നേട്ടങ്ങൾ നാടിന് സമർപ്പിച്ച് കണ്ണൂർ എ.സി.പി ടി.കെ രത്നകുമാർ വിരമിച്ചു

ഔദ്യോഗിക ജീവിതത്തിലെ നേട്ടങ്ങളും പൊലിസ് സേനയിലുണ്ടാക്കിയ മാറ്റങ്ങളും നാടിന് സമർപ്പിച്ചു കകണ്ണൂർ എ.സി.പി ടി.കെ രത്നകുമാർ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങി.

 

കണ്ണൂർ : ഔദ്യോഗിക ജീവിതത്തിലെ നേട്ടങ്ങളും പൊലിസ് സേനയിലുണ്ടാക്കിയ മാറ്റങ്ങളും നാടിന് സമർപ്പിച്ചു കകണ്ണൂർ എ.സി.പി ടി.കെ രത്നകുമാർ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങി. മൂന്ന് പതിറ്റാണ്ട് ജില്ലയിലെ ജനമൈത്രി പൊലീസിന്റെ മുഖമായിരുന്നു ഈ പൊലീസ് ഉദ്യോഗസ്ഥൻ.

നേതൃത്വം നല്‍കിയ കേസുകളെല്ലാം തെളിയിച്ചാണ് ഇദ്ദേഹം പടിയിറങ്ങുന്നത്. കേരളത്തെ ആകെ നടുക്കിയ വളപട്ടണത്തെ അരി വ്യാപാരിയുടെ വീട്ടില്‍ നടന്ന കവർച്ച കേസിന് നേതൃത്വം നല്‍കിയതും ടി.കെ രത്നകുമാറാണ്. പഴുതടച്ച്‌ നടന്ന പരിശോധനയില്‍ അയല്‍വാസിയെ പിടികൂടുകയും ചെയ്തു. പാപ്പിനിശ്ശേരിയില്‍ പിഞ്ചു കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസുള്‍പ്പെടെ 12 ല്‍ ഏറെ പ്രമാദമായ കേസുകളും തെളിയിച്ചു.

ഏറ്റവും ഒടുവില്‍ കണ്ണൂർ എ‌.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലെ കുറ്റപത്രവും സമർപ്പിച്ചാണ് പടിയിറക്കം. ഭയമില്ലാതെ ജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ വരാൻ സംവിധാനങ്ങള്‍ ഉണ്ടാക്കി. പൊലീസ് സ്റ്റേഷനില്‍ കുട്ടികളുടെ ക്ളിനിക്കുണ്ടാക്കി, തൊഴിൽ തേടുന്ന യുവതി യുവാക്കള്‍ക്കായി പൊലിസ് മൈതാനിയിൽ സൗജന്യ കായികപരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു.

 വാച്ച്‌ ദ ചില്‍ഡ്രൻ പദ്ധതി നടപ്പാക്കി, ലഹരിക്കെതിരെ കർശന നിലപാടുകള്‍ എടുത്തു, എല്ലായിടത്തും ക്യാമറകള്‍, സ്റ്റുഡന്റ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകള്‍ തുടങ്ങി ഒട്ടേറെ പദ്ധതികളും ആശയങ്ങളും നടപ്പിലാക്കി. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ശ്രീകണ്ഠാപുരം സ്വദേശിയായ ടി.കെ രത്നകുമാർ മികച്ചൊരു കായിക താരം കൂടിയാണ്.