കണ്ണൂർ അലവിലെ ദമ്പതികളുടെ മരണം : സംഭവ സമയത്ത് വീട്ടിൽ മൂന്നാമതൊരാളുടെ സാന്നിദ്ധ്യമില്ലെന്ന് പൊലിസ്
അലവിൽ അനന്തൻ റോഡിൽ ദമ്പതികൾ തീ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം അന്തിമ ഘട്ടത്തിൽ. ദമ്പതികളുടെ മരണം നടക്കുമ്പോൾ വീട്ടിനകത്ത് പുറത്ത് നിന്ന് മൂന്നാമത് ഒരാളുടെ സാന്നിദ്ധ്യമില്ലെന്നു പൊലിസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂർ : അലവിൽ അനന്തൻ റോഡിൽ ദമ്പതികൾ തീ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം അന്തിമ ഘട്ടത്തിൽ. ദമ്പതികളുടെ മരണം നടക്കുമ്പോൾ വീട്ടിനകത്ത് പുറത്ത് നിന്ന് മൂന്നാമത് ഒരാളുടെ സാന്നിദ്ധ്യമില്ലെന്നു പൊലിസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് മുൻപായി ഭാര്യ എ.കെ. ശ്രീലഖയെ ഭർത്താവ് കല്ലാളത്തിൻ പ്രേമരാജൻ തലയ്ക്കടിച്ചു വീഴ്ത്തി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയതിനു ശേഷം സ്വയം തീവെച്ചു മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ശ്രീലഖയുടെ തലയ്ക്കു ചുറ്റിക കൊണ്ടു അടിച്ച ക്ഷതമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവരെ തീ കൊളുത്തുമ്പോൾ ജീവൻ ഉണ്ടായിരുന്നതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ പുറത്തുവന്നിട്ടുണ്ട്. പ്രേമരാജൻ്റെ ദേഹത്ത് മറ്റു പരുക്കുകളൊന്നുമില്ല. പൊലിസ് ഇൻക്വസ്റ്റിൽ കൃത്യം നടത്താൻ ഉപയോഗിച്ച ചുറ്റികയും മണ്ണെണ്ണ കന്നാസും കിടപ്പുമുറിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
മന്ത്രി എ.കെ ശശീന്ദ്രൻ്റെ സഹോദരി പുത്രിയാണ് ശ്രീലഖ. മുൻ ഡ്രൈവറായ പ്രേമരാജൻ ഏറെ കാലം കണ്ണൂർ നഗരത്തിലെ ഒരു ഹോട്ടൽ മാനേജരായി ജോലി ചെയ്തിട്ടുണ്ട്. എല്ലാവരോടും സൗമ്യമായി പെരുമാറുന്നവരായിരുന്നു ഇരുവരും. നാട്ടുകാർക്കിടെയിലും അയൽവാസികൾക്കിടെയിലും സൗഹാർദ്ദപൂർണമായ ജീവിതമാണ് നയിച്ചിരുന്നത്. മക്കൾ രണ്ടു പേരും വിദേശത്ത് നല്ല നിലയിൽ ജോലി ചെയ്യുന്നതിനാൽ സാമ്പത്തിക വിഷമങ്ങളും നേരിട്ടിരുന്നില്ല.