പ്രധാനമന്ത്രിയെയും അമ്മയെയും അവഹേളിക്കുന്ന പരാമർശം : ജാൻ മോണിക്കെതിരെ പരാതി നൽകി ബിജെപി
കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദ്ദേഹത്തിൻ്റെ അമ്മക്കും എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ്കുമാർ കണ്ണൂർ സിറ്റി കമ്മീഷണർക്കാണ് പരാതി നൽകിയത്.
സമൂഹമാധ്യമങ്ങളിലൂടെയാണ് മേക്കപ്പ് ആർട്ടിസ്റ്റായ ജാൻമോണി അപകീർത്തികരവും അവഹേളനാപരവുമായ പ്രസ്താവന നടത്തിയത്. ഇത്തരം പ്രസ്താവനകൾ പൊതുജനങ്ങൾക്കിടയിൽ ശത്രുതയും സാമൂഹിക അസ്വസ്ഥതയും പകർത്താൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്. ഉള്ളടക്കങ്ങൾ പൊതു സമാധാനത്തിനും ക്രമസമാധാനത്തിനും ഭീഷണിയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ജാൻമോണിക്കെതിരെ ഐടി ആൻഡ് സൈബർ നിയമങ്ങൾ പ്രകാരവും ഫണ്ടിംഗ് സ്രോതസ്സുകളെ കുറിച്ചും അന്വേഷിക്കണം. സോഷ്യൽ മീഡിയയിൽ നിന്ന് അപകീർത്തികരമായ പ്രസ്താവന നീക്കം ചെയ്യണം. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ തുടർന്നുള്ള ദിവസങ്ങളിൽ നേതാക്കന്മാർ പരാതി നൽകുമെന്ന് കെ കെ വിനോദ്കുമാർ അറിയിച്ചു.