നിർമ്മാണം പൂർത്തിയായി :കണ്ണൂർ ക്ലോക്ക് ടവർ സ്വാതന്ത്ര്യ ദിനത്തിൽ മന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്യും
കണ്ണൂർ കോർപ്പറേഷൻ നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന വിവിധ പ്രവൃത്തികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണെന്ന് മേയർ അഡ്വ. പി ഇന്ദിര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂര്‍ : കണ്ണൂർ കോർപ്പറേഷൻ നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന വിവിധ പ്രവൃത്തികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണെന്ന് മേയർ അഡ്വ. പി ഇന്ദിര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.നഗരത്തെ മനോഹരമാക്കുന്നതിനായി ആവിഷ്കരിച്ച നഗരസൗന്ദര്യവൽക്കരണ പദ്ധതി പുരോഗമിക്കുകയാണ്.നിലവില്‍ ഗാന്ധി സർക്കിൾ മുതൽ പാമ്പൻ മാധവന്‍ റോഡിന് മുൻവശം വരെയുള്ള പ്രവൃത്തിയുടെ നിർമ്മാണം പൂർത്തീകരിച്ചു . കണ്ണൂര്‍ പ്ലാസ റോഡ് മുതൽ പ്രഭാത് ജംഗ്ഷൻ വരെയുള്ള പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പയ്യാമ്പലത്ത് ഇരിപ്പിടം ഉൾപ്പെടെ ഒരുക്കി പ്രവൃത്തി പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടുണ്ട്. വിവിധ പാർക്കുകളുടെ അറ്റകുറ്റപ്പണി നേരത്തെ പൂർത്തീകരിച്ചു.പാറക്കണ്ടി പുതിയ പാർക്കിന്റെ നിർമ്മാണം ഉടനെ ആരംഭിക്കും. നഗരത്തിന് സമീപപ്രദേശങ്ങളിലും ഫണ്ട് ലഭ്യതയ്ക്ക് വിധേയമായി നഗരസൗന്ദര്യവൽക്കരണ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കും. നഗരസൗന്ദര്യവൽക്കരണത്തോടൊപ്പം കാൽനട സൗകര്യം, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ, നഗരവെളിച്ചം, ഡ്രെയിനേജ്, റോഡ് അനുബന്ധ സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുകയും, നഗരത്തിന്റെ പുതിയ ദൃശ്യചിഹ്നമായി മാറുന്ന ക്ലോക്ക് ടവർ സ്ഥാപിക്കുകയും ചെയ്തതാണ് പദ്ധതിയുടെ പ്രത്യേകത.
പദ്ധതിയുടെ സാമ്പത്തികവും നിർവഹണ വിവരങ്ങളും കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ 2022-2023 വാർഷിക പദ്ധതി വികസന ഫണ്ട് ധനകാര്യ കമ്മീഷൻ അവാർഡ് പ്രത്യേക ഉദ്ദേശ്യ ഗ്രാൻഡിൻ ഉൾപ്പെടുത്തി അഞ്ചു കോടി രൂപ വകയിരുത്തി നഗരസൗന്ദര്യവൽക്കരണം വിഭാവനം ചെയ്യുകയും ഒന്നാം ഘട്ടമായി ഗാന്ധി സർക്കിൾ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി ഫുട്പാത്ത് നവീകരണം, ക്ലോക്ക് ടവർ നിർമ്മിച്ചു ക്ലോക്ക് സ്ഥാപിക്കൽ എന്നീ പ്രവർത്തികൾക്കായി രണ്ടുകോടി 45 ലക്ഷം രൂപയുടെ സാങ്കേതിക അനുമതി ലഭ്യമാക്കുകയും ചെയ്തു. ഈ പ്രവൃത്തിയുടെ ഡി പി ആർ മറിയ ഇൻഫ്രാസ്ട്രക്ചർ, കണ്ണൂർ എന്ന സ്ഥാപനം കരാർ ഉടമ്പടിയിൽ ഏർപ്പെടുകയും ഡിപിആർ തയ്യാറാക്കി നൽകിയിട്ടുള്ളതുമാണ്.
തുടർന്ന് സിവിൽ പ്രവൃത്തി ടെൻഡർ ചെയ്തതിൽ എം ടി മുഹമ്മദ് കുഞ്ഞി ഹാജി, പിഡബ്ല്യുഡി കോൺട്രാക്ടർ, കാസർകോട് എന്നവർ 1,43,75,815 രൂപക്ക് ടെണ്ടർ സമർപ്പിക്കുകയും ഇതുഅംഗീകരിച്ച് 2/4/2025 തീയതിയിൽ കരാർ ഉടമ്പടിയിൽ ഏർപ്പെട്ടത്പ്രകാരംസൈറ്റ് ഹാൻഡ് ഓവർ ചെയ്തിട്ടുള്ളതുമാണ്. ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട ഇലക്ട്രിക്കൽ വർക്ക് ഏറ്റെടുത്ത് നടത്തുന്നതിന് പവർ ടെക്, തളിപ്പറമ്പ് എന്ന സ്ഥാപനം സമർപ്പിച്ച ടെൻഡർ അംഗീകരിക്കുകയും ഇതുപ്രകാരം ഈസ്ഥാപനം 28-7-2025 തീയതിയിൽ കരാറു ഉടമ്പടിയിൽ ഏർപ്പെടുകയും പ്രവർത്തി പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട് പുതുതായി നിർമ്മാണം നടത്തിയിട്ടുള്ള ക്ലോക്ക് ടവറിൽ ക്ലോക്ക് സപ്ലൈ ചെയ്ത് സ്ഥാപിക്കുന്നതിനും തുടർച്ചയായി അഞ്ചു വർഷത്തേക്ക് ക്ലോക്ക് പരിപാലിക്കുന്നതിനുമായി സൈബോ ത്രീ ഐ ടി കോഴിക്കോട് എന്ന സ്ഥാപനം കരാർ ഉടമ്പടിയിൽ ഏർപ്പെടുകയും പ്രവൃത്തി പൂർത്തീകരിച്ചിട്ടുമുണ്ട്.
ഇതിനൊപ്പം 500 മീറ്റർ നീളത്തിൽ, ശരാശരി 1.80 മീറ്റർ വീതിയിൽ കാൽനടപ്പാത വികസിപ്പിച്ചിരിക്കുന്നു. നടപ്പാതയിൽ ചെക്കർഡ് ടൈലുകൾ പാകിയിട്ടുണ്ട്.കാഴ്ചപരിമിതിയുള്ളവരുടെ സുരക്ഷിത സഞ്ചാരം കൂടി പരിഗണിച്ച് നടപ്പാതയുടെ മധ്യഭാഗത്ത് രണ്ട് വരി ടാക്ടൈൽ ടൈലുകൾ സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളിൽ റാമ്പുകളും നൽകിയിട്ടുണ്ട്.നടപ്പാതയുടെ സുരക്ഷയും സഞ്ചാരക്രമവും ഉറപ്പാക്കുന്നതിനായി ജി ഐകൈവരികൾ ഇരുവശങ്ങളിലും മധ്യഭാഗത്തും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കേണ്ട സീബ്രാ ക്രോസിംഗ് ഭാഗങ്ങളിൽ ആവശ്യമായ പ്രവേശന സൗകര്യം നിലനിർത്തിയിട്ടുണ്ട്.
ഇതുവഴി സാധാരണ കാൽനടയാത്രക്കാർക്കൊപ്പം കാഴ്ചപരിമിതർ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കും ഉപയോഗിക്കാവുന്ന കൂടുതൽ പ്രാപ്യമായ ഒരു നഗര നടപ്പാത സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്നടപ്പാതയുടെ നിർമാണത്തോടൊപ്പം അതിന്റെ പ്രവർത്തനക്ഷമതയും ദീർഘകാല ഉപയോഗവും ഉറപ്പാക്കുന്നതിനായി കർബുകളും ഡ്രെയിനേജ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.രാത്രികാല ഉപയോഗത്തിനും സുരക്ഷയ്ക്കുമായി റോഡിന്റെ ഇരുവശങ്ങളിലും മധ്യഭാഗത്തുമായി സ്ട്രീറ്റ് ലൈറ്റിംഗ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിന്റെ പ്രധാന ഗതാഗതപാതയിൽ മെച്ചപ്പെട്ട പ്രകാശസൗകര്യം ഉറപ്പാക്കുന്നതോടൊപ്പം പ്രദേശത്തിന്റെ രാത്രികാല ദൃശ്യഭംഗിക്കും ഇത് മാറ്റുകൂട്ടുന്നു.പദ്ധതിയുടെ പ്രധാന വാസ്തുശില്പ ഘടകവും നഗരത്തിന്റെ പുതിയ ദൃശ്യചിഹ്നവുമാണ് 13 മീറ്റർ ഉയരമുള്ള ക്ലോക്ക് ടവർ.
ടവറിൽ നാല് ദിശകളിലേക്കായി നാല് ക്ലോക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. വിവിധ ദിശകളിൽ നിന്ന് എത്തുന്ന പൊതുജനങ്ങൾക്ക് സമയം കാണാൻ കഴിയുന്ന തരത്തിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്.ഓരോ മണിക്കൂറിലും സമയം അറിയിക്കുന്നതിനായി ശബ്ദ സംവിധാനത്തോടുകൂടിയ ക്ലോക്ക് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ക്ലോക്ക് ജി പി എസ് സംവിധാനമുള്ളതും സാറ്റലൈറ്റ് സംവിധാനവുമായി ബന്ധിപ്പിക്കപ്പെട്ടതുമാണ്. ഇതോടെ സമയം പ്രദർശിപ്പിക്കുന്നതിനൊപ്പം ടവർ നഗരത്തിന്റെ പൊതുഇടത്തിലെ ഒരു ശ്രദ്ധേയമായ ഘടകമായി മാറുന്നു.ക്ലോക്ക് സംവിധാനത്തിന്റെ തുടർ പ്രവർത്തനവും പരിപാലനവും ഉറപ്പാക്കുന്നതിനായി അഞ്ചുവർഷത്തെ അറ്റകുറ്റപണി കരാറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ക്ലോക്കിന്റെ പ്രവർത്തനക്ഷമതയും പരിപാലനവും ദീർഘകാലത്തേക്ക് ഉറപ്പാക്കാൻ സാധിക്കും.
ഈ പദ്ധതിയുടെ സവിശേഷത സൗന്ദര്യവൽക്കരണവും അടിസ്ഥാന സൗകര്യ വികസനവും ഒരുമിച്ച് പരിഗണിച്ചതിലാണ്. ഒരു വശത്ത് നഗരത്തിന്റെ ദൃശ്യഭംഗി വർധിപ്പിക്കുമ്പോൾ മറുവശത്ത് കാൽനടയാത്രക്കാരുടെ ആവശ്യങ്ങൾ, കാഴ്ചപരിമിതരായവരുടെ സഞ്ചാരം, മഴവെള്ള നിർഗമനം, രാത്രികാല വെളിച്ചം, റോഡ് സുരക്ഷ തുടങ്ങിയ പ്രായോഗിക ആവശ്യങ്ങൾക്കും പരിഹാരം കാണുന്നു.സൗന്ദര്യവും ഉപയോഗക്ഷമതയും ഒരുമിച്ച് കൈവരിക്കുന്ന ഒരു നഗര ഇടം സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ അടിസ്ഥാന ആശയം.
കാൽടെക്സ് ജംഗ്ഷൻ മുതൽ സ്പോർട്സ് സ്കൂൾ വരെയുള്ള നഗരഭാഗത്തിന് പുതിയൊരു രൂപവും നഗരവാസികൾക്ക് മെച്ചപ്പെട്ട പൊതുസൗകര്യങ്ങളും നൽകുന്ന പദ്ധതിയാണ് കണ്ണൂർ ടൗൺ ബ്യൂട്ടിഫിക്കേഷൻ പ്രോജക്ട്. ഈ പദ്ധതി ഉദ്ഘാടനം കണ്ണൂർ താലൂക്ക് ഓഫീസ് പരിസരത്ത് ഓഗസ്റ്റ് 15 ന് വൈകുന്നേരം അഞ്ച് മണിക്ക് മന്ത്രി കെ എം ഷാജി നിർവഹിക്കും. മേയർ അഡ്വ.പി ഇന്ദിര അധ്യക്ഷതയും ഡെപ്യൂട്ടി മേയർ കെ പി താഹിർ സ്വാഗതം പറയും കെ സുധാകരൻ എം പി, അഡ്വ.ടി ഒ മോഹനൻ എം എൽ എ എന്നിവർ മുഖ്യാതിഥികളാകും. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, വി കെ മുഹമ്മദലി, അഡ്വ.സോന ജയറാം, കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, സൂപ്രണ്ടിംഗ് എഞ്ചിനീയർ അനിത എസ് എന്നിവരും പങ്കെടുക്കും.
ഒരു നഗരത്തിന്റെ ഭംഗി അതിന്റെ രൂപത്തിൽ മാത്രമല്ല, അതിന്റെ പൊതുഇടങ്ങൾ ജനങ്ങൾക്ക് എത്രത്തോളം സൗകര്യപ്രദവും പ്രാപ്യവും ആസ്വാദ്യകരവുമാണ് എന്നതിലും അളക്കപ്പെടുന്നു. ആ നിലയിൽ കണ്ണൂർ നഗരത്തിന്റെ വികസനയാത്രയിൽ ഈ പദ്ധതി ശ്രദ്ധേയമായ ഒരു ചുവടുവയ്പ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു വാർത്താസമ്മേളനത്തിൽകോർപറേഷൻ മേയർ അഡ്വ.പി ഇന്ദിര, ഡെപ്യൂട്ടി മേയർ കെ പി താഹിർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.ലിഷ ദീപക്, റിഷാം താണ, ഷമീമ ടീച്ചർ, വി കെ മുഹമ്മദലി, എന്നിവർ പങ്കെടുത്തു.