കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ചാച്ചാജി വാർഡ് പൊളിക്കുന്നതിന് ഹൈക്കോടതി വിലക്ക്

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ചാച്ചാജി വാർഡ് പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. നിയമവിരുദ്ധ നിർമ്മാണം തടയാൻ ചീഫ് സെക്രട്ടറി ഉൾപ്പെടെ 8 പേർക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.

 

പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ചാച്ചാജി വാർഡ് പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. നിയമവിരുദ്ധ നിർമ്മാണം തടയാൻ ചീഫ് സെക്രട്ടറി ഉൾപ്പെടെ 8 പേർക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. ചാച്ചാജി വാർഡ് എന്നറിയപ്പെടുന്ന കെട്ടിടം സി പി എം നിയന്ത്രണത്തിലുളള സൊസൈറ്റി നിയമ വിരുദ്ധമായി പൊളിക്കുകയും പുതുക്കിപ്പണിയുകയും കൂട്ടി എടുക്കുകയും ചെയ്‌ത് വ്യാപാര ആവശ്യ ത്തിന് ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ പരിയാരം മെഡിക്കൽ കോളേജ് വികസന സൊസൈറ്റി എക്സിക്യൂട്ടീവ് മെമ്പറായിരുന്ന അഡ്വ. രാജീവൻ കപ്പച്ചേരി കേരള ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് നിയമവിരുദ്ധമായി നടത്തുന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും തടയാൻ കലക്ട‌ർക്ക് ചീഫ് ജസ്റ്റീസ് ഉത്തരവ് നൽകിയത്. 

കൂടാതെ ചീഫ് സെക്രട്ടറി, ഡയറക്‌ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ, മെഡിക്കൽ സൂപ്രണ്ട്, പി ഡബ്ലു ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ, പാംകോസ് സെക്രട്ടറി എന്നിവർക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടത്. ഹർജിക്കാരനു വേണ്ടി ഹൈക്കോടതി അഭിഭാഷക അലീന അനബല്ലി ഹാജരായി.

കയ്യേറ്റത്തിനെതിരെ അഡ്വക്കേറ്റ് രാജീവൻ കപ്പച്ചേരി ഈ മാസം 5 ന് കലക്ടർക്ക് നൽകിയ പരാതിയിൽ കലക്‌ടർ കൈയ്യേറ്റം തടഞ്ഞ് കൊണ്ട് ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവ് അടുത്ത എച്ച് ഡി സി കമ്മറ്റിവരെയായിരുന്നു. ഇതേത്തുടർന്ന് ഉത്തരവ് സ്ഥിരപ്പെടുത്താൻ ഇക്കഴിഞ്ഞ 13 ന് രാജീവൻ കപ്പച്ചേരി കലക്ട‌ർക്ക് വീണ്ടും അപേക്ഷ നൽകിയിരുന്നു. പ്രസ്‌തുത ഉത്തരവ് സ്ഥിരപ്പെടുത്തുന്നതിനാണ് ഹൈക്കോടതിയെ സമീപിച്ചത്.

രോഗികളുടെ ക്ഷേമത്തിനും ആശുപത്രിയുടെ വികസനത്തിനും ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഒരു ചെറിയ വിഭാഗം സൊസൈറ്റി അംഗങ്ങളുടെ കൈയ്യേറ്റഫലമായി നഷ്ടമാകുന്നതും ഇത്തരം കൈയ്യേറ്റങ്ങളെ തടയേണ്ട ഉദ്യോഗസ്ഥന്മാർ മൗനാനുവാദം നൽകുന്നതും സഹായിക്കുന്നതും പൊതുസമൂഹത്തോട് കാണിക്കുന്ന നീതികേടാണ്. ഇത്തരം നീതികേട് ഒരു പാർട്ടിയുടെ നയമായി മാറുന്നത് തടയേണ്ടത് അനിവാര്യമായതിനാലാണ് കോടതിയെ സമീപിച്ചതെന്ന് അഡ്വ.രാജീവൻ കപ്പച്ചേരി പറഞ്ഞു.