മേയറെയും , കൗൺസിലർമാരെയും ആക്രമിച്ച സിപിഎം നടപടി ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി : കെ. സുധാകരൻ എം .പി 

കണ്ണൂർ കോർപറേഷൻ മേയർ അഡ്വ: പി. ഇന്ദിരയെയും , കൗൺസിലർമാരെയും  ആക്രമിച്ച സിപിഎമ്മിന്റെ കിരാത നടപടി ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന്  കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ സുധാകരൻ എംപി

 

 കണ്ണൂർ : കണ്ണൂർ കോർപറേഷൻ മേയർ അഡ്വ: പി. ഇന്ദിരയെയും , കൗൺസിലർമാരെയും  ആക്രമിച്ച സിപിഎമ്മിന്റെ കിരാത നടപടി ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന്  കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ സുധാകരൻ എംപി . തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അവരുടെ ചുമതലകൾ നിർവഹിക്കാൻ പോലും അനുവദിക്കാതെ സിപിഎം ഭീഷണിയും അക്രമവും പ്രയോഗിക്കുകയാണ്. ഭരണത്തിന്റെ ഹുങ്കിൽ  എന്തും ചെയ്യാം എന്ന ധാരണ സിപിഎം തിരുത്തണം.  രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ അക്രമത്തിലൂടെ അടിച്ചമർത്താനാണ് സിപിഎം ശ്രമിക്കുന്നത്.  

കണ്ണൂർ കോർപറേഷനിൽ  ജനപ്രതിനിധികൾക്കെതിരെ  ഉണ്ടായ ഈ അതിക്രമം അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ജനാധിപത്യ രീതിയിൽ പ്രവർത്തിക്കേണ്ട ഇടങ്ങളിൽ അക്രമവും , ഭീഷണിയും സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എംപി വ്യക്തമാക്കി. മന്ത്രി വീണാ ജോർജിനെ ആക്രമിച്ചു എന്ന പുകമറ സൃഷ്ടിച്ച്  നിരപരാധികളായ കെ.എസ്.യു പ്രവർത്തകരെ ജയിലിലടച്ച പിണറായി പോലീസ് കണ്ണൂർ  മേയറെയും ,  കൗൺസിലർമാരെയും ആക്രമിച്ച സിപിഎം ഗുണ്ടകൾക്കെതിരെ എന്തുകൊണ്ടാണ് നടപടി എടുക്കാത്തത് .   സ്ഥലം എംഎൽഎയുടെ കഴിവുകേട് കോർപ്പറേഷന്റെ മുകളിൽ ചാരി രക്ഷപ്പെടാമെന്ന് കരുതരുത്.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത ആരോപണങ്ങൾ ഉയർത്തി കണ്ണൂർ കോർപ്പറേഷനെതിരെ  അപവാദ പ്രചരണം നടത്തുന്നത് സിപിഎമ്മിന്റെ പതിവ് രാഷ്ട്രീയ  ഗിമ്മിക് മാത്രമാണെന്ന് എംപി പ്രസ്താവനയിൽ പറഞ്ഞു. സർക്കാരിന്റെ ഭരണപരമായ പരാജയങ്ങളും ജനവിരുദ്ധ നയങ്ങളും മറച്ചുവയ്ക്കാനുള്ള  ഇത്തരം ആരോപണങ്ങൾ വിലപോവില്ല .

 സമീപകാല സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരിലെ പോലീസ് ഉദ്യോഗസ്ഥന്മാരുടെ  ഭാഗത്ത് നിന്ന് ഉണ്ടായ ഏകപക്ഷീയവും ഭരണപക്ഷത്തെ അനുകൂലിക്കുന്നതുമായ നടപടികൾ അത്യന്തം പ്രതിഷേധാർഹമാണ്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കേണ്ട സാഹചര്യത്തിൽ രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കപ്പെടുന്നുവെന്നത് ജനാധിപത്യത്തിനും നിയമവ്യവസ്ഥയ്ക്കും നല്ല സന്ദേശമല്ല നൽകുന്നത്.സമൂഹത്തിൽ സമാധാനവും നിയമവും ഉറപ്പാക്കേണ്ട ഉത്തരവാദിത്വമുള്ള പോലീസിന് രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി പ്രവർത്തിക്കേണ്ട സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. രണ്ടുമാസത്തിനുശേഷം കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ മാറും എന്ന കാര്യം സിപിഎം നേതാക്കന്മാർക്ക് ഓശാന പാടുന്ന പോലീസ് ഉദ്യോഗസ്ഥന്മാർ ഓർത്താൽ നല്ലത്. സംഭവവുമായി ബന്ധപ്പെട്ട്  നീതിപൂർവ്വവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ   കർശന നടപടികൾ സ്വീകരിക്കണമെന്നും കെ.സുധാകരൻ, എംപി ആവശ്യപ്പെട്ടു.