കണ്ണൂർ ചമ്പാടിൽ മദ്യ കടത്തിനിടെ എക്സൈസിനെ വെട്ടിച്ചു കടന്നു കളഞ്ഞ യുവാവിൻ്റെ വീട്ടിൽ അനധികൃത ബാർ കണ്ടെത്തി

ബൈക്കിൽ നാല് കെയ്‌സ് മാഹി മദ്യം കടത്തവെ എക്സൈസ് പിടിയിൽ നിന്നും രക്ഷപ്പെട്ട യുവാവിനെതിരെ എക്സൈസ് അബ്കാരി കേസെടുത്തു തെരച്ചിൽ ഊർജ്ജിതമാക്കി.  

 

പാനൂർ : ബൈക്കിൽ നാല് കെയ്‌സ് മാഹി മദ്യം കടത്തവെ എക്സൈസ് പിടിയിൽ നിന്നും രക്ഷപ്പെട്ട യുവാവിനെതിരെ എക്സൈസ് അബ്കാരി കേസെടുത്തു തെരച്ചിൽ ഊർജ്ജിതമാക്കി. തിരുവനന്തപുരം സ്വദേശി സുജിൻ ക്രിസ്തുദാസിനെതിരെയാണ് നടപടി.

കഴിഞ്ഞ ദിവസം ഇയാൾKL 74 A 0241 നമ്പർ ബൈക്കിൽ മാഹി മദ്യം കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൂത്തുപറമ്പ് എക്സൈസ് ഇൻസ്‌പെക്ടർ ജിജിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചമ്പാട് വെച്ച് വാഹന പരിശോധന നടത്തുകയായിരുന്നു. ഈ സമയം ഇതു വഴി വന്ന യുവാവ് എക്സൈസ് കൈ കാണിച്ചിട്ടും ബൈക്ക് നിർത്താതെ പോയി. 

സിവിൽ എക്സൈസ് ഓഫീസർ സുബിൻ സഞ്ചരിച്ച ബൈക്കിനെയും മറ്റൊരു യാത്രക്കാരന്റെ ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ചാണ് രക്ഷപ്പെട്ടത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളും കണ്ണൂർ എക്സൈസ് സൈബർ സെല്ലിന്റെ സഹായവും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ബൈക്ക് ഓടിച്ചിരുന്നത് തിരുവനന്തപുരം സ്വദേശി സുജിൻ ക്രിസ്തുദാസാണെന്ന് കണ്ടെത്തി. പൂക്കോട് പാറാൽ പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന ഇയാളുടെ വാടകവീട്ടിൽ പരിശോധന നടത്തിയപ്പോൾ സുജിൻ അവിടെ നിന്നും കടന്നുകളഞ്ഞെങ്കിലും ബൈക്ക് കസ്റ്റഡിയിലെടുത്തു.

വീട്ടിൽ നടത്തിയ പരിശോധനയിൽ 4.125 ലിറ്റർ മാഹി മദ്യം, 300 ഓളം ഒഴിഞ്ഞ മദ്യക്കുപ്പികൾ എന്നിവയും കണ്ടെത്തി. വാടകവീട്ടിൽ ബാറിന് സമാനമായി സംവിധാനങ്ങൾ ഒരുക്കി മദ്യവിൽപ്പന നടത്തിവരികയായിരുന്നു ഇയാൾ.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.സി. ഷാജി, അശോകൻ കല്ലോറാൻ, പ്രിവന്റീവ് ഓഫീസർമാരായ ഷാജി അളോക്കൻ, പ്രജീഷ് കോട്ടായി, പി. റോഷിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രനിൽകുമാർ, എം. സുബിൻ, എൻ.സി. വിഷ്ണു, സി.കെ. സജേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. സൈബർ സെല്ലിലെ പ്രിവന്റീവ് ഓഫീസർ ടി. സനലേഷ്, സിവിൽ എക്സൈസ് ഓഫീസർ സുഹീഷ് എന്നിവരും തുടരന്വേഷണ സംഘത്തിലുണ്ട്.