കണ്ണൂർ  ജില്ലയില്‍ പുരുഷന്മാരില്‍ ശ്വാസകോശ കാന്‍സര്‍ കൂടുതല്‍; സ്ത്രീകളില്‍ സ്തനാര്‍ബുദവും

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നടന്നു വരുന്ന ജനസംഖ്യാധിഷ്ഠിത അര്‍ബുദ രജിസ്ട്രിയുടെ ഉപദേശക സമിതി യോഗം എഡിഎം കെ ബാലഗോപാലന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. 2015 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കണ്ണൂര്‍ ജില്ലയിലെ അര്‍ബുദ രോഗികളുടെ കണക്കുകള്‍ യോഗം വിലയിരുത്തി.

 


കണ്ണൂർ : മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നടന്നു വരുന്ന ജനസംഖ്യാധിഷ്ഠിത അര്‍ബുദ രജിസ്ട്രിയുടെ ഉപദേശക സമിതി യോഗം എഡിഎം കെ ബാലഗോപാലന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. 2015 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കണ്ണൂര്‍ ജില്ലയിലെ അര്‍ബുദ രോഗികളുടെ കണക്കുകള്‍ യോഗം വിലയിരുത്തി. മലബാര്‍ അര്‍ബുദ രജിസ്ട്രിയുടെ പുതിയ കണക്കുകള്‍ പ്രകാരം പുരുഷന്മാരില്‍ ശ്വാസകോശ കാന്‍സറാണ് കൂടുതലായി കണ്ടുവരുന്നത്. ആമാശയം, മലാശയം, പ്രോസ്റ്റേറ്റ്, കരള്‍ എന്നിവിടങ്ങളിലെ അര്‍ബുദങ്ങളും പുരുഷന്മാരില്‍ കൂടുതലാണ്.

സ്ത്രീകളില്‍ സ്തനാര്‍ബുദമാണ് ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ശ്വാസകോശാര്‍ബുദം, അണ്ഡശയ ക്യാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, തൈറോയ്ഡ് കാന്‍സര്‍ എന്നിവയും സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നു.

ഇന്ത്യയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കണ്ണൂര്‍ ജില്ലയിലെല്‍ പുരുഷന്മാരില്‍ ശ്വാസകോശാര്‍ബുദം കൂടുതലാണെന്നും ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിന് ശാസ്ത്രീയമായ പഠനം ആവശ്യമാണെന്നും യോഗം വിലയിരുത്തി. കൂടാതെ കണ്ണൂര്‍ ജില്ലയിലെ സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്ന പ്രധാനപ്പെട്ട അഞ്ച് അര്‍ബുദങ്ങളില്‍ ശ്വാസകോശാര്‍ബുദം ഉള്‍പ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. അതേസമയം, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഗര്‍ഭാശയഗള കാന്‍സര്‍ കുറഞ്ഞുവരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അര്‍ബുദ രോഗങ്ങളുടെ ജില്ലാതല പ്രവണതകള്‍ മനസ്സിലാക്കുന്നതിനും രോഗബാധയുടെ കാരണങ്ങള്‍ കണ്ടെത്തുന്നതിനും ശാസ്ത്രീയമായ പഠനങ്ങള്‍ ആവശ്യമാണ്. അര്‍ബുദ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നേരത്തെയുള്ള രോഗനിര്‍ണയത്തിനും ഇത്തരം പഠനങ്ങള്‍ സഹായകരമാകുമെന്നും യോഗം വിലയിരുത്തി.

യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ വിവേക് കുമാര്‍, സാമൂഹ്യനീതിവകുപ്പ് ഓഫീസര്‍ പി ബിജു, കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ്, മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബാല സുബ്രമണ്യം, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് പ്രതിനിധികള്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ലബോറട്ടറി സംഘടനകളുടെ പ്രതിനിധികള്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.