കളരിവാതുക്കൽ ക്ഷേത്രത്തിലെ ആചാരലംഘനം; ഹിന്ദു ഐക്യവേദി ക്ഷേത്രരക്ഷാ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

കളരിവാതുക്കല്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ ജമാത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ആചാരലംഘനം നടത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ക്ഷേത്രരക്ഷാ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു.

 

വളപട്ടണം: കളരിവാതുക്കല്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ ജമാത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ആചാരലംഘനം നടത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ക്ഷേത്രരക്ഷാ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. വളപട്ടണം കളരി വാതുക്കല്‍ ക്ഷേത്രനടയില്‍ നടന്ന പ്രതിഷേധ പരിപാടി ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. ശ്യാം മോഹന്‍ ഉദ്ഘാടനം ചെയ്തു.

ദേവസ്വം ബോര്‍ഡിന് ദേവന്റെ സ്വത്ത് സംരക്ഷിക്കാനാവുന്നില്ലെന്നും ക്ഷേത്ര സ്വത്ത് പൊതുഇടമാക്കി മാറ്റാന്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് കളരിവാതുക്കലില്‍ നടന്ന ആചാരലംഘനമെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. കപട രാഷ്രീയക്കാരുടെ പിടിയില്‍ നിന്ന് ക്ഷേത്രങ്ങളെയും ദേവസ്വത്തെയും മോചിപ്പിച്ച് വിശ്വാസികളെ ക്ഷേത്രഭരണം ഏല്‍പിക്കണം.

ശ്രീകൃഷ്ണ ജയന്തിക്കും ഗണേശോത്സവത്തിനും വിശ്വാസികള്‍ക്ക് ക്ഷേത്ര നട അനുവദിക്കില്ലെന്ന് രേഖാമൂലം എഴുതി നല്കുന്ന ദേവസ്വം ബോര്‍ഡുകളാണ് കേരളത്തിലുള്ളത്. അവരാണ് ജമാത്തെ ഇസ്ലാമിക്ക് ആചാര ലംഘനം നടത്താന്‍ ക്ഷേത്രം തുറന്നു കൊടുത്തത്. കളരിവാതുക്കലില്‍ ആചാരലംഘനത്തിന്ന് കൂട്ടു നിന്നത് മലബാര്‍ ദേവസ്വം ബോര്‍ഡ് തന്നെയാണ്.

പൈതൃക യാത്രയുടെ പേരില്‍ ജമാ അത്തെ ഇസ്ലാമിയും വെല്‍ഫയര്‍ പാര്‍ട്ടിയും നടത്തിയ പരിപാടിക്ക് ക്ഷേത്ര മുറ്റത്ത് മൗനാനുവാദം നല്‍കിയവര്‍ക്കെതിരെ നടപടി വേണം. ഇക്കാര്യത്തില്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണം. വഖഫ് കരിനിയമ കുടിയിറക്ക് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കളരി വാതുക്കല്‍ക്ഷേത്ര ആചാരലംഘനം വിശ്വാസി സമൂഹം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ശ്യാം മോഹന്‍ അധികാരികളെ  ഓര്‍മ്മിപ്പിച്ചു.

സംഭവത്തില്‍ ക്ഷേത്ര വിശ്വാസികളുടെ സംഘടിത പ്രതിഷേധം അലയടിക്കും പുനരു ദ്ധാരണ കമ്മിറ്റിയെ പിരിച്ചു വിട്ടതുകൊണ്ടായില്ല. കമ്മിറ്റിയല്ല എക്‌സിക്യൂട്ടീവ് ഓഫീസറും ദേവസ്വത്തിന്റെ സെക്യൂരിറ്റി സംവിധാനവുമാണ് ഇവിടെ വീഴ്ച വരുത്തിയിട്ടുള്ളതെന്നും കര്‍ശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വാസികള്‍ ഉല്‍ക്കണ്ഠാകുലരാണ്. പുണ്യാഹം തെളിച്ചതു കൊണ്ടായില്ല സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചടങ്ങില്‍ ഹിന്ദു ഐക്യ വേദി ജില്ലാ പ്രസിഡന്റ് ഡോ. വി.എസ്. ഷേണായി അധ്യക്ഷത വഹിച്ചു. കെ.ജി. ബാബു, രവീന്ദ്രനാഥ് ചേലേരി, എ. രജിത, ടി.പി. സതീശന്‍, പി.കെ. ശ്രീജിത്ത്, പ്രേമന്‍ കൊല്ലമ്പറ്റ, ടി. സുകേഷ് , പ്രമോദ് മാറോളി, നിധിന്‍ ചാലാടന്‍ തുടങ്ങിയ ഹിന്ദു ഐക്യവേദിയുടെ നേതാക്കള്‍ പ്രസംഗിച്ചു. വിവിധ ആധ്യാത്മിക സംഘടനകള്‍, മാതൃ സമിതികള്‍, ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.