി സംസ്‌ക്കരിക്കാതിരിക്കൽ, പകർച്ച വ്യാധി പടരുന്ന സാഹചര്യം സൃഷ്ടിക്കൽ, ഹെൽത്ത് കാർഡ്, ലൈസൻസ്, ജലഗുണനിലവാര സർട്ടിഫിക്കറ്റ് എന്നിവയില്ലാതെ പ്രവർത്തിക്കൽ തുടങ്ങിയ പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജല ഗുണ നിലവാര സർട്ടിഫിക്കേറ്റോ ജീവനക്കാർക്ക് ഹെൽത്ത് കാർഡോ ഇല്ലാതെ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച പയ്യന്നൂർ, കാടാച്ചിറ, ഇരിട്ടി മേഖലയിലെ നാല് ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശം നൽകി.
പൊതുസ്ഥലത്തെ പുകവലി നിരോധന നിയമം ലംഘിച്ചതിനും പുകവലി നിരോധന ബോർഡ് സ്ഥാപിക്കാത്തതിനും വിവിധ സ്ഥാപനങ്ങളിൽ നിന്ന് കോട്പ ആക്ട് പ്രകാരം 7800 രൂപ പിഴ ഈടാക്കി. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലെ വൃത്തിയില്ലായ്മ, മാലിന്യം വലിച്ചെറിയൽ, കടകളുടെ പരിസരത്ത് മലിന ജലം ഒഴുക്കിവിടൽ, മത്സ്യ വിൽപ്പന സ്റ്റാളിലെ മലിനീകരണം എന്നീ നിയമ ലംഘനങ്ങൾക്ക് കേരള പഞ്ചായത്തി രാജ് ആക്ട് പ്രകാരം 1,44,000 രൂപ പിഴയും ചുമത്തി. ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താൻ തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന ശക്തി പെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.