കണ്ണൂർ ജില്ലയിൽ 1225 ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളിൽ പരിശോധന; 78 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി, 9 കടകൾ അടച്ചുപൂട്ടി
ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്തുന്നതിനായുള്ള ഹെൽത്തി കേരളം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഭക്ഷ്യ -പാനീയ വിതരണ സ്ഥാപനങ്ങളിൽ ആരോഗ്യം, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന സംയുക്ത പരിശോധന ജില്ലയിൽ തുടരുന്നു.95 സ്ക്വാഡുകളാണ് ഇന്ന് (ചൊവ്വ) പരിശോധനകളിൽ പങ്കെടുത്തത്.
കണ്ണൂർ: ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്തുന്നതിനായുള്ള ഹെൽത്തി കേരളം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഭക്ഷ്യ -പാനീയ വിതരണ സ്ഥാപനങ്ങളിൽ ആരോഗ്യം, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന സംയുക്ത പരിശോധന ജില്ലയിൽ തുടരുന്നു.95 സ്ക്വാഡുകളാണ് ഇന്ന് (ചൊവ്വ) പരിശോധനകളിൽ പങ്കെടുത്തത്. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, ജൂസ് കടകൾ, തട്ടുകടകൾ, സോഡ- സോഫ്റ്റ് ഡ്രിങ്ക്- ഐസ് ഉൽപാദക കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ സ്ക്വാഡുകൾ പരിശോധന നടത്തി.
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുക, ശുചിത്വ ക്കുറവ്, മലിന ജലം പുറത്തേക്ക് ഒഴുക്കി വിടുക, മാലിന്യം ശരിയായി സംസ്ക്കരിക്കാതിരിക്കുക, പകർച്ച വ്യാധി പടരുന്ന സാഹചര്യം സൃഷ്ടിക്കുക, ഹെൽത്ത് കാർഡ്, ലൈസൻസ് , ജലഗുണനിലവാര സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാതെ പ്രവർത്തിക്കുക എന്നീ ന്യൂനതകൾ കണ്ടെത്തിയ 78 കടകൾക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരമുള്ള ലീഗൽ നോട്ടീസ് നൽകി.
വൃത്തി ഹീനമായ രീതിയിൽ പ്രവർത്തിച്ച പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ 8 കരിമ്പിൻ ജ്യൂസ് കടയും രാമന്തള്ളി പഞ്ചായത്തിലെ ഒരു പലചരക്ക് കടയും അടച്ചുപൂട്ടാൻ നിർദേശം നൽകി. ജല ഗുണ നിലവാര സർട്ടിഫിക്കേറ്റോ ജീവനക്കാരുടെ ഹെൽത്ത് കാർഡോ ഇല്ലാതെയായിരുന്നു ഇവ പ്രവർത്തിച്ചത്. അതോടൊപ്പം പൊതുസ്ഥലത്തെ പുകവലി നിയമ ലംഘനത്തിനും പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്തതിനും 12000 രൂപ കോട്പ ആക്ട് പ്രകാരവും വിവിധ നിയമ ലംഘനങ്ങൾക്ക് കേരള പഞ്ചായത്തീ രാജ് ആക്ട് പ്രകാരം 17000 രൂപയും പിഴ ഈടാക്കി. കടകളുടെ വാട്ടർ ടാങ്കിന്റെ ശുചിത്വം, ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ എന്നിവയും സ്ക്വാഡുകൾ പരിശോധിച്ചു.
ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താൻ തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന ശക്തി പെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.