കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പിലെ പൊലിസ് ലാത്തിചാര്‍ജ്ജ്,പരുക്കേറ്റ വനിതാപ്രവര്‍ത്തകര്‍ ആശുപത്രിയില്‍, പൊലിസ് വേട്ടയാടല്‍ പ്രകോപനമില്ലാതെയെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് 

 

 കണ്ണൂര്‍:   യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു പ്രകോപനവും ഇല്ലാതെയാണ് പോലീസ് വേട്ടയാടിയതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. വനിതാ പ്രവര്‍ത്തകരുടെ മുടി കുത്തിപ്പിടിച്ചും വസ്ത്രം വലിച്ചു കീറിയും ക്രൂരമായ മര്‍ദ്ദനമാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് . ലാത്തികൊണ്ട് കണ്ണില്‍ കുത്തി പരിക്കേല്‍പ്പിക്കാനും മുതിര്‍ന്നു. 

പോലീസ് ക്രിമിനലുകളെ കയറൂരി വിട്ട് പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്താം എന്നാണ് കരുതുന്നതെങ്കില്‍ അത് വിലപ്പോവില്ല. ഭരണകൂട ഭീകരതയ്ക്ക് എതിരായ പോരാട്ടം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തിരുന്ന് ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്ന പി ശശിയുടെ ആജ്ഞാനുവര്‍ത്തികളായി ചില പോലീസ് ഉദ്യോഗസ്ഥര്‍ അധ:പതിച്ചിരിക്കുകയാണ്. 

ജനാധിപത്യ രീതിയില്‍ പ്രതിഷേധ പരിപാടികള്‍ നടത്താനുള്ള അവകാശത്തെ അടിച്ചമര്‍ത്തുന്ന പ്രവണത വച്ചുപൊറുപ്പിക്കില്ല. കേസും ജയിലും കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട . നീതി നിഷേധത്തിനെതിരെ ഇതിലും ശക്തമായ പോരാട്ടം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനം നല്‍കുമെന്നും അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്  പറഞ്ഞു.

പോലീസ് ലാത്തി ചാര്‍ജില്‍   യൂത്ത്  കോണ്‍ഗ്രസ്സ് ജില്ലാ വൈസ് പ്രസിഡണ്ട് മഹിത മോഹന്‍ , ജില്ലാ സെക്രട്ടറി ജീന ഷൈജു , റിയ നാരായണന്‍  ,സനൂബ് കുന്നോത്ത് പറമ്പ് , പ്രകീര്‍ത്ത് മുണ്ടേരി തുടങ്ങിയവര്‍ക്ക് പരിക്കേറ്റു . പരിക്കേറ്റവരെ ഡിസിസി പ്രസിഡണ്ട് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് , വി എ നാരായണന്‍ ,സജീവ് മാറോളി , എം പി അരവിന്ദാക്ഷന്‍ ,കെ പി സാജു, അഡ്വ.സി ടി സജിത്ത് ,എം സി അതുല്‍  തുടങ്ങിയ നേതാക്കള്‍ തലശ്ശേരി ഇന്ദിര ഗാന്ധി ഹോസ്പിറ്റലില്‍ സന്ദര്‍ശിച്ചു .