മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കഴിവുകേടിന് കണ്ണൂർ  കോർപ്പറേഷനെ മറയാക്കുന്നു;  എൽ.ഡി.എഫ് സമരം രാഷ്ട്രീയ പ്രേരിതമെന്ന് മേയർ അഡ്വ. പി. ഇന്ദിര

കണ്ണൂർ കോർപറേഷൻ എം.എൽ.എ യുടെ വികസനത്തെ തടയുന്നുവെന്ന് ആരോപിച്ച് എൽ.ഡിഎഫ് പ്രഖ്യാപിച്ച കോർപറേഷൻ മാർച്ച് വെറും രാഷ്ട്രീയ നാടകമാണെന്ന് കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി. ഇന്ദിര വാർത്താ സമ്മേളനത്തിൽ ആരോപിച്ചു

 

കണ്ണൂർ : കണ്ണൂർ കോർപറേഷൻ എം.എൽ.എ യുടെ വികസനത്തെ തടയുന്നുവെന്ന് ആരോപിച്ച് എൽ.ഡിഎഫ് പ്രഖ്യാപിച്ച കോർപറേഷൻ മാർച്ച് വെറും രാഷ്ട്രീയ നാടകമാണെന്ന് കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി. ഇന്ദിര വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.കോർപ്പറേഷൻ രൂപീകരിച്ച് 10 വർഷം പൂർത്തിയായെങ്കിലും ആദ്യത്തെ നാല് വർഷത്തോളം ഭരണം നടത്തിയത് എൽ.ഡി.എഫ് ഭരണസമിതിയാണ് നടത്തിയത്. ഈ കാലയളവിൽ ശരിയായ വീക്ഷണം ഇല്ലായ്മ കൊണ്ടും, വ്യക്തമായ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കാതെയുമാണ്  എൽ.ഡി.എഫ് ഭരണസമിതി മുന്നോട്ട് പോയത്. ഇതു കോർപ്പറേഷൻറെ വികസനത്തെ വലിയതോതിൽ  പിന്നോട്ട് വലിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കിയത്. പിന്നീട് വന്ന യു.ഡി.എഫ് ഭരണസമിതികളുടെ വികസന കാഴ്ചപ്പാടുകളാണ് ഇന്ന് കാണുന്ന കോർപ്പറേഷൻറെ  വികസന പ്രവർത്തനങ്ങൾക്ക്  ഊർജ്ജം നൽകിയത്.  

എന്നാൽ കണ്ണൂർ കോർപ്പറേഷനോട് സംസ്ഥാന സർക്കാർ കാണിക്കുന്ന രാഷ്ട്രീയ വിവേചനം അതിൻറെ പരകോടിയിൽ എത്തി നിൽക്കുകയാണിപ്പോൾ. വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തേണ്ട ഇംപ്ലിമെൻറിംഗ് ഓഫീസേർസ്, എഞ്ചിനീയറിംഗ് വിഭാഗത്തിലെ ആവശ്യമായ ഉദ്യോഗസ്ഥരെ ലഭ്യമാക്കാതെ, ഉള്ളവരെ പകരം ആൾക്കാരെ തരാതെ സ്ഥലം മാറ്റി നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങളെ താളം തെറ്റിക്കുകയാണ്. ആവശ്യമായ അസിസ്റ്റ് എഞ്ചിനീയർമാർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, ഓവർസിയർമാർ എന്നിവരില്ല. അതുകൊണ്ടുതന്നെ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പദ്ധതി പ്രവർത്തനങ്ങൾ താളം തെറ്റുകയാണ്. പ്രവൃത്തികൾ ഏറ്റെടുക്കാനും ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തീകരിച്ച് ബില്ലുകൾ തയ്യാറാക്കാനും സാധിക്കുന്നില്ല. മാത്രമല്ല പൂർത്തീകരിച്ച ബില്ലുകൾ തന്നെ ഒരു ലക്ഷത്തിന് മുകളിൽ ഉള്ളത് ക്യൂവിലേക്ക് മാറ്റുകയാണ്. മാർച്ച് മാസത്തിന് മുൻപ് തന്നെ അനൗദ്യോഗിക ട്രഷറി നിരോധനംവന്നു കഴിഞ്ഞു.കണ്ണൂർ  കോർപ്പറേഷൻ ഭിന്നശേഷി സ്കോളർഷിപ്പ് ഇനത്തിൽ ജില്ലാ ട്രഷറിയിൽ സമർപ്പിച്ച മൂന്ന് ബില്ലുകൾ, ഒരേ പദ്ധതിയുടെ മൂന്ന് ബില്ലുകൾ ഒന്നിച്ച് സമർപ്പിച്ചുവെന്ന കാരണത്താൽ മൂന്ന് ബില്ലും തള്ളിക്കളഞ്ഞു.

കഴിഞ്ഞ 10 വർഷമായി കണ്ണൂർ അസംബ്ലി മണ്ഡലത്തിലെ എം എൽ എ യുടെ കെടുകാര്യസ്ഥത പകൽ പോലെ വ്യക്തമാണ്. കാലാവധി അവസാനിക്കാറാവുമ്പോഴാണ് നമുക്ക് ഒരു എം എൽ എയുണ്ടെന്നും അവരൊരു വകുപ്പ് മന്ത്രിയാണെന്നും പ്രത്യക്ഷത്തിൽ അറിയുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി മണ്ഡലത്തിൽ ഓടി നടന്ന് രാപ്പകൽ എന്നില്ലാതെ വിവിധ പ്രവൃത്തികളുടെ തറക്കല്ലിടലും പൂർത്തിയാകപ്പെടാത്ത പ്രവൃത്തികളുടെ ഉദ്ഘാടനവുമാണ് കാണാനാവുന്നത്. കോർപറേഷൻ്റെ അനുമതി ഇല്ലാതെ തറക്കല്ലിടലും പ്രവൃത്തി ആരംഭിക്കുകയും ചെയ്യുകയാണ്. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള പള്ളിക്കുന്ന് സോണലിലെ പള്ളിയാംമൂല ഗ്രൗണ്ടിൽ കരാറുകാരൻ പ്രവൃത്തി ആരംഭിക്കാൻ വന്നപ്പോഴാണ് നഗരസഭ ഈ വിഷയം അറിയുന്നത്. ഈ ബഡ്ജറ്റിൽ ഉത്തരകേരളത്തിലെ ആദ്യ സ്കേറ്റിംഗ് ട്രാക്കിന് നടപടി സ്വീകരിക്കപ്പെട്ട സ്ഥലമാണത്. 
ഡി ടി പി സിയുടെ ആഭിമുഖ്യത്തിൽ കലക്ടറുടെ ഉടമസ്ഥതയിലുള്ള ടൗൺ സ്ക്വയറിൻറെ ഇന്നത്തെ അവസ്ഥ എന്താണെന്ന് നിങ്ങൾക്കെല്ലാം അറിയാം. ടൗൺ സ്ക്വയർ പാർക്കിംഗ് ഏരിയ സ്വകാര്യ വ്യക്തികൾക്കും സംഘടനകൾക്കും വാണിജ്യാടിസ്ഥാനത്തിൽ പരിപാടി നടത്താൻ നൽകിവരികയാണ്. അവിടം വലിയ പന്തൽ ഇടാനായി ടൈലുകൾ ഇളക്കിമാറ്റുന്നത് കാരണം നാശോൻമുഖമായി. മാത്രമല്ല ടൗൺ സ്ക്വയറിൻറെ ഭാഗമായ ആംഫി തീയേറ്റർ അവിടുത്തെ ഗാർഡനിംഗ്, കുട്ടികളുടെ പാർക്ക് എന്നിവയെല്ലാം നശിച്ചു. അതിൻറെ പാർക്കിംഗ് ഏരിയയാണ് വീണ്ടും ഒരു സ്റ്റേജ് കെട്ടി പന്തലിടാൻ നശിപ്പിച്ചത്. നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം തന്നെ നിർമ്മാണ പ്രവൃത്തിക്ക്  നഗരസഭയുടെ അനുമതി ആവശ്യമാണ്. എന്നാൽ യാതൊരുവിധ അനുമതിയും നേടാതെ പാർക്കിംഗ് ഏരിയ കുത്തിപ്പൊളിച്ച് നിർമ്മാണം നടത്തുമ്പോഴാണ് നഗരസഭ നിയമപരമായി സ്റ്റോപ്പ് മെമ്മോ നൽകിയത്. 

കണ്ണൂർ നഗരത്തിൻറെ ബ്യൂട്ടിഫിക്കേഷൻ നഗരസഭ ഏറ്റെടുത്ത് കഴിഞ്ഞ വർഷം തന്നെ പൂർത്തീകരിക്കപ്പെടേണ്ടതായിരുന്നു. എന്നാൽ അതിനോടനുബന്ധിച്ച് പി ഡബ്ല്യു ഡി വകുപ്പിൻറെ അധീനതയിലുള്ള ഭാഗത്തെ പ്രവൃത്തി കാലതാമസം വന്നതിനാലാണ് നഗരസഭയുടെ പ്രവൃത്തിയും വൈകിയത്. ഇതു വിഭാവനം ചെയ്ത രീതിയിൽ പൂർത്തീകരിക്കാതെ പ്രവൃത്തി ഉദ്ഘാടനം ചെയ്യപ്പെട്ട നാടകം നമ്മൾ കണ്ടതാണ്. ഇതൊക്കെ പൊതുജന മധ്യത്തിലേക്ക് വരുമ്പോഴാണ് നഗരസഭ എം എൽ എ യുടെ പ്രവർത്തനങ്ങൾക്ക് തടസ്സമായി നിൽക്കുന്നു എന്ന് ആരോപിക്കുന്നത്. സത്യത്തിൽ രാഷ്ട്രീയം കളിക്കുന്നത് സംസ്ഥാന സർക്കാർ കോർപ്പറേഷനോടാണ്. വികസനപ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് നൽകാതെ, നിരവധി തവണ കത്ത് നൽകിയിട്ടും 37 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഓഫീസ് കെട്ടിടം പൂർത്തീകരിച്ച് കൈമാറാതെ പ്രസ്തുത ഓഫീസിൽ അടിസ്ഥാനസൗകര്യങ്ങൾ  ഒരുക്കുന്നതിന് നഗരസഭക്ക് അനുമതി നൽകാതെ രാഷ്ട്രീയം കളിക്കുന്നത് ആരാണെന്ന് വ്യക്തമാണ്. 25-02-2026 ന് മേയറുടെ പേരിൽ ശുചിത്വമിഷൻ എക്സിക്യുട്ടീവ് ഡയറക്ടറുടെ ഒരറിയിപ്പ് ലഭിക്കുകയുണ്ടായി. 

സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, ശുചിത്വവും മാലിന്യസംസ്കരണവും സംബന്ധിച്ച പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ പരിശോധിച്ച് ഗ്രേഡിംഗ് നടത്തുകയും ഇതിൽ ഉയർന്ന മാർക്ക് നേടിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അവാർഡ് നൽകി സംസ്ഥാനസർക്കാർ ആദരിക്കുകയും ചെയ്തിട്ടുള്ളതാണ് എന്നതാണ് അറിയിപ്പ്. നഗരസഭകളുടെ വിഭാഗത്തിൽ കണ്ണൂർ കോർപ്പറേഷനാണ് ഒന്നാം സ്ഥാനം. എന്നാൽ നാളിതുവരെ കണ്ണൂർ കോർപ്പറേഷനെ ആദരിക്കുകയോ സമ്മാനം കൈമാറുകയോ ചെയ്തിട്ടില്ല. സാധാരണ തദ്ദേശദിനത്തോടനുബന്ധിച്ചാണ് ഇതു നൽകാറുള്ളത്.  യു ഡി എഫ് ഭരിക്കുന്ന കോർപ്പറേഷൻ എന്ന നിലക്ക് നാളിതുവരെ ഈ വിവരം ആരെയും അറിയിച്ചിട്ടില്ല.

 ഇങ്ങനെ നിരവധി വിഷയങ്ങൾ എണ്ണിയെണ്ണി പറയാനുണ്ട്. കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ കുറ്റം പറയുക, സംസ്ഥാന കർക്കാർ കേന്ദ്രത്തെ കുറ്റം പറയുക. എന്നാൽ അവർ തമ്മിലുള്ള അന്തർധാര സജീവമായി നിലനിർത്താൻ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യുന്നു എന്നുള്ളതും പകൽ പോലെ വ്യക്തമാണെന്നും മേയർ ആരോപിച്ചു.വാർത്താസമ്മേളനത്തിൽ  ഡെപ്യൂട്ടി മേയർ കെ പി താഹിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ a 'ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ ചന്ദ്രൻ മാക്കുറ്റി, മുഹമ്മദലി വി കെ, അഡ്വ.സോനാ ജയറാം എന്നിവരുംപങ്കെടുത്തു.