കല്യാശേരി ഔഷധ ഗ്രാമം : മൂന്നാംഘട്ട പദ്ധതി എം. വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം മൂന്നാംഘട്ട പദ്ധതിയുടെയും കർഷകർക്കുള്ള പരിശീലനത്തിന്റെയും ഉദ്ഘാടനം എം. വിജിൻ എംഎൽഎ നിർവഹിച്ചു.

 

പഴയങ്ങാടി : കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം മൂന്നാംഘട്ട പദ്ധതിയുടെയും കർഷകർക്കുള്ള പരിശീലനത്തിന്റെയും ഉദ്ഘാടനം എം. വിജിൻ എംഎൽഎ നിർവഹിച്ചു. രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി മികച്ച വിളവ് ലഭിച്ച നരിക്കോട് ഹരിതശ്രീ (വനിതാ ഗ്രൂപ്പ്), തവരതടം ഔഷധകൂട്ടായ്മ (പുരുഷ ഗ്രൂപ്പ് ) എന്നിവരെയും മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട കെ.വി ഗോവിന്ദൻ, ഏറ്റവും കൂടുതൽ വിത്ത് വിളവെടുത്ത പി.പി രതീഷ് പാറമ്മൽ, കെ.വി ശാരദ പട്ടുവം എന്നിവർക്കുമുള്ള ക്യാഷ് അവാർഡും അനുമോദനവും എംഎൽഎ നിർവഹിച്ചു.

കല്യാശ്ശേരി ബ്ലോക്ക്പഞ്ചായത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക്പഞ്ചായത്ത് പ്രസിണ്ടന്റ് പി.പി ഷാജിർ അധ്യക്ഷനായി. മൂന്നാംഘട്ട പദ്ധതിയുടെ നടീൽ ജൂൺ - ജൂലൈ മാസങ്ങളിൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി കർഷകർക്കുള്ള പരിശീലന ക്ലാസ്സിന് മറ്റത്തൂർ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ.പി പ്രശാന്ത് നേതൃത്വം നൽകി. 2023 മെയ് മാസത്തിൽ   മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിലായി 25 ഏക്കറിൽ  ആരംഭിച്ച കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതി രണ്ടാംഘട്ടത്തിൽ നൂറ് ഏക്കറിലേക്ക് വ്യാപിപ്പിച്ചു. ഇതിൽനിന്നും നിന്നും 18.5 ടൺ കുറുന്തോട്ടിയും 30.5 കിലോഗ്രാം വിത്തും ലഭിച്ചിരുന്നു. പദ്ധതിക്കായി സംസ്ഥാന സർക്കാർ 32.50 ലക്ഷം രൂപയാണ് അനുവദിച്ചത്. സംസ്ഥാന കൃഷി വകുപ്പ്, മെഡിസിനൽ പ്ലാന്റ് ബോർഡ്, ഔഷധി, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് കല്യാശ്ശേരി മണ്ഡലത്തിൽ ഔഷധ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.

പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. ഗോവിന്ദൻ, എം. ശ്രീധരൻ, എ. പ്രാർത്ഥന, പി. ശ്രീമതി, ടി സുലജ, സംസ്ഥാന ഔഷധസസ്യ ബോർഡ് ഡയറക്ടർ കെ.വി ഗോവിന്ദൻ മാസ്റ്റർ, പയ്യന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. രാഖി, കല്യാശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. സതീഷ് കുമാർ, ഔഷധി സയന്റിഫിക് ഓഫീസർ ഡോ. ഒ.എൽ പയസ്, കൃഷി ഓഫീസർ യു. പ്രസന്നൻ എന്നിവർ പങ്കെടുത്തു.