ഇരിക്കൂർ കുഞ്ഞാമിന വധക്കേസ്: മുഖ്യപ്രതി അബ്ബാസ് അലി പത്ത് വർഷത്തിന് ശേഷം ഡൽഹിയിൽ പിടിയിൽ  

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഇരിക്കൂർ കുഞ്ഞാമിന വധക്കേസിലെ മുഖ്യപ്രതി പത്ത് വർഷത്തിന് ശേഷം പിടിയിലായി. ഡൽഹി സ്വദേശിയായ അബ്ബാസ് അലിയെയാണ് ക്രൈംബ്രാഞ്ച് സംഘം ഡൽഹിയിൽ നിന്ന് സാഹസികമായി അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് എസ്.പി. കെ.വി. വേണുഗോപാലിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വലയിലാക്കിയത്

 

 കണ്ണൂർ: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഇരിക്കൂർ കുഞ്ഞാമിന വധക്കേസിലെ മുഖ്യപ്രതി പത്ത് വർഷത്തിന് ശേഷം പിടിയിലായി. ഡൽഹി സ്വദേശിയായ അബ്ബാസ് അലിയെയാണ് ക്രൈംബ്രാഞ്ച് സംഘം ഡൽഹിയിൽ നിന്ന് സാഹസികമായി അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് എസ്.പി. കെ.വി. വേണുഗോപാലിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വലയിലാക്കിയത്.2016 ഏപ്രിൽ 30-നാണ് ഇരിക്കൂർ സിദ്ദിഖ് നഗറിലെ വീട്ടിൽ വെച്ച് മെരടൻ കുഞ്ഞാമിന (60) അതിക്രൂരമായി കൊല്ലപ്പെട്ടത്.

വസ്ത്രവ്യാപാരികളെന്ന വ്യാജേന സമീപത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന പ്രതികൾ കുഞ്ഞാമിനയുമായി അടുപ്പം സ്ഥാപിച്ച ശേഷമാണ് കൃത്യം നിർവഹിച്ചത്. സ്ക്രൂഡ്രൈവർ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം കുഞ്ഞാമിന ധരിച്ചിരുന്ന പത്ത് പവനോളം സ്വർണാഭരണങ്ങളും പണവും കവർന്ന് പ്രതികൾ കടന്നുകളയുകയായിരുന്നു.   കേസിൽ പ്രതിയുടെ കൂട്ടാളികളായ ഡൽഹി സ്വദേശിനികൾ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതിയായ അബ്ബാസ് അലി കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.