കയ്യൂക്കും ആയുധവും ഉപയോഗിച്ച് ബിജെപിയെ തകർക്കാൻ ശ്രമിച്ചവർ സ്വയം തകരുന്നു : കെ കെ വിനോദ്കുമാർ

കയ്യൂക്കും ആയുധവും ബോംബും ഉപയോഗിച്ച് ബിജെപിയെ തകർക്കാൻ ശ്രമിച്ചവർ സ്വയം തകരുന്ന രാഷ്ട്രീയ പ്രതിഭാസമാണ് കാണുന്നതെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻറ് കെ കെ വിനോദ്കുമാർ പറഞ്ഞു.

 

തളിപ്പറമ്പ് : കയ്യൂക്കും ആയുധവും ബോംബും ഉപയോഗിച്ച് ബിജെപിയെ തകർക്കാൻ ശ്രമിച്ചവർ സ്വയം തകരുന്ന രാഷ്ട്രീയ പ്രതിഭാസമാണ് കാണുന്നതെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻറ് കെ കെ വിനോദ്കുമാർ പറഞ്ഞു. ഡിസംബർ ഒന്ന് കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി തളിപ്പറമ്പ് മണ്ഡലം സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസം ലോക രാഷ്ട്രങ്ങളിൽ  ഉന്മൂലനം ചെയ്യപ്പെട്ടു. ഒരുകാലത്ത് ഇന്ത്യയിൽ പ്രധാന പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ അവശേഷിക്കുന്നത് കേരളത്തിൽ മാത്രമാണ്. അതിൻ്റെ നേതാക്കന്മാർ ഇന്ന് അഴിമതിക്കാരുടെയും കുടുംബാധിപത്യത്തിന്റെയും ഭൂമാഫിയകളുടെയും രക്തസാക്ഷി ഫണ്ട് വെട്ടിപ്പുകാരുടെയും പാർട്ടിയായി മാറി. കേരളത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ അസ്തമിക്കാൻ പോകുന്നു. ഭരണവും കയ്യൂക്കും മസിൽ പവറും ഉപയോഗിച്ച് ആർഎസ്എസിനെയും ബിജെപിയെയും തകർക്കാൻ ശ്രമിച്ചവരുടെ സ്വാഭാവിക അന്ത്യമാണ് കുറിക്കാൻ പോകുന്നത്. ഇന്ത്യയിൽ മറ്റെല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ സഹായമില്ലാതെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്  കഴിയുന്നില്ല. ആസന്ന ഭാവിയിൽ ഈ പ്രതിഭാസം കേരളത്തിലും സംഭവിക്കുമെന്ന് വിനോദ്കുമാർ പറഞ്ഞു.

സംഘാടകസമിതി യോഗത്തിൽ യുവമോർച്ച മണ്ഡലം പ്രസിഡണ്ട് സ്റ്റിജിൽ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ പി ഗംഗാധരൻ,  നേതാക്കളായ ഷൈമ പ്രദീപ്, പ്രദീപൻ മൊടത്തറ, അശോക് കുമാർ അഞ്ചാമര, എം രാഘവൻ, പി ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. ഉണ്ണികൃഷ്ണൻ പണ്ടാരി നന്ദി പറഞ്ഞു.