കണ്ണൂർ കോർപറേഷനിലെ അനധികൃത തെരുവ് കച്ചവടം നിയന്ത്രിക്കും

കോർപ്പറേഷൻ പരിധിയിൽ അനുദിനം വർദ്ധിച്ച് വരുന്ന തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കുമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ. അനധികൃത ബങ്കുകളും തെരുവ് കച്ചവടവും നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ട്രേഡ് യുനിയൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനം. 

 

കണ്ണൂർ: കോർപ്പറേഷൻ പരിധിയിൽ അനുദിനം വർദ്ധിച്ച് വരുന്ന തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കുമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ. അനധികൃത ബങ്കുകളും തെരുവ് കച്ചവടവും നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ട്രേഡ് യുനിയൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനം. 

മാരക രോഗങ്ങളും പകർച്ചവ്യാധികളും പടരുന്ന സാഹചര്യത്തിൽ യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ വൃത്തിഹീനമായ രീതിയിൽ തട്ട് കടകളടക്കം പ്രവർത്തിച്ച് വരുന്നുണ്ട്. ഈ സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ സമീപത്തുള്ള ഓടകളിൽ തള്ളുന്നതായും കാണുന്നുണ്ട്. 

ജീവനോപാധി എന്ന നിലയിലാണ് പല ബങ്കുകളും അനുവദിച്ചതെങ്കിലും ഒരാളുടെ കീഴിൽ തന്നെ ഒന്നിലധികം ബങ്കുകൾ നിലവിലുണ്ട്. ഇങ്ങനെയുള്ള ബങ്കുകൾ അന്യസംസ്ഥാന തൊഴിലാളികളെ വെച്ച് കച്ചവടം നടത്തുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള സ്ഥാപനങ്ങൾ സർവേ നടത്തി കണ്ടെത്തുകയും കാൽ നടയാത്രക്കും ഗതാഗതത്തിനും തടസമാകുന്ന രീതിയിലുള്ള സ്ഥാപനങ്ങൾ നീക്കം ചെയ്യുന്നതിനും അർഹതപ്പെട്ടവരെ വെൻഡിംഗ് സോണുകൾ നിശ്ചയിച്ച് പുനരധിവസിപ്പിക്കുന്നതിനും തീരുമാനിച്ചു.

യോഗത്തിൽ ഡെപ്യൂട്ടി മേയർ പി ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ രാഗേഷ്, എം പി രാജേഷ് . വി കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, മുൻ മേയർ ടി.ഒ മോഹനൻ , ടി രവീന്ദ്രൻ, എൻ ഉഷ, കെ.പി. സുധാകരൻ, സി. എറമുളാൻ , എം ഗംഗാധരൻ, രാഹുൽ കായക്കൂൽ, ബാബു ഒതയോത്ത്, നിഷാത്ത്, പ്രഭാകരൻ സജീവൻ,കോർപ്പറേഷൻ സെക്രട്ടറി ടി.ജി അജേഷ് എന്നിവർ സംസാരിച്ചു.