രക്തസാക്ഷികളുടെ അനശ്വര സ്മരണകള്‍ കരുത്താക്കി കല്ല്യാശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.രാജീവന്‍ കപ്പച്ചേരി പ്രചരണം ആരംഭിച്ചു

യുഡിഎഫ് കല്ല്യാശ്ശേരി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. രാജീവന്‍ കപ്പച്ചേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണം മണ്ഡലത്തിലെ രക്തസാക്ഷി സ്മൃതി കുടീരവും - ഖബര്‍സ്ഥാനവും  കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച് ആരംഭിച്ചു.

 
അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ച് ഷുക്കൂറിന്‍റെ ഭവനം സന്ദര്‍ശിച്ച് മാതാവ് ആത്തിക്ക ഉമ്മയുടെ അനുഗ്രഹം ഏറ്റുവാങ്ങിയാണ് സ്ഥാനാര്‍ത്ഥിയുടെ ഔദ്ദ്യോഗിക പ്രചരണം ആരംഭിച്ചത്.

പഴയങ്ങാടി : യുഡിഎഫ് കല്ല്യാശ്ശേരി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. രാജീവന്‍ കപ്പച്ചേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണം മണ്ഡലത്തിലെ രക്തസാക്ഷി സ്മൃതി കുടീരവും - ഖബര്‍സ്ഥാനവും  കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച് ആരംഭിച്ചു.

ഇന്നലെ രാവിലെ സ്ഥാനാര്‍ത്ഥിയുടെ പിതാവും , പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന പട്ടുവത്തെ കപ്പച്ചേരി നാരായണന്‍ സ്മൃതി മന്ദിരത്തില്‍ പ്രാര്‍ത്ഥിച്ച് , പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം,  സിപിഎം കാരാല്‍ അരുംകൊല ചെയ്യപ്പെട്ട എംഎസ്ഫ് നേതാവായ ധീരരക്തസാക്ഷി പട്ടുവത്തെ അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ച് ഷുക്കൂറിന്‍റെ ഭവനം സന്ദര്‍ശിച്ച് മാതാവ് ആത്തിക്ക ഉമ്മയുടെ അനുഗ്രഹം ഏറ്റുവാങ്ങിയാണ് സ്ഥാനാര്‍ത്ഥിയുടെ ഔദ്ദ്യോഗിക പ്രചരണം ആരംഭിച്ചത്.

തുടര്‍ന്ന് ധീര രക്തസാക്ഷി പട്ടുവത്തെ മീത്തല്‍ രൈരു നായര്‍ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചനയും , പട്ടുവത്തെ അന്‍വര്‍ ഖബര്‍സ്ഥാനില്‍ പ്രാര്‍ത്ഥനയും , കടന്നപ്പളളി പാണപ്പുഴ , എടക്കോം കണാരംവയലിലെ എം.വി. കുഞ്ഞികൃഷ്ണന്‍ സ്മൃതി കുടിരത്തിലും , ചെറുതാഴം പുറച്ചേരിയിലെ തേറയില്‍ ബാലകൃഷ്ണന്‍ സ്മൃതി കുടീരത്തിലും പുഷ്പാര്‍ച്ചന നടത്തി തെരഞ്ഞെടുപ്പ് പ്രചരണത്തിന് വൈകാരികമായ തുടക്കം കുറിച്ചു.

സിപിഎമ്മിന്‍റെ അക്രമ - കൊലപാതക രാഷ്ട്രീയത്തിനും ,  പിണറായി വിജയന്‍റെ കഴിഞ്ഞ പത്തുവര്‍ഷത്തെ കുടുംബാധിപത്യ  - ഏകാധിപത്യ - അഴിമതി ഭരണത്തിനുമെതിരായ ശക്തമായ ജനവികാരം താഴെതട്ടില്‍ അലയടിക്കുന്നുണ്ടെന്നും , വിശ്വാസവും - ആചാരവും തകര്‍ത്തെറിഞ്ഞ് അയ്യപ്പന്‍റെ സ്വര്‍ണ്ണം പോലും കൊളളയടിക്കുന്ന കേരളത്തിലെ ഭരണപക്ഷ നേതൃത്വത്തിനെതിരായ ശക്തമായ വിധിയെഴുത്ത് തദ്ദേശ തെരഞ്ഞെടുപ്പിലും ശക്തമായി ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും , കല്ല്യാശ്ശേരി പിടിച്ചെടുക്കാനുളള പോരാട്ടത്തില്‍ ശക്തമായ ജനകീയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് സ്ഥാനാര്‍ത്ഥി അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം കെപിസിസി മെമ്പര്‍ എം.പി. ഉണ്ണികൃഷ്ണന്‍ , മാടായി - കല്ല്യാശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടുമാരായ വി.രാജന്‍ , കൂനത്തറ മോഹനന്‍ , ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. നൗഷാദ് വാഴവളപ്പില്‍ , കല്ല്യാശ്ശേരി മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി  പി.വി. ഇബ്രാഹിം മാസ്റ്റർ , ട്രഷറർ അസ്ലം കണ്ണപുരം, പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറിപി.പി.സുബൈർ , യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് പാണപ്പുഴ , അക്ഷയ് പറവൂര്‍ ,  ടി. ദാമോദരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.