യൂത്ത് കോൺഗ്രസ് നേതാവ് ഫർസിൻ മജീദിന് വധഭീഷണി; കേസെടുത്ത് പോലീസ് അന്വേഷണമാരംഭിച്ചു
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും അധ്യാപകനുമായ ഫർസിൻ മജീദിന് ഗൾഫിൽ നിന്നു ഭീഷണി സന്ദേശം ലഭിച്ച സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തു.
മട്ടന്നൂർ: യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും അധ്യാപകനുമായ ഫർസിൻ മജീദിന് ഗൾഫിൽ നിന്നു ഭീഷണി സന്ദേശം ലഭിച്ച സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തു. ഭീഷണികോൾ വന്ന നമ്പർ അടക്കം ഉൾപ്പെടുത്തിക്കൊണ്ട് ഫർസിൻ മജീദ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
2022 ജൂൺ 13-ന് കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ വെച്ച് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് ഫർസിൻ മജീദിനെതിരെയും മറ്റ് രണ്ട് സഹപ്രവർത്തകർക്കെതിരെയും വധശ്രമക്കേസ് ചുമത്തിയിരുന്നു. എന്നാൽ വിചാരണ മുടങ്ങിപ്പോയ ആ കേസ് ഇപ്പോഴും വഴിയിൽ കിടക്കുകയാണ്.
അന്നത്തെ പ്രതിഷേധത്തിനിടെ ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന അനിലും പി.എ സുനീഷും തങ്ങളെ അകാരണമായി ആക്രമിച്ചതാണെന്ന് കാണിച്ച് ഫർസിൻ മജീദും സംഘവും നൽകിയ പരാതിയിൽ പ്രതികൾക്കെതിരായ മൊഴി നൽകിയ ശേഷമാണ് വധഭീഷണി ഉയർന്നിരിക്കുന്നത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോടതി നിർദേശപ്രകാരം തിരുവനന്തപുരം വലിയതുറ പോലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഫർസിൻ മൊഴി നൽകിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് തനിക്ക് നേരെ നിരന്തരമായി ഫോണിലൂടെയും അല്ലാതെയും വധഭീഷണി വരുന്നത് എന്ന് ഫർസിൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിന്നെ ഇല്ലാതാക്കുമെന്നാണ് ഭീഷണി.
നേരത്തെ സി.പി.എമ്മുകാരാൽ കൊല്ലപ്പെട്ട ഷുഹൈബിന്റെ ഗതി തന്നെ ഫർസിനും ഉണ്ടാകുമെന്നാണ് ഭീഷണി. അന്ന് ഭരണം ഉണ്ടായിരുന്നതാണ് ഫർസിനെ വധിക്കാനുള്ള തടസ്സമായി നിന്നതെന്നും, ഇപ്പോൾ ഭരണം ഇല്ലാത്തതുകൊണ്ട് നിഷ്പ്രയാസം ഇല്ലാതാക്കാമെന്നും ഭീഷണിപ്പെടുത്തുന്നവർ ഫോണിൽ പറഞ്ഞതായി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.