മാനവികതയുടെ ഓണം ഉയർത്തി കടമ്പൂരിൽ വർണാഭമായ ഘോഷയാത്ര

“മാനവികതയുടെ ഓണം” എന്ന സന്ദേശം ഉയർത്തിക്കൊണ്ട് കടമ്പൂർ ഗ്രാമപഞ്ചായത്തിലെ ഓണാഘോഷ പരിപാടികളുടെ സമാപനം അറിയിച്ചുകൊണ്ടുള്ള വർണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു

 

കടമ്പൂർ: “മാനവികതയുടെ ഓണം” എന്ന സന്ദേശം ഉയർത്തിക്കൊണ്ട് കടമ്പൂർ ഗ്രാമപഞ്ചായത്തിലെ ഓണാഘോഷ പരിപാടികളുടെ സമാപനം അറിയിച്ചുകൊണ്ടുള്ള വർണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു. നാടിന്റെ സാംസ്കാരിക പാരമ്പര്യവും ഓണത്തിന്റെ മതസൗഹാർദ സന്ദേശവും വിളിച്ചോതിയ ഘോഷയാത്രയിൽ വിവിധ കലാരൂപങ്ങളും വേഷപ്പകർച്ചകളും ശ്രദ്ധേയമായി.

ഘോഷയാത്രയ്ക്ക് ഇ. കെ. അശോകൻ, യാസർ അറഫത്ത് എന്നിവർ നേതൃത്വം നൽകി. വിവിധ മേഖലകളിൽ നിന്നുള്ള ജനങ്ങൾ ആവേശപൂർവം ഘോഷയാത്രയിൽ പങ്കുചേർന്നു.തുടർന്ന് നടന്ന സമാപന സായാഹ്ന സദസ്സിൽ എ. പി. സജീന്ദ്രൻ സ്വാഗതം പറഞ്ഞു. പി. മോഹനൻ മാസ്റ്റർ അധ്യക്ഷനായി. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീശൻ ആശംസകൾ നേർന്നു.

പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ഡോക്ടർ രാജേഷ് കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ഓണം വെറും ആഘോഷമല്ലെന്നും മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. ജാതി-മത-വർഗ ഭേദങ്ങൾക്കതീതമായി മനുഷ്യനെ മനുഷ്യനായി കാണുന്ന മാനവികതയുടെ സന്ദേശമാണ് ഓണം ഉയർത്തിപ്പിടിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഓണാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയും സായാഹ്ന സദസ്സും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാനവികതയും മതസൗഹാർദവും സാമൂഹിക ഐക്യവും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് കടമ്പൂരിന്റെ ഓണാഘോഷങ്ങൾക്ക് സമാപനമായത്