കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം തുടങ്ങി
ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നാലു ദിവസമായി നടക്കുന്ന കണ്ണൂർ ബുക്ക് ഫെസ്റ്റ് 2026 ന് തുടക്കമായി. കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന 20 മത് പുസ്തകോത്സവം ഡോ. വി ശിവദാസൻ എം പി, മേയർ അഡ്വ. പി ഇന്ദിര, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
കണ്ണൂർ: ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നാലു ദിവസമായി നടക്കുന്ന കണ്ണൂർ ബുക്ക് ഫെസ്റ്റ് 2026 ന് തുടക്കമായി. കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന 20 മത് പുസ്തകോത്സവം ഡോ. വി ശിവദാസൻ എം പി, മേയർ അഡ്വ. പി ഇന്ദിര, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
വായനശാലകൾ കക്ഷി രാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾ കടന്ന് എല്ലാവരെയും ഉൾകൊള്ളാൻ കഴിയുന്ന ഒരിടമാകണമെന്ന് ഡോ. വി ശിവദാസൻ എം പി പറഞ്ഞു. കണ്ണൂർ കോർപ്പറേഷനിലെ എല്ലാ വാർഡുകളിലും വായനശാലകൾ നടപ്പിലാക്കാനുള്ള മേയറുടെ പ്രഖ്യാപനത്തെ അദ്ദേഹം അഭിനന്ദിച്ചു.
രജിസ്റ്റർ ചെയ്ത വായനശാലകൾക്ക് കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിനൽകും. വായനശാലയ്ക്ക് വേണ്ടി മികച്ച പ്രവർത്തനം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ നൽകുമെന്നും എം പി അറിയിച്ചു.
ആരിപ്പുഴ എ പി ജെ അബ്ദുൾ കാലം വായനശാലയ്ക്ക് പുസ്തകങ്ങൾ കൈമാറിക്കൊണ്ട് മേയർ അഡ്വ. പി ഇന്ദിര ആദ്യ വില്പന നടത്തി. പ്രൊഫ. മുഹമ്മദ് അഹമ്മദ് 'അക്ഷരം' ത്രൈമാസിക പ്രകാശനം ചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളുടെ 'വയലാറിന്റെ താടക' എന്ന നൃത്ത ശില്പം അരങ്ങേറി.
നവംബർ ഒന്ന് വരെയാണ് പുസ്തകോത്സവം നടക്കുന്നത്. 160 സ്റ്റാളുകളിലായി 3 കോടി രൂപയുടെ പുസ്തകങ്ങളാണ് വില്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്.
പുസ്തകോത്സവത്തിന്റെ രണ്ടാംദിനത്തിൽ പുസ്തക പ്രകാശനങ്ങൾ, സുകുമാർ അഴീക്കോട് - ഐ വി ദാസ് അനുസ്മരണങ്ങൾ, യോഗ ഡാൻസ് എന്നിവ നടക്കും. ശനിയാഴ്ച പുസ്തക പ്രകാശനങ്ങൾ, കുട്ടിക്കൂട്ടം കയ്യെഴുത്ത് മാസിക ശില്പശാല, എം മുകുന്ദന് ആദരമായി 'മുകുന്ദമാനസം', എന്നീ പരിപാടികളും അവസാന ദിവസമായ ഞായർ മലയാളിയുടെ മാതൃഭൂമിക്ക് എഴുപതാണ്ട് - എന്ന വിഷയത്തിൽ സെമിനാറും സമാപന സമ്മേളനവും നടക്കും.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം കെ രമേഷ് കുമാർ, കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഇ ബീന, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം, പ്രസ്സ് ക്ലബ് പ്രസിഡന്റ് സി സുനിൽകുമാർ, ലൈബ്രേറിയൻസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് യു കെ ശിവകുമാരി, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി വി റീത്ത, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്മാരായ പവിത്രൻ മൊകേരി, ടി വേണുഗോപാൽ, എം ബിജു, കെ ദാമോദരൻ മാസ്റ്റർ, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി രാജേഷ് മാത്യു എന്നിവർ സംസാരിച്ചു.