കൈലാസം പാടിയിലെ വിള്ളൽ: പഠനത്തിനായി വിദഗ്ദ്ധ സംഘമെത്തി
കേളകം പഞ്ചായത്തിലെ 'ശാന്തിഗിരി കൈലാസംപടിയിൽ ഭൂമിയിലെ വിള്ളൽ സംബന്ധിച്ച് പഠനം നടത്തുന്നതിനായി കേന്ദ്ര ഭൗമ ശാസ്ത്ര പഠന സംഘം എത്തി.
കൊട്ടിയൂർ :കേളകം പഞ്ചായത്തിലെ 'ശാന്തിഗിരി കൈലാസംപടിയിൽ ഭൂമിയിലെ വിള്ളൽ സംബന്ധിച്ച് പഠനം നടത്തുന്നതിനായി കേന്ദ്ര ഭൗമ ശാസ്ത്ര പഠന സംഘം എത്തി. മൂന്ന് മാസം മുൻപ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും ശാസ്ത്രജ്ഞന്മാർ സ്ഥലത്ത് വിശദമായ പഠനം നടത്തിയിരുന്നു. ഈ പഠന റിപ്പോർട്ടിൽ സ്ഥലത്തെ ഇലക്ട്രോ റെസ്റ്റിവിറ്റി സർവ്വേ നടത്തിയാൽ മാത്രമേ പ്രദേശത്ത് വിള്ളൽ ഉണ്ടാകുന്നത്തിൻ്റെ കാരണങ്ങൾ കണ്ടെത്താൻ ആകു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പഠനം നടക്കുന്നത്.
ഉപദേശക സമിതി ചെയർമാൻ സി മുരളീധരൻ, ലാൻ്റഡ്സ് ലൈഡ് അഡ്വൈസറി കമ്മറ്റി അംഗവും ശാസ്ത്രജ്ഞനുമായ ജി ശങ്കർ, കേരള സർവകലാശാല മണ്ണിടിച്ചിൽ ഉപദേശക സമിതി അംഗം ഡോ.ബി നന്ദകുമാർ, യൂണിവേഴ്സിറ്റി അസ്സി. പ്രൊഫസർ ഡോ.സജൻ കുമാർ, ഹസാർഡ് റിസ്ക് അനലിസ്റ്റ് ജി.എസ് പ്രദീപ്, ഹസാർഡ് അനലിസ്റ്റ് കണ്ണൂർ ഡി ഡി എം എ എസ്. ഐശ്വര്യ, സയൻ്റിസ്റ്റ് സുരേഷ്, ടെക്നീഷ്യൻ എൽദോസ് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തുന്നത്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഉപദേശക സമിതിയിലെ അംഗങ്ങളാണ് പഠനത്തിന് മോണിറ്ററിംഗ് ചെയ്യുന്നത്. പഠന സംഘത്തോടൊപ്പം കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.ടി അനീഷ്, വാർഡ് മെമ്പർ സജീവൻ പാലുമ്മി എന്നിവരും സ്ഥലം സന്ദർശിച്ചു. കേളകം പഞ്ചായത്തിൻ്റെ നിരന്തര ആവശ്യങ്ങൾക്ക് ഒടുവിലാണ് വിദഗ്ധസംഘം പഠനത്തിന് എത്തിയത്.