കാഞ്ഞങ്ങാട് ഓട്ടോയിലെ ഡാഷ്‌ബോർഡ് കുത്തിത്തുറന്ന് സ്വർണ്ണം കവർന്നു ; മോഷ്ടാക്കൾ അറസ്റ്റിൽ
കാഞ്ഞങ്ങാട് : സ്വകാര്യ ആശുപത്രി വളപ്പിൽ നിർത്തിയിട്ട ഓട്ടോയുടെ ഡാഷ്‌ബോഡ് കുത്തിത്തുറന്ന് ഏഴുപവന്റെ സ്വർണവളകൾ മോഷ്‌ടിച്ചയാളെയും മോഷ്ടിച്ച സ്വർണ്ണം സൂക്ഷിച്ചയാളെയും മണിക്കൂറുകൾക്കുള്ളിൽ ഹൊസ്ദുർഗ് പോലീസ് പിടികൂടി. രാജപുരംകള്ളാർ ഒക്ലാവിലെ സുബൈർ (23), കാഞ്ഞങ്ങാട് വടകരമുക്കിലെ മുഹമ്മദ് ആഷിഖ് (28) എന്നിവരെയാണ് ഹൊസ്‌ദുർഗ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ. അനൂബ് കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
മാവുങ്കാലിലെ സ്വകാര്യാശുപത്രി കോമ്പൗണ്ടിൽ നിർത്തിയിട്ട വെള്ളരിക്കുണ്ട് കല്ലഞ്ചിറയിലെ അഷറഫിൻ്റെ ഓട്ടോ യിൽ നിന്നാണ് ഇക്കഴിഞ്ഞ ഒമ്പതാം തീയ്യതി വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രതികൾ സ്വർണ്ണവളകൾ കവർന്നത്. വീടിന് അടച്ചുറപ്പില്ലാത്തതിനാൽ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവളകളും കയ്യിലെടുത്തു ആശുപത്രിയിൽ എത്തി സ്വർണം ഓട്ടോയുടെ ഡാഷ് ബോർഡിൽ പൂട്ടി വെച്ച് ആശുപത്രിയിൽ കയറുകയായിരുന്നു. വാഹനം പാർക്ക് ചെയ്തു രണ്ടുമണിക്കൂറിനുശേഷം തിരികെ വന്ന് നോക്കിയപ്പോൾ ഡാഷ്‌ബോർഡ് കുത്തിത്തുറന്ന നിലയിലായിരുന്നു. സ്വർണ്ണം നഷ്ടപ്പെട്ട അഷറഫ് വിവരം പോലീസിനെയും ആശുപത്രി അധികൃതരെ അറിയിക്കുകയും ചെയ്തു.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് സംഘം അമ്പലത്തറയിൽ വെച്ച് സുബൈറിനെ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞത്. കാഞ്ഞങ്ങാട് വടകരമുക്കിലെത്തിയ പോലീസ് കണ്ണൂർ , കാസറഗോഡ് ജില്ലകളായി നിരവധി മോഷണം, കഞ്ചാവ്, അടിപിടി കേസുകളിൽ പ്രതിയായ വടകരമുക്കിലെ മുഹമ്മദ് ആഷിക്കിനെ പിടികൂടിയത്.
തുടർന്ന് ഇയാളുടെ വീട്ടിൽ സൂക്ഷിച്ച സ്വർണ്ണവളകൾ പോലീസ് പിടിച്ചെടുത്തു. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ. അനൂബ് കുമാറിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എ. ആർ. ശാർങ്ഗധരൻ, അസി. സബ് ഇൻസ്പെക്ടർമാരായ പി വി സന്തോഷ്, കെ കെ സുഗുണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ ടി അനിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.