കണ്ണൂർ വിമാനത്താവളത്തിലെ പ്രവേശനഫീസ് ഒഴിവാക്കണം ; ജില്ലാ വികസന സമിതി യോഗം ചേർന്നു

കണ്ണൂർ എയർപോർട്ടിലെത്തുന്ന വാഹനങ്ങളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കുന്നത് നിർത്തിവയ്ക്കാൻ നടപടിയുണ്ടാവണമെന്ന് സജീവ് ജോസഫ് എംഎൽഎ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു.

 

പെർമിറ്റിൽ അനുമതി നൽകിയതിനേക്കാൾ കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ അവിടെ നടന്നിട്ടുണ്ടോ എന്നു പരിശോധിക്കണം. പ്രദേശത്തു നിന്ന് അനധികൃതമായി മണ്ണ് നീക്കം ചെയ്ത നടപടിയിൽ നിർമാതാവിൽ നിന്ന് പിഴ ഈടാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മൈനിംഗ് ആന്റ് യോളജി വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ഇക്കഴിഞ്ഞ മഴക്കെടുതിയിൽ തകർന്ന പാലങ്ങളും റോഡുകളും പുനർനിർമിക്കുന്നതിന് ആവശ്യമായ നടപടികൾ വേഗത്തിലാക്കാനും എംഎൽഎ ആവശ്യപ്പെട്ടു. 

 കണ്ണൂർ  : കണ്ണൂർ എയർപോർട്ടിലെത്തുന്ന വാഹനങ്ങളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കുന്നത് നിർത്തിവയ്ക്കാൻ നടപടിയുണ്ടാവണമെന്ന് സജീവ് ജോസഫ് എംഎൽഎ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. നിശ്ചിത സമയം കഴിഞ്ഞതിന് ശേഷം തിരികെ പോവുന്ന വാഹനങ്ങളിൽ നിന്ന് ഫീസ് ഈടാക്കുന്ന രീതി മറ്റ് വിമാനത്താവളങ്ങളിൽ ഉണ്ടെങ്കിലും പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളിൽ നിന്നും ഫീസ് ഈടാക്കുന്നത് കണ്ണൂരിൽ മാത്രമാണ്. ഇതിനെതിരേ യാത്രക്കാരിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെന്നും ഇക്കാര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കയം തട്ടിലെ അനധികൃത നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയവും അദ്ദേഹം വികസന സമിതി യോഗത്തിൽ ഉന്നയിച്ചു. ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

പെർമിറ്റിൽ അനുമതി നൽകിയതിനേക്കാൾ കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ അവിടെ നടന്നിട്ടുണ്ടോ എന്നു പരിശോധിക്കണം. പ്രദേശത്തു നിന്ന് അനധികൃതമായി മണ്ണ് നീക്കം ചെയ്ത നടപടിയിൽ നിർമാതാവിൽ നിന്ന് പിഴ ഈടാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മൈനിംഗ് ആന്റ് യോളജി വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ഇക്കഴിഞ്ഞ മഴക്കെടുതിയിൽ തകർന്ന പാലങ്ങളും റോഡുകളും പുനർനിർമിക്കുന്നതിന് ആവശ്യമായ നടപടികൾ വേഗത്തിലാക്കാനും എംഎൽഎ ആവശ്യപ്പെട്ടു. 

പെരുമ്പ മുതൽ കോത്തായിമുക്ക് വരെയുള്ള പഴയ ദേശീയപാതയിലെ അനധികൃത വാഹനപാർക്കിംഗ് വലിയ ഗതാഗതപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായി വി കുഞ്ഞികൃഷ്ണൻ എംഎൽഎ യോഗത്തെ അറിയിച്ചു. ഇക്കാര്യത്തിൽ പോലിസ്, ആർടിഒ അധികൃത സംയുക്ത പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചു. പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തിക്കാത്തത് കാരണം രോഗികൾക്ക് വലിയ പ്രയാസങ്ങൾ ഉണ്ടാവുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കവ്വായി പാർക്കിൽ സന്ദർശകർക്ക് ടോയിലെറ്റ് സംവിധാനം ഏർപ്പെടുത്തണം. പെരിങ്ങോം വയക്കരയിൽ കാലവർഷത്തെ തുടർന്ന് ഒലിച്ചുപോയ കമ്പിപ്പാലത്തിന് പകരം പുതിയ പാലം നിർമിക്കണം. ചെറുപുഴയ്ക്ക് സമീപം കർണ്ണാടക ഫോറസ്റ്റ് അതിർത്തിയിലെ കേരളത്തിൻ്റെ ഭൂമിയിൽ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനുള്ള കർണ്ണാടക സർക്കാറിൻ്റെ നടപടികളിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെരിങ്ങോം വയക്കര, എരമം കുറ്റൂർ പഞ്ചായത്തുകളിലെ മിച്ചഭൂമി പട്ടയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തഹസിൽദാറെ യോഗം ചുമതലപ്പെടുത്തി. പാലക്കോട്- കുന്നരു തീരദേശ ഹൈവേ വികസനം, പയ്യന്നൂർ ടൗൺ വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും എംഎൽഎ അറിയിച്ചു. 

തളിപ്പറമ്പ് കുറുമാത്തൂർ, പരിയാരം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളപ്രശ്‌നം നേരിടുന്നതായി ടി കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ യോഗത്തെ അറിയിച്ചു. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. 

ന്യൂമാഹി പുന്നോൽ കുറിച്ചിയിൽ പ്രദേശത്തെ ശുദ്ധജല വിതരണ പദ്ധതി അടച്ചുപൂട്ടിയത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ ബാധിക്കുന്നതായും നടപടി പുനപ്പരിശോധിക്കണമെന്നും ഷാഫി പറമ്പിൽ എംപിയുടെ പ്രതിനിധി എം പി അരവിന്ദാക്ഷൻ യോഗത്തെ അറിയിച്ചു. തലശ്ശേരി മാഹി ബൈപ്പാസിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതുവരെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. വളപട്ടണം പാലത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് പാലത്തിലെ പഴയ ടാറിംഗ് ഇളക്കിമാറ്റി പുതുതായി ടാർ ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് കെ വി സുമേഷ് എംഎൽഎയുടെ പ്രതിനിധി കിരൺ പറഞ്ഞു. 

മേലെചൊവ്വ, മട്ടന്നൂർ റോഡ് ജംഗ്ഷനിൽ മേൽപ്പാലം നിർമ്മാണ സ്ഥലം ഏറ്റെടുപ്പും കെട്ടിടങ്ങളുടെ മൂല്യനിർണ്ണയ പ്രവർത്തിയും വേഗം പൂർത്തിയാക്കണമെന്ന അഡ്വ. ടി. ഒ മോഹനൻ എംഎൽഎയുടെ ആവശ്യത്തിൽ സപ്തംബർ എട്ടിന് പൊതുമരാമത്ത് വകുപ്പും റവന്യൂ വിഭാഗവും സംയുക്ത പരിശോധന നടത്തും.


പാടിക്കൽ മാട്ടൂർ തീരദേശ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന രാജ്മോഹൻ ഉണ്ണിത്താൻ എംപി യുടെ നിർദ്ദേശത്തിന്മേൽ 20 ലക്ഷം രൂപ വകയിരുത്തി പദ്ധതി തയ്യാറാക്കിയതായും ഡിപിസിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ടെണ്ടർ നടപടികൾ സ്വീകരിക്കുന്നതാണെന്നും  എക്സിക്യൂട്ടീവ് എഞ്ചീനീയർ അറിയിച്ചു.

ധർമ്മടം വില്ലേജിലെ ഡിജിറ്റൽ സർവ്വെ സംബന്ധിച്ച പരാതികൾ പരിഹരിക്കണമെന്ന ഷാഫി പറമ്പിൽ എംപിയുടെ ആവശ്യം പരിഗണിച്ച് തലശ്ശേരി താലൂക്കിൽ എൽ ആർ എം സെക്ഷനിൽ സർവ്വയർമാരെ നിയോഗിച്ചതായി സർവ്വെ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിനടുത്തുള്ള പെട്രോൾ പമ്പിലെ ചോർച്ച മൂലം സമീപത്തെ എഴുപതിലേറെ കുടുംബങ്ങളിലെ കിണറുകൾ മലിനമായ സാഹചര്യത്തിൽ നടപടികൾ ഉണ്ടാകണമെന്ന് കെ സുധാകരൻ എംപിയുടെ ആവശ്യം പരിഗണിച്ച് പെട്രോൾ പമ്പിൽ കോൺക്രീറ്റ് കൊണ്ടുള്ള സെക്കണ്ടറി കണ്ടെയിൻമെൻ്റ് വാൾ നിർമ്മാണം പൂർത്തിയാക്കിയതായും അനുബന്ധപ്പെട്ട പൈപ്പുകൾ എച്ച്ഡിപിഇ പൈപ്പുകളാക്കി മാറ്റിയതായും കുടിവെള്ള പ്രശ്നം അനുഭവിക്കുന്ന നാല്പതിലേറെ കുടുംബങ്ങൾക്ക് കുടിവേള്ള വിതരണം തുടരുന്നതായും കിണറുകളിലെ ജല പരിശോധന നടക്കുന്നതായും എഡിഎം അറിയിച്ചു.

കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ എംഎൽഎമാരായ ടി ഒ മോഹനൻ, സജീവ് ജോസഫ്, വി കുഞ്ഞികൃഷ്ണൻ, ജില്ലാ കലക്ടർ പി വിഷ്ണു രാജ്, ഷാഫി പറമ്പിൽ എംപിയുടെ പ്രതിനിധി എം പി അരവിന്ദാക്ഷൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രതിനിധി അജിത്ത് മാട്ടൂൽ, തലശ്ശേരി സബ് കലക്ടർ രവി മീണ, അസിസ്റ്റന്റ് കലക്ടർ എസ് സ്വാതി, എഡിഎം ഇൻചാർജ് കെ ബാലഗോപാലൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ രാജേഷ് ടി, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.