രാജ്യാന്തര ചലച്ചിത്രമേള : വിളംബര ടൂറിംഗ് ടാക്കീസിന് കണ്ണൂരിൽ ആവേശകരമായ സ്വീകരണം
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലചിത്ര മേളയോടനുബന്ധിച്ചുള്ള ടൂറിംഗ് ടാക്കീസ് വിളംബര ജാഥക്ക് ജില്ലയിൽ ആവേശകരമായ സ്വീകരണം.
കണ്ണൂർ : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലചിത്ര മേളയോടനുബന്ധിച്ചുള്ള ടൂറിംഗ് ടാക്കീസ് വിളംബര ജാഥക്ക് ജില്ലയിൽ ആവേശകരമായ സ്വീകരണം.
പയ്യന്നൂർ കണ്ടങ്കാളി ഷേണായി ഹയർസെക്കന്ററിസ്‌കൂളിൽ നടന്ന സ്വീകരണം ടിഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം പ്രസാദ് അധ്യക്ഷനായി. നാടക സിനിമാ നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി.
ചലച്ചിത്ര അക്കാദമി അംഗം മനോജ് കാന, ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പാൾ പിവി വിനോദ്കുമാർ, പ്രധാനധ്യാപകൻ സി സുധാകരൻ എന്നിവർ സംസാരിച്ചു. അക്കാദമി അംഗം പ്രദീപ് ചൊക്ലി സ്വാഗതവും റീജിനൽ കോർഡിനേറ്റർ പി കെ ബൈജു നന്ദിയും പറഞ്ഞു. ജയരാജിന്റെ ഒറ്റാൽ പ്രദർശിപ്പിച്ചു.
ചൊക്ലി നിടുമ്പ്രം മഠപ്പുരയിൽ നൽകിയ സ്വകരണ പരിപാടി മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സികെ രമ്യ അധ്യക്ഷയായി. സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി.
ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗം ജിത്തു കോളയാട്, പഞ്ചായത്ത് അംഗം കെ പ്രദീപ്, മഠപ്പുര കമ്മിറ്റി സെക്രട്ടറി രവീന്ദ്രൻ അട്ടംപ്പായി, പി കെ ബൈജു എന്നിവർ സംസാരിച്ചു. ടൂറിംഗ് ടാക്കീസ് സാരഥികളായ സജിത്ത് കോട്ടയിൽ, ആർ അരുൺ, ജോയ് ദാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രദീപ് ചൊക്ലി സ്വാഗതവും ഷിജു പുതുശേരി നന്ദിയും പറഞ്ഞു.