സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ കുറവ് കണ്ണൂർ ജില്ലയിൽ; ഐ.ജി കെ. സേതുരാമൻ

കേരളത്തിൽ ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ നടക്കുന്ന ജില്ല കണ്ണൂരാണെന്നും ജനങ്ങളെ ചേർത്തു പിടിച്ചുള്ള നിയമപാലനവും രാഷ്ട്രീയ പക്വതയും ഒപ്പം മുഖ്യമന്ത്രിയുടെ ജില്ല എന്നതും കുറ്റകൃത്യങ്ങൾ കുറയാനുള്ള കാരണമായി എന്നും ഐ.ജി കെ. സേതുരാമൻ.
 

തളിപ്പറമ്പ: കേരളത്തിൽ ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ നടക്കുന്ന ജില്ല കണ്ണൂരാണെന്നും ജനങ്ങളെ ചേർത്തു പിടിച്ചുള്ള നിയമപാലനവും രാഷ്ട്രീയ പക്വതയും ഒപ്പം മുഖ്യമന്ത്രിയുടെ ജില്ല എന്നതും കുറ്റകൃത്യങ്ങൾ കുറയാനുള്ള കാരണമായി എന്നും ഐ.ജി കെ. സേതുരാമൻ. കേരള പോലീസ് അസോസിയേഷൻ രണ്ടാമത് കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം ഡ്രീംപാലസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് നടപ്പാക്കപ്പെട്ട പുതിയ ക്രിമിനൽ നടപടി നിയമം പോലീസിന് അമിതാധികാരം നൽകുന്നുവെന്നതിനാൽ ദുഷ്പ്രവണതകൾ കടന്നുവരാനുള്ള സാധ്യതകളേറെയാണ്. നിയമപരിപാലന രംഗത്ത് അമിതാധികാരം കൈവരുന്നിടത്ത് ദുഷ്പ്രവണതയ്ക്കുള്ള സാധ്യതയേറും. എന്നാൽ അതില്ലാതെ സാധാരണക്കാർക്കായി നീതി നടപ്പാക്കുകയെന്നത് കടുത്ത വെല്ലുവിളി തന്നെയാനിന്നും അദ്ദേഹം പറഞ്ഞു. 

സാമൂഹ്യ സാഹചര്യങ്ങൾ കണക്കിലെടുത്താണ് പൊതുവേ നിയമം ആവിഷ്‌കരിക്കുന്നത്. അവിടങ്ങളിൽ 60 ശതമാനത്തിന് മുകളിലാണ് കൈക്കൂലി. എന്നാൽ കേരളത്തിൽ കൈക്കൂലിയുടെ അനുപാതം കേവലം നാല് ശതമാനമാണ്. മൂന്നര കോടി മലയാളികളുള്ള കേരളത്തിൽ മാധ്യമങ്ങളുടെ ഗൗരവതരമായ ഇടപെടൽ ലോകത്ത് മറ്റൊരിടത്തുമില്ലാത്ത സവിശേഷതയാണ്. ഇത്രയധികം അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ സജീവമായ ഇടപെടൽ മറ്റെവിടെയും കാണാൻ കഴിയാത്തതാണ്. 

പലപ്പോഴും പോലീസിനെ കുറ്റപ്പെടുത്തുന്ന തരത്തിൽ വാർത്തകൾ വരുമ്പോഴും മാധ്യമങ്ങളുടെ നിരീക്ഷണങ്ങൾ സമൂഹ ത്തിന് നിർണായകമായ കാര്യമാണ്. നിയമത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്താൻ ഇത് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ പ്രസിഡണ്ട് ടി.വി ജയേഷ് അധ്യക്ഷത വഹിച്ചു. ഹേമലത ഐ പി എസ് മുഖ്യാതിഥിയായി. ഇരിട്ടി എ.എസ്.പി. യോഗേഷ് മന്ദയ്യ, റൂറൽ അഡീ. എസ്.പി. എം.പി.വിനോദ്, അസോസിയേ ഷൻ സംസ്ഥാന പ്രസിഡണ്ട് എസ്.ആർ.ഷിനോദാസ്, ഡിവൈ. എസ്.പിമാരായ പ്രദീപൻ കണ്ണിപ്പൊയിൽ, കെ.വിനോദ്‌കുമാർ, എം.കെ.കീർത്തിബാബു. ധനഞ്ജയബാബു, എ.വി.ജോൺ, രമേശൻ വെള്ളോറ, രാജേഷ് കടമ്പേരി, കെ.പി.അനീഷ്, ടി.പ്ര ജീഷ്, ടി.ബാബു, കെ.രാജേഷ്, കെ.പ്രവീണ, എൻ.വി.രമേശൻ, വി.സിനീഷ്, എം.വി.അനിരുദ്ധ്, എം.ഗോവിന്ദൻ, ഇ.വി പ്രദീപൻ, കെ.പ്രിയേഷ്, വി.വി.വിജേഷ്, കെ.പി.സനിത്ത്, ഇ.സുമേഷ്, ഇ. ആർ.സുരേഷ് പ്രസംഗിച്ചു. എം.ദിനേശ്‌കുമാർ സ്വാഗതവും ശോഭൻ ബാബു നന്ദിയും പറഞ്ഞു.