കണ്ണൂർ ഡി.സി.സി ഓഫീസിന് മുൻപിൽ വീണ്ടും കെ സുധാകരൻ്റെ ഫ്ലക്സ് 

കണ്ണൂർ തളാപ്പ് റോഡിലെ ഡിസിസി ഓഫീസിന് മുന്നിൽ വീണ്ടും കെ സുധാകരന്റെ ഫ്ലക്സ് സ്ഥാപിച്ചു.പിണറായി സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസിന്റെ പടനായകൻ കെ സുധാകരൻ  എത്തുന്നു വെന്നാണ് ഫ്ളക്സിൽ എഴുതി വെച്ചിരിക്കുന്നത്.കണ്ണൂരിന്റെ ഹൃദയമാണ് കെ എസ് എന്നും ഫ്ലക്സിൽ എഴുതിയിട്ടുണ്ട്.

 

കണ്ണൂർ : കണ്ണൂർ തളാപ്പ് റോഡിലെ ഡിസിസി ഓഫീസിന് മുന്നിൽ വീണ്ടും കെ സുധാകരന്റെ ഫ്ലക്സ് സ്ഥാപിച്ചു.പിണറായി സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസിന്റെ പടനായകൻ കെ സുധാകരൻ  എത്തുന്നു വെന്നാണ് ഫ്ളക്സിൽ എഴുതി വെച്ചിരിക്കുന്നത്.കണ്ണൂരിന്റെ ഹൃദയമാണ് കെ എസ് എന്നും ഫ്ലക്സിൽ എഴുതിയിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് മതിലിൽ ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്.അതേസമയം കെ. സുധാകരനെ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായിട്ടുണ്ട്. സോഷ്യൽ മീഡിയ ക്യാംപയിനുമായി സുധാകര അനുകൂലികൾ വ്യാപക പ്രചാരണമാണ് നടത്തുന്നത്. 

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനം കോൺഗ്രസിൽ സമവായത്തിനുള്ള വഴിയടച്ചിട്ടുണ്ട്.കെ സുധാകരന്‍ ഉള്‍പ്പെടെ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച എംപിമാര്‍ക്ക് സീറ്റ് നൽകേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് തീരുമാനം.കെ.സുധാകരന് പുറമെ എം കെ രാഘവന്‍, അടൂര്‍ പ്രകാശ് എന്നിവരും മത്സരസന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.അതേസമയം കണ്ണൂരില്‍ നിന്നും ജനവിധി തേടുമെന്ന ഉറച്ച നിലപാടിലാണ് കെ സുധാകരന്‍. അങ്ങനെയെങ്കില്‍ സുധാകരന്റെ അടുത്ത നീക്കം നിര്‍ണ്ണായകമാകും. 

മത്സരിക്കാന്‍ എംപിമാര്‍ക്ക് അവകാശമുണ്ടെന്നും പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കിയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നുമാണ് കെ സുധാകരന്റെ വാദം. മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണം. ചര്‍ച്ചയ്ക്ക് നേതൃത്വം വേദിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. ഹൈക്കമാന്‍ഡിന്റെ അനുനയത്തിന് സുധാകരന്‍ വഴങ്ങുമോയെന്നത് വൈകാതെ അറിയാം. സുധാകരന്‍ കലാപക്കൊടി ഉയര്‍ത്തിയാല്‍ കേരളത്തിലാകെ പ്രത്യേകിച്ചും മലബാറില്‍ അത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂരില്‍ ഇത് പ്രതിഫലിക്കും. കെ കെ ശൈലജയെ സിപിഐഎം കളത്തിലിറക്കിയതോടെ കനത്ത തെരഞ്ഞെടുപ്പ് പോരിലേക്കാണ് പേരാവൂര്‍ നീങ്ങുന്നത്.

 വേണ്ടി ഡല്‍ഹിയിലെത്തിയ സുധാകരന്‍ കടുത്ത അതൃപ്തിയോടെയായിരുന്നു കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ കണ്ണൂരുമായി ബന്ധപ്പെട്ട് വൈകാരികമായ കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു.അതേസമയം കോണ്‍ഗ്രസിന്റെ ആദ്യഘട്ടസ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. പല മണ്ഡലങ്ങളിലും ഭിന്നാഭിപ്രായമുണ്ട്. ആദ്യ ഘട്ട പട്ടിക വൈകാന്‍ കാരണം ഈ തര്‍ക്കമാണെന്നാണ് ലഭിക്കുന്ന വിവരം. 32 സ്ഥാനാര്‍ത്ഥികളെ ഇന്നും രണ്ടാം പട്ടിക ബുധനാഴ്ചയും പ്രഖ്യാപിക്കുമെന്നായിരുന്നു പുറത്തുവന്ന സൂചനകള്‍. ഇതിനിടെ സുധാകരനെ അനുനയിപ്പിക്കാൻ അദ്ദേഹം നിർദ്ദേശിക്കുന്നയാളെ സ്ഥാനാർത്ഥിയാക്കാമെന്ന ഒത്തുതീർപ്പ് ഫോർമുലയും ഉയർന്നുവന്നിട്ടുണ്ട്.