ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കളരിവാതുക്കൽ ഭഗവതിയുടെ തിരുമടി ഉയർന്നു,കളിയാട്ട കാലത്തിന് സമാപനമായി

വടക്കന്‍ കേരളത്തിലെ തെയ്യക്കാലത്തിന്‌ സമാപ്തി കുറിച്ച്  ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കളരിവാതുക്കൽ ഭഗവതിയുടെ തിരുമടി ഉയർന്നു,   വൈകുന്നേരം അഞ്ചോടെ നൂറു കണക്കിന് ഭക്തരുടെ
 

കണ്ണൂർ:  വടക്കന്‍ കേരളത്തിലെ തെയ്യക്കാലത്തിന്‌ സമാപ്തി കുറിച്ച്  ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കളരിവാതുക്കൽ ഭഗവതിയുടെ തിരുമടി ഉയർന്നു,   വൈകുന്നേരം അഞ്ചോടെ നൂറു കണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ മുഖ്യ കോലക്കാരൻ ബാബു മുത്താനിശേരി പെരുവണ്ണനാണ് തിരുമുടിയേറ്റത്. 

 ഉത്തര കേരളത്തിലെ തെയ്യാട്ടങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ടു വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം നടന്നു. കാർമേഘങ്ങൾ മാത്രം അവശേഷിച്ചു കൊണ്ടു മഴമാറി നിന്ന അന്തരീക്ഷത്തിലാണ് ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ കളരിവാതുക്കൽ ഭഗവതിയുടെ കൂറ്റൻ തിരുമുടി ഉയർന്നത്. 

പുഴാതി. അഴീക്കോട്, കുന്നാവ് പള്ളിക്കുന്ന് എന്നിവടങ്ങളിലെ ആശാരിമാരാണ് അംബര ചുംബിയായ തിരുമുടി ഒരുക്കിയത്. 21 കോൽ നീളവും 5.75 കോൽ വീതിയുമുള്ള ഏഴ് കവുങ്, 16 വലിയ മുളകൾ എന്നിവ കൊണ്ടു തീർത്ത തിരുമുടി ഒരുക്കിയത്. ജൂൺ രണ്ടിന് വൈകുന്നേരം 4.30 നാണ് തിരുമുടി ഉയർന്നത്. മുഖ്യ കോലക്കാരൻ ബാബു മുത്താനിശേരി പെരുവണ്ണനാണ് തിരുമുടിയേറ്റത്. 

ബാബുവിൻ്റെ നേതൃത്വത്തിൽ നാലുപുരയ്ക്കൽ ആശാരിമാർ ഒരാഴ്ച്ച കൊണ്ടു തീർത്ത തിരുമുടി ഒരു ദിവസം മുൻപെ ക്ഷേത്രമുറ്റത്ത് എത്തിച്ചിരുന്നു. ഇതിനു ശേഷം കളിയാട്ട ദിവസം രാവിലെ കലശം നിറയ്ക്കൽ ചടങ്ങ് നടന്നു. പകൽ മൂന്നുമണി മുതൽ ശ്രീഭാരത് കളരി സംഘത്തിൻ്റെ കളരിപയറ്റും നടന്നു.

മുള കൊണ്ടുള്ള നാല് കഴയിട്ട് കത്രിക പൂട്ടുകെട്ടി കലശ സ്ഥാനികരും സഹായികളും ചേര്‍ന്ന് തിരുമുടി ഉയര്‍ത്തി മുഖ്യ ദേവതയുടെ പെരും തിരുമുടിക്കൊപ്പം ക്ഷേത്രപാലനും അഞ്ചു സ്വരൂപ ദേവതകളുടെയും തിരുമുടിയാണ് ഉയര്‍ന്നത്.  ശ്രീകോവിലില്‍ വിശേഷാല്‍ പൂജ കഴിഞ്ഞു നട തുറന്നതോടെയാണ് തിരുനടയില്‍ ഇരുപത്തിയൊന്നു കോല്‍ മൂന്നു വിരല്‍ ഉയരവും അഞ്ചേമുക്കാല്‍ കോല്‍ വീതിയുമുളളകലശ പെരും കളിയാട്ട തിരുമുടി നിവര്‍ന്നത്.

ശ്രീകോവില്‍ നട തുറന്നപ്പോഴേക്കുംക്ഷേത്ര നടയില്‍ കളരിയാല്‍ ഭഗവതിയമ്മയുടെ തിരുമുടി നിവര്‍ന്നിരുന്നു. അപ്പോഴേക്കും മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ തിരുവായുധം ഭഗവതിതെയ്യത്തിനു കൈമാറി. തുടര്‍ന്നു ഭഗവതിയമ്മ മൂന്നു പ്രദക്ഷിണം വച്ചു .  

ഭക്തര്‍ക്ക് അനുഗ്രഹം നല്‍കിയ ശേഷംസ്വരൂപ ദേവതകളായ തിരുവര്‍കാട്ട് ഭഗവതി, - കാളരാത്രി ,ചുഴലി ഭഗവതി, ശ്രീ പോര്‍ക്കലി, സോമേശ്വരി , പാടിക്കുറ്റി എന്നിവര്‍ മുഖ്യദേവതയായ കളരിയില്‍ ഭഗവതിയമ്മയുമായി കൂടിക്കാഴ്ച നടത്തി.ഒടുവില്‍ ക്ഷേത്രപാലനും ഭഗവതിയമ്മയെ വണങ്ങിയതോടെ കഴയിട്ടുയര്‍ത്തിയ കളിയാട്ട പെരുംതിരുമുടി ഓംകാരം മുഴക്കി ഗോവിന്ദ നാമസങ്കീര്‍ത്തനങ്ങളോടെ സഹായികള്‍ഇറക്കുകയായി.

നൃത്തമാടും ദേവരൂപികളെ നേരിൽ കണ്ടു തമ്പാച്ചിയുടെ മഞ്ഞൾക്കുറിയും തെച്ചിപ്പൂ പ്രസാദവുമേറ്റുവാങ്ങാൻ ഇനി തുലാമാസപിറവി വരെ ഉത്തരമലബാറിലെ ജനങ്ങൾക്ക് നീണ്ട കാത്തിരിപ്പാണ് തെയ്യക്കാലത്തിനു തുടക്കം കുറിക്കുന്നത് തുലാം പത്തിന് കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠന്‍ തെയ്യത്തിന്റെ വരവോടുകൂടിയാണ് .