നാലായിരത്തിലേറെ അവസരങ്ങള്‍; ചരിത്രം സൃഷ്ടിച്ച് കണ്ണൂർ കോർപറേഷൻ ഗ്ലോബല്‍ ജോബ് ഫെയർ

നാലായിരത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ക്കുള്ള വാതില്‍തുറന്ന് വെച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ബ്രാന്‍ഡ് ബേ മീഡിയയുടെ സഹകരണത്തോടെ നടത്തിയ ഗ്ലോബല്‍ ജോബ് ഫെയര്‍ പുതുചരിത്രം സൃഷ്ടിച്ച് സമാപിച്ചു.

 

കണ്ണൂര്‍: നാലായിരത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ക്കുള്ള വാതില്‍തുറന്ന് വെച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ബ്രാന്‍ഡ് ബേ മീഡിയയുടെ സഹകരണത്തോടെ നടത്തിയ ഗ്ലോബല്‍ ജോബ് ഫെയര്‍ പുതുചരിത്രം സൃഷ്ടിച്ച് സമാപിച്ചു. രണ്ടു ദിവസങ്ങളിലായി വിദേശത്തും സ്വദേശത്തുമുള്ള 75 കമ്പനികള്‍ പങ്കെടുത്ത തൊഴില്‍മേളയില്‍ പന്ത്രണ്ടായിരത്തോളം ഉദ്യോഗാര്‍ഥികളാണ് ഒഴുകിയത്തിയത്.

വിദ്യാഭ്യാസം, റീറ്റെയ്ല്‍, ഹോസ്പിറ്റലിറ്റി, ഹെല്‍ത്ത് കെയര്‍, ടെക്നോളജി, ഓട്ടോ മൊബൈല്‍, ടൂറിസം, ആര്‍ക്കിടെക്ച്ചര്‍, എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങി മുപ്പതിലേറെ മേഖലകളിലായാണ് നാലായിരത്തോളം തൊഴില്‍ അവസരങ്ങള്‍ തുറന്നുവെച്ചതെന്ന് മേയര്‍ മുസ്‌ലിഹ് മഠത്തില്‍ പറഞ്ഞു. അഞ്ഞൂറിലേറെ പേരെ കമ്പനികള്‍ നേരിട്ട് തെരഞ്ഞെടുക്കുകയും രണ്ടായിരത്തോളം പേര്‍ വിവിധ ഒഴിവുകളിലേക്കായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. നിരവധി കമ്പനികള്‍ അടുത്ത ദിവസങ്ങളിലായി ഫൈനല്‍ സ്‌ക്രീനിങ്ങിനു വേണ്ടി ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്.

പരിചയ സമ്പത്തും പ്രൊഫഷണല്‍ മികവുമുള്ള നൂറുകണക്കിന് ഉദ്യോഗാര്‍ഥികളെ മേളയില്‍ കണ്ടെത്താന്‍ കഴിഞ്ഞതായി കമ്പനി മേധാവികള്‍ പറഞ്ഞു. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക തൊഴില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഒഡേപെക്, ജില്ലാ വ്യവസായ കേന്ദ്രം, സി-ഡിറ്റ്, എന്‍യുഎല്‍എം തുടങ്ങിയ സ്ഥാപനങ്ങളും ജോബ് ഫെയറിന്റെ ഭാഗവാക്കായി.

ഞായറാഴ്ച്ച വൈകിട്ട് നടന്ന സമാപന സമ്മേളനം രാജ്യസഭാംഗം അഡ്വ. പി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ മുസ്‌ലിഹ് മഠത്തില്‍ അധ്യക്ഷത വഹിച്ചു. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി സി അനില്‍കുമാര്‍, കേരള ഫിഷ് മെര്‍ച്ചന്റ് അസോസിയേഷന്‍ കെ മുഹമ്മദ് ആര്‍എംഎ മുഖ്യാതിഥികളായി. ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര, ബ്രാന്‍ഡ്‌ബേ മീഡിയ എംഡി സൈനുദ്ദീന്‍ ചേലേരി, സിഇഒ ഷമ്മാസ് മുഹമ്മദ്കുട്ടി, സ്ഥിരംസമിതി അധ്യക്ഷരായ പി ഷമീമ, സുരേഷ് ബാബു എളയാവൂര്‍, ഷാഹിന മൊയ്തീന്‍, സിഎച്ച് ജുനൈബ്, കെഎന്‍ അനസ്, സൂപ്രണ്ടിങ് എന്‍ജിനിയര്‍ ഇന്‍ ചാര്‍ജ് എംസി ജസ്വന്ത് എന്നിവർ സംസാരിച്ചു.

രണ്ടു ദിവസങ്ങളിലായിരാവിലെ ഒൻപതു മുതല്‍ ആരംഭിച്ച പ്രൊഫഷണല്‍-കരിയര്‍ മേഖലയിലെ പുതുപ്രവണതകള്‍ പരിചയപ്പെടുത്തുന്ന പരിശീലന സെഷനുകളില്‍ ഉദ്യോഗാര്‍ഥികള്‍ ഇരമ്പിയെത്തി. 'നിര്‍മിത ബുദ്ധിയുടെ ലോകം: തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ എന്ന വിഷയത്തിൽ' സാങ്കേതിക വിദ്യാ പരിശീലകനും കെന്‍പ്രിമോ ഗ്രൂപ് എംഡിയുമായ എം.കെ നൗഷാദ്  'കോര്‍പറേറ്റ് വിജയത്തിലേക്കുള്ള യാത്ര' ടാലന്റ് മാനേജ്മെന്റ് എക്‌സ്‌പേര്‍ട്ട് അമൃതാ രാമകൃഷ്ണനും തൊഴില്‍ തെരഞ്ഞെടുപ്പും 'വിപണിയുമായി പൊരുത്തപ്പെടുന്ന വൈദഗ്ധ്യവും' കേന്ദ്ര തൊഴില്‍ മന്ത്രാലയം പരിശീലകന്‍ സി കെ ഷമീറും അവതരിപ്പിച്ചു.

ദുബൈ കെഎംസിസി സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, കൗണ്‍സിലര്‍മാരായ പിവി ജയസൂര്യന്‍, പി കുഞ്ഞമ്പു, സജേഷ്‌കുമാര്‍, പ്രകാശന്‍ പയ്യനാടന്‍, ശ്രീജ ആരംഭന്‍, എസ് ഷഹീദ, കെഎം സാബിറ, സുനിഷ, കെപി അനിത, അഷ്‌റഫ് ചിറ്റുള്ളി, ബീബി, അനിത പഞ്ഞിക്കല്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ ഷബീന ടീച്ചര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു.