കണ്ണൂരിൽ കടന്നപ്പള്ളി തന്നെ : ഹാട്രിക് വിജയം തേടി വീണ്ടും ഇറങ്ങുന്നു
കണ്ണൂർ നിയോജക മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡൻ്റ് രാമചന്ദ്രൻ കടന്നപ്പള്ളി വീണ്ടും ജനവിധി തേടും.
കണ്ണൂർ :കണ്ണൂർ നിയോജക മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡൻ്റ് രാമചന്ദ്രൻ കടന്നപ്പള്ളി വീണ്ടും ജനവിധി തേടും. കഴിഞ്ഞ രണ്ടു ഇടത് മ ന്ത്രിസഭയിലും അംഗമായിരുന്നു. ഒന്നാം പിണറായി മന്ത്രിസഭയിൽ തുറമുഖം വകുപ്പ് മന്ത്രിയായിരുന്നു. രണ്ടാം പിണറായി മന്ത്രിസഭയിൽ പുരാവസ്‌തു–-പുരാരേഖ - മ്യൂസിയം - രജിസ്ട്രേഷൻ വകുപ്പ് കൈകാര്യം ചെയ്തു . രാമചന്ദ്രൻ കടന്നപള്ളി കണ്ണൂരിൽ നാലാമങ്കത്തിനാണിറങ്ങുന്നത്.
കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരിക്കെ 26ാം വയസിൽ ഇ കെ നായനാരെ തോൽപിച്ചാണ് കടന്നപ്പള്ളി കേരള രാഷ്‌ട്രീയത്തിൽ ശ്രദ്ധേയനായത്. തിരുവനന്തപുരം ലോ അക്കാദമയിൽ നിയമപഠനത്തിനിടെയാണ് 1971ൽ കാസർകോട് ലോക്‌സഭ മണ്ഡലത്തിൽ വിജയിച്ചത്. .കാസർകോട്ടെ വിജയം കടന്നപ്പള്ളി 77ലും ആവർത്തിച്ചു. കോൺഗ്രസ് പി ളർന്നപ്പോൾ 1980ൽ എൽഡിഎഫിലെത്തി.1982ൽ എ കെ ആന്റണിയും കൂട്ടരും യുഡിഎഫിലേക്ക് ചേക്കേറിയപ്പോൾ കടന്നപ്പള്ളി എൽഡിഎഫിൽ ഉറച്ചുനിന്നു. 80ൽ ഇരിക്കൂറിൽനിന്ന് നിയമസഭാംഗമായി. പേരാവൂരിൽനിന്ന് രണ്ടുതവണ നിയമസഭയിലേക്കും 1996ൽ കണ്ണൂർ മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടു.
2006‐ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എടക്കാട് മണ്ഡലത്തിൽ നിന്നും വിജയിച്ചു. മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ 2009 ൽ ദേവസ്വം, പ്രിന്റിങ് ആൻഡ് സ്റ്റേഷനറി വകുപ്പ് മന്ത്രിയായി.
2011ൽ നടന്ന തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നും എ പി അബ്‌ദുള്ളക്കുട്ടിയോട് പരാജയപ്പെട്ടു. 2016 ലും 2021 ലും കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയെ കണ്ണൂർ മണ്ഡലത്തിൽ നിന്നും തോൽപിച്ച് നിയമസഭാംഗമായി. പിണറായി സർക്കാരിൽ മന്ത്രിയായി. പരേതരായ കടന്നപ്പള്ളി കണ്ടോന്താറിൽ പി വി കുഞ്ഞിക്കൃഷ്ണൻ ഗുരുക്കളുടെയും ടി കെ പാർവതിയമ്മയുടെയും മകനാണ്. റിട്ട. അധ്യാപിക സി എം സരസ്വതിയാണ് ഭാര്യ. മകൻ മിഥുൻ.