ഒടുവിൽ കുറ്റപത്രം സമർപ്പിച്ചു; മുൻ കണ്ണൂർ എ.ഡി.എം നവീൻ ബാബു മരിച്ച കേസിൽ
പി.പി ദിവ്യ ഏക പ്രതിയെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ 

കേസ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനായ കണ്ണൂർ ഇൻസ്പെക്ടർ ഓഫ് പൊലിസ് ശ്രീജിത്ത് കൊടേരിയാണ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ശനിയാഴ്ച്ച വൈകിട്ട് നാലു മണിക്ക് കുറ്റപത്രംസമർപ്പിച്ചത്. നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യ തന്നെയാണെന്നും ഇതിന് ദിവ്യയുടെ പ്രസംഗം പ്രേരണയായെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

 
Naveen Babu's suicide incident; P.P. Divya is the sole accused in the charge sheet

കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രെറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. 82 സാക്ഷികളാണ് കേസിലുള്ളത്. മൂന്ന് വാല്യങ്ങളിലായി അഞ്ഞൂറോളം പേജുകളാണ് കുറ്റപത്രത്തിനുള്ളത്. 

കണ്ണൂർ: കണ്ണൂർ മുൻ എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനായ കണ്ണൂർ ഇൻസ്പെക്ടർ ഓഫ് പൊലിസ് ശ്രീജിത്ത് കൊടേരിയാണ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ശനിയാഴ്ച്ച വൈകിട്ട് നാലു മണിക്ക് കുറ്റപത്രംസമർപ്പിച്ചത്. നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യ തന്നെയാണെന്നും ഇതിന് ദിവ്യയുടെ പ്രസംഗം പ്രേരണയായെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ആത്മഹത്യാ പ്രേരണാ കുറ്റത്തിന് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സി.പി.എം നേതാവുമായിരുന്ന പിപി ദിവ്യ മാത്രമാണ് കേസിലെ ഏക പ്രതിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഒക്ടോബർ 14 ന് കലക്ടറേറ്റ് ചേംബർ ഹാളിൽ നവീൻ ബാബുവിന് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ദിവ്യ ക്ഷണിക്കപ്പെടാത്ത അതിഥിയായിട്ടാണ് വന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്. ഐ.ടി) ചൂണ്ടിക്കാണിക്കുന്നത്. 

വ്യക്തി വൈരാഗ്യം കാരണം പി.പി ദിവ്യ എ ഡി എമ്മിനെതിരെ നടത്തിയ അധിക്ഷേപകരമായ പ്രസംഗം നവീൻബാബുവിനെ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് ജീവനൊടുക്കാൻ പ്രേരണയായെന്ന് കുറ്റപത്രത്തിൽ വിശദീകരിക്കുന്നുണ്ട്. ചെങ്ങളായിയിലെ പെട്രോൾ പമ്പ് വിഷയത്തിൽ  നവീൻ ബാബുവിനെ അപമാനിക്കാൻ പി പി ദിവ്യ ആസൂത്രണം നടത്തി, യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണനമില്ലാതെ പോയത് എഡിഎമ്മിനെ അപമാനിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്നും കുറ്റപത്രം വിശദമാക്കുന്നത്.

വീഡിയോ ചിത്രീകരിക്കാൻ കണ്ണൂർ വിഷൻ പ്രാദേശിക ചാനലിൻ്റെ ക്യാമറാമാൻമാരെ ഏർപ്പാടാക്കിയത് ദിവ്യ ആണെന്നും സ്വന്തം ഫോണിൽ നിന്ന് ദിവ്യ നവീൻ ബാബുവിൻ്റെ ജില്ലയായ പത്തനംതിട്ടയിൽ ഉൾപ്പെടെ പ്രസംഗ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും കണ്ടെത്തലുണ്ട്. എന്നാൽ നവീൻ ബാബുവിന്റെ ആത്മഹത്യ കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായില്ല. കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രെറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. 82 സാക്ഷികളാണ് കേസിലുള്ളത്. മൂന്ന് വാല്യങ്ങളിലായി അഞ്ഞൂറോളം പേജുകളാണ് കുറ്റപത്രത്തിനുള്ളത്. 

അന്നത്തെ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ, കണ്ണൂർ എ.സി.പി ടി.കെ രത്നകുമാർ, കണ്ണൂർ ടൗൺഎസ്.എച്ച്.ഒ ശ്രീജിത്ത് കൊടെരി എന്നിവരായിരുന്നു കേസ് അന്വേഷണം നടത്തിയത്. കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി എച്ച് യതീഷ് ചന്ദ്ര, ഇന്നത്തെ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പി. നിധിൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നതിന് ശേഷം ആഭ്യന്തര വകുപ്പിൻ്റെ അനുമതിയോടെ കുറ്റപത്രം സമർപ്പിച്ചത്.