കൂത്തുപറമ്പിൽ ജയന്തി രാജനെ തോൽപ്പിച്ചത് മണ്ഡലം നേതാക്കൾ ; പാനൂരിൽ യൂത്ത് ലീഗ്, മുസ്ലിം ലീഗ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം
പാനൂരിൽ ആയിരത്തിലധികം വോട്ടുകൾ ജയന്തി രാജന് കുറഞ്ഞ സംഭവത്തിൽ കൂത്തു പറമ്പ് മണ്ഡലം സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് , യൂത്ത് ലീഗ് പ്രവർത്തകർ തെരുവിലിറങ്ങി .
പാനൂർ : പാനൂരിൽ ആയിരത്തിലധികം വോട്ടുകൾ ജയന്തി രാജന് കുറഞ്ഞ സംഭവത്തിൽ കൂത്തു പറമ്പ് മണ്ഡലം സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് , യൂത്ത് ലീഗ് പ്രവർത്തകർ തെരുവിലിറങ്ങി .സംസ്ഥാനമാകെ വീശിയടിച്ച യു.ഡി.എഫ് തരംഗത്തിനിടയിലും കൂത്തുപറമ്പിൽ ദേശീയ സെക്രട്ടറി ജയന്തി രാജൻ നേരിയ വോട്ടിന് പരാജയപ്പെട്ടത് മുസ്ലിം ലീഗിലെ ഗ്രൂപ്പിസത്തിന്റെ ഫലമെന്നാണ് ആരോപണം ഇതിനെതിരെ മുസ് ലിംലീഗിൽ വ്യാപക പ്രതിഷേധമുയരുകയാണ്. തിങ്കളാഴ്ച്ച രാത്രി പാനൂരിൽ സംസ്ഥാനത്താകെയുള്ള യു.ഡി.എഫ് ജയത്തിൽ ആഹ്ലാദ പ്രകടനം നടത്തിയ പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത് പാനൂരിലെ മണ്ഡലം നേതൃത്വത്തിനെതിരെയാണ്.
കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഷാഹുൽ ഹമീദിനെതിരായിരുന്നു പ്രധാനമായും പ്രവർത്തകരുടെ രോഷ പ്രകടനം. ഷാഹുൽ ഹമീദും കുടുംബവും ജയന്തി രാജനെതിരെ പരസ്യമായി തന്നെ പ്രവർത്തിച്ചുവെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ഷാഹുൽ ഹമീദിന്റെയും പ്രസിഡന്റ് പി.പി.അബ്ദുൽ സലാമിന്റെയും തട്ടകമായ പാനൂരിൽ ജയന്തി രാജന് ലഭിച്ച വോട്ട് കഴിഞ്ഞ തവണത്തേക്കാൾ കുറവാണ്. ആയിരം വോട്ടാണ് കുറഞ്ഞത്.ജയന്തി രാജൻ തോൽക്കുന്നത് 930 വോട്ടുകൾക്കാണ്. കരിയാടും കുന്നോത്തുപറമ്പും പെരിങ്ങളവുമൊക്കെ പിടിച്ചു നിന്നപ്പോൾ പാനൂരിൽ വോട്ടു കുറഞ്ഞത് ഗ്രൂപ്പിസത്തിന്റെ പരിണിത ഫലമാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.മുൻ മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ലയുടെ മരുമകനാണ് ഇപ്പോഴത്തെ ലീഗ് പ്രസിഡന്റ് അബ്ദുൽ സലാം.
തോറ്റത് ജയന്തി രാജനല്ല, കൂത്തുപറമ്പിലെ മുസ്ലിം ലീഗ് പാർട്ടിയാണെന്ന് പ്രവർത്തകർ പറയുന്നു. ഈ വികാരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ പ്രകടനം.ഗ്രൂപ്പിസത്തിന്റെ പേരിൽ ഇനിയും എത്രതവണ പാർട്ടി തോൽക്കണമെന്ന് ഇവർ ചോദിക്കുന്നു. ഇടത് കോട്ടകൊത്തളങ്ങളായ പയ്യന്നൂരും തളിപ്പറമ്പും ഉൾപ്പടെ നിലം പൊത്തിയിട്ടും അത്രക്ക് ഇളകാത്ത കോട്ടയാണോ കൂത്തുപറമ്പെന്നും ചോദ്യമുയരുന്നു.
സ്ഥാനാർഥി പ്രഖ്യാപനം വന്ന അന്ന് പാർട്ടി മണ്ഡലം സെക്രട്ടറി ഷാഹുൽ ഹമീദിന്റെ ഭാര്യയുടെ വാട്സപ് സ്റ്റാറ്റസിൽ റാന്തൽ കത്തിച്ചു വെച്ചത് സൂചനയായിരുന്നുവെന്നാണ് പ്രവർത്തകർ പറയുന്നത്. ഇക്കാക്ക ജയിക്കാത്തിടത്ത് ജയന്തി രാജൻ ജയിക്കണ്ടെന്ന വാട്സപ്പ് പ്രചാരണവും പാർട്ടി ഗ്രൂപ്പുകളിൽ കണ്ടവരും കേട്ടവരുമാണ് നമ്മളെന്നും പ്രകടനം നടത്തിയവർ വ്യക്തമാക്കുന്നുണ്ട്. ഇത്രയും മികച്ചൊരു സ്ഥാനാർത്ഥിയെ കൂത്തുപറമ്പിനു കിട്ടിയിട്ടും വിജയിപ്പിച്ചെടുക്കാൻ കഴിയാത്തതിന്റെ ഉത്തരവാദിത്തം ചില നേതാക്കൾക്ക് മാത്രമാണെന്നും കോൺഗ്രസിൻ്റെ ഭാഗത്ത് നിന്നുണ്ടായ ശക്തമായ പിന്തുണയാണ് തോൽവിഭാരം 930 തിൽ ഒതുങ്ങിയതെന്നും പ്രതിഷേധക്കാർ പറയുന്നു
ജനവിധിയോട തിരിഞ്ഞു നിന്ന ലീഗ് നേതാക്കൾ പാർട്ടിക്ക് അപമാനമാണെന്നും ജൂതാസിന്റെ പണിയെടുത്ത് മുസ്ലിം ലീഗ് പ്രവർത്തകരെ അപമാനിച്ചും അവഗണിച്ചും പാർട്ടിക്ക് ഉണ്ടാക്കിയ പ്രയാസങ്ങളും വേദനയും ചെറുതല്ലെന്നും പ്രവർത്തകൾ ചൂണ്ടിക്കാട്ടുന്നു. നല്ല ചുളിവ് മാറാത്ത വിസ്ത്രവും ധരിച്ച് മിനുക്കിയ മുഖവുമായി പാർട്ടി വേദികളിലും പൊതു പരിപാടികളിലും നിങ്ങളെ കാണുമ്പോൾ സാധാരണക്കാരായ പ്രവർത്തകർ ഒരായിരം വട്ടം പുച്‌ഛിക്കുമെന്ന് ഒരു വാട്സാപ്പ് സന്ദേശത്തിൽ പറയുന്നു.
വടകരയിൽ ഷാഫി പറമ്പിലിന് പാനൂർ മേഖലയിൽ ലഭിച്ചത് 2500 വോട്ടിന്റെ ലീഡാണ്. എന്നാൽ 885വോട്ട് മാത്രമേ ജയന്തി രാജന് ലീഡുള്ളൂ.
പൊട്ടങ്കണ്ടി അബ്ദുല്ലക്ക് കഴിഞ തവണ പാനൂർ മേഖലയിൽ കിട്ടിയ ഭൂരിപക്ഷം 1191 വോട്ടാണ്.ജയന്തി രാജന് കിട്ടിയത് 885. ഇതാണ് പ്രവർത്തകരെ അരിശം കൊള്ളിക്കുന്നത്. വരും ദിവസങ്ങളിലും പാനൂരിൽ പ്രവർത്തകരുടെ പ്രതിഷേധം ശക്തമാകുമെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും പുറത്തുവരുന്ന സൂചന.