ദളിത് രാഷ്ട്രീയ പ്രതീകങ്ങളെ അപമാനിക്കുന്ന സംഘപരിവാർ മനോഭാവത്തിനെതിരെ കെ. സുധാകരൻ എം.പി. കേന്ദ്ര എസ്.സി കമ്മീഷന് പരാതി നൽകി
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംസാരിച്ച വേദിയിൽ 'ശുദ്ധികലശം' നടത്തി അപമാനിച്ച ബിജെപി-സംഘപരിവാർ നീക്കത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട്
കണ്ണൂർ: എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംസാരിച്ച വേദിയിൽ 'ശുദ്ധികലശം' നടത്തി അപമാനിച്ച ബിജെപി-സംഘപരിവാർ നീക്കത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ. സുധാകരൻ എം.പി. കേന്ദ്ര പട്ടികജാതി കമ്മീഷനും (NCSC) കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഔദ്യോഗികമായി പരാതി നൽകി.
ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയ്ക്കും പൗരാവകാശങ്ങൾക്കും മേലുള്ള നഗ്നമായ കടന്നുകയറ്റമാണ് ഈ സംഭവമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. മനുഷ്യനെ ജാതിയുടെയും അനാചാരങ്ങളുടെയും പേരിൽ മാറ്റിനിർത്തുന്ന മധ്യകാല മനോഭാവത്തിലേക്കാണ് സംഘപരിവാർ രാജ്യത്തെ തിരികെ കൊണ്ടുപോകാൻ ശ്രമിക്കുന്നത്. എഐസിസി അധ്യക്ഷൻ എന്ന ഉയർന്ന പദവിയെപ്പോലും തരംതാഴ്ത്തി കാണിക്കാനും, ദളിത് സമൂഹത്തോടുള്ള തങ്ങളുടെ ജാതീയമായ വിദ്വേഷം തുറന്നുകാട്ടാനുമാണ് അവർ ഇതിലൂടെ ശ്രമിച്ചത്.ഭരണഘടനയുടെ ആർട്ടിക്കിൾ 17 ഉറപ്പുനൽകുന്ന അയിത്ത നിർമ്മാർജ്ജന നിയമങ്ങളുടെയും പട്ടികജാതി/പട്ടികവർഗ്ഗ പീഡനനിരോധന നിയമത്തിന്റെയും (SC/ST Prevention of Atrocities Act, 1989) നഗ്നമായ ലംഘനമാണിത്. ജനാധിപത്യ ഇന്ത്യയിൽ അയിത്തത്തിനും വിവേചനത്തിനും സ്ഥാനമില്ല.
സംഭവത്തിൽ അടിയന്തര അന്വേഷണം പ്രഖ്യാപിക്കണമെന്നും, കുറ്റക്കാർക്കെതിരെ SC/ST പീഡനനിരോധന നിയമപ്രകാരം കേസ് എടുക്കാൻ ബന്ധപ്പെട്ട പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകണമെന്നും കെ. സുധാകരൻ എം.പി. കമ്മീഷനോട് ആവശ്യപ്പെട്ടു. ജാതീയമായ അതിക്രമങ്ങൾക്കും വർഗീയ അജണ്ടകൾക്കുമെതിരെ കോൺഗ്രസ് പ്രസ്ഥാനം ശക്തമായ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.