കണ്ണൂരിൻ്റെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു,രക്ഷാപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടുപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി ഹനീഫയ്ക്കും രാജേഷിനുമായി തെരച്ചിൽ ഊർജ്ജിതമാക്കി

പയ്യന്നൂര്‍ താലൂക്കിലെ മീന്തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ട സേവ്യര്‍ എന്നയാളെ രക്ഷപ്പെടുത്തുന്നതിനിടെ തിരുവനന്തപുരം സ്വദേശിയായ നീന്തല്‍ പരിശീലകന്‍ രാജേഷ് ആണ് ഒഴുക്കില്‍പ്പെട്ടത്. ഇദ്ദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. 

 

പയ്യന്നൂര്‍ താലൂക്കിലെ മീന്തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ട സേവ്യര്‍ എന്നയാളെ രക്ഷപ്പെടുത്തുന്നതിനിടെ തിരുവനന്തപുരം സ്വദേശിയായ നീന്തല്‍ പരിശീലകന്‍ രാജേഷ് ആണ് ഒഴുക്കില്‍പ്പെട്ടത്. ഇദ്ദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. 

ഇരിട്ടി താലൂക്ക് മണത്തണ വില്ലേജിലെ കൊട്ടംചുരത്തുള്ള ഹനീഫ വയല്‍ പീടികയില്‍ (40) എന്നയാളെ കാഞ്ഞിരപ്പുഴയില്‍ വീണ് കാണാതായി. പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിവരുന്നു.

പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. വീടുകളിലും കടകളിലും വെള്ളം കയറി വലിയ നാശനഷ്ടങ്ങളുണ്ടായി.

ഇരിട്ടി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊട്ടിയൂര്‍ പാല്‍ചുരത്തില്‍ ചെകുത്താന്‍ തോടിന് സമീപം ശക്തമായ മണ്ണിടിച്ചിലുണ്ടായി. വലിയ പാറക്കല്ലുകളും മണ്ണും റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. ജില്ലയില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴയില്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലും കണ്ണൂര്‍ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്‌സ് ടൗണ്‍-പാല്‍ചുരം റോഡില്‍ ആഗസ്റ്റ് ഒന്നിന് വൈകീട്ട് 6 മണി മുതല്‍ ആഗസ്റ്റ് രണ്ടിന് രാവിലെ 6 മണി വരെ രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് ഉത്തരവിട്ടു. പാല്‍ചുരത്തില്‍ മണ്ണിലിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഇതുവഴി വരേണ്ട വാഹനങ്ങള്‍ ബോയ്സ് ടൗണില്‍ നിന്നും കൊട്ടിയൂരില്‍ നിന്നും വഴി തിരിച്ചുവിട്ടു.

ജില്ലയിൽ ആകെ 7 ദുരിതാശ്വാസ ക്യാമ്പുകളിലായി 386 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഇതിൽ 164 സ്ത്രീകളും 121 പുരുഷന്മാരും 101 കുട്ടികളുമാണ്. ഇതിന് പുറമെ നിരവധി പേരെ ബന്ധുവീടുകളിലേക്ക് മാറ്റി.

നാല് ക്യാമ്പുകൾ ഇരിട്ടി താലൂക്കിലും മൂന്നെണ്ണം തളിപ്പറമ്പ് താലൂക്കിലുമാണ്. ഇരിട്ടി താലൂക്കിലെ ക്യാമ്പുകളിൽ 162 പേരാണുള്ളത്. വയത്തൂർ നൂറുൽ ഹുദാ മദ്രസ, വയത്തൂർ കോളിത്തട്ട് സെന്റ് ജോൺസ് എൽ പി സ്കൂൾ, ആറളം ഓമനമുക്ക് അംഗനവാടി, ആറളം കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.

തളിപ്പറമ്പ് താലൂക്കിൽ എരുവേശ്ശി വില്ലേജിലെ രത്നഗിരി സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്‌കൂൾ, വെള്ളാട് വില്ലേജിലെ കാപ്പിമല വിജയഗിരി ജിയുപിഎസ്, പയ്യാവൂർ വില്ലേജിൽ ചന്ദനക്കാംപാറ ചെറുപുഷ്പം സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. എരുവേശ്ശി വില്ലേജിലെ മാന്ധംകുണ്ട് പുഴയിൽ ജലനിരപ്പ്‌ ഉയർന്നതിനാലാണ് മുൻകരുതലായി ആറ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്. ചീത്തംപാറ ഉന്നതി നിവാസികളായ 140 പേരാണ് ചന്ദനക്കാംപാറ ക്യാമ്പിലുള്ളത്.

ഇരിട്ടി താലൂക്ക് വയത്തൂര്‍ വില്ലേജിലെ ഉളിക്കല്‍ പേരട്ട തൊട്ടിപ്പാലം മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. എട്ട് കുടുംബങ്ങളെ നൂറുല്‍ ഹുദ മദ്രസ കെട്ടിടത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വീടുകളില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി. 9 പുരുഷന്‍മാരും എട്ട് സ്ത്രീകളും 9 കുട്ടികളും ഉള്‍പ്പെടെ 26 പേരെയാണ് മാറ്റിത്താമസിപ്പിച്ചത്.

ഇതേ വില്ലേജില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കോളിത്തട്ട് സെന്റ് ജോണ്‍സ് എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് 11 പുരുഷന്‍മാരും 10 സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 26 പേരെ മാറ്റിത്താമസിപ്പിച്ചു. ശക്തമായ മഴയില്‍ കക്കോപ്പുഴയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ആറളം ഫാമിന്റെ 11, 13 ബ്ലോക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ രണ്ട് ക്യാംപുകളിലേക്ക് മാറ്റി. 16 പുരുഷന്‍മാരും 15 സ്ത്രീകളും 19 കുട്ടികളും ഉള്‍പ്പെടെ 50 പേരെ ഓമനമുക്ക് അംഗനവാടിയിലേക്കും 5 പുരുഷന്‍മാരും 35 സ്ത്രീകളും 20 കുട്ടികളും ഉള്‍പ്പെടെ 60 പേരെ കമ്മ്യൂണിറ്റി ഹാളിലേക്കുമാണ് മാറ്റിത്താമസിപ്പിച്ചത്.

ബാവലിപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ പാലപ്പുഴ പാലത്തില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ബാവലിപ്പുഴ നിറഞ്ഞൊഴുകുന്നതിനാല്‍ പാല്‍ച്ചുരം ഉന്നതിയിലെ വെള്ളം കയറാന്‍ സാധ്യതയുള്ള കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.

ഇരിട്ടി താലൂക്കിലെ വയത്തൂര്‍ അറബിക്കുളത്തിന് സമീപം രണ്ടാംകൈയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് സുധീഷ് നടുവിലെപുരക്കല്‍ എന്നയാളുടെ വീട്ടില്‍ ഭാഗികമായി വെള്ളം കയറി. കുടുബാംഗങ്ങളെ ബന്ധു വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു.

പുഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വട്ടിയാംതോട് പാലത്തില്‍ വെള്ളം കയറി. ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ മണിക്കടവ് ചപ്പാത്ത് പാലം വെള്ളത്തിനടിയിലായി. പയ്യന്നൂര്‍ താലൂക്കിലെ പുളിങ്ങോം വില്ലേജില്‍ പല ഭാഗങ്ങളിലും വെള്ളം കയറി. കര്‍ണാടക വനാന്തര്‍ഭാഗത്ത് ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് കാര്യങ്കോട് പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണിത്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിച്ചാല്‍ ഇടക്കോളനിയിലെ തുരുത്തില്‍ താമസിക്കുന്ന അഞ്ചു കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കാനം വയല്‍ കോളനിയില്‍ പുഴയോട് ചേര്‍ന്ന് താമസിക്കുന്ന രണ്ടു കുടുംബങ്ങളെയും മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. പുളിങ്ങോം വില്ലേജിലെ ഇടവരമ്പയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 10 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.

പുഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ മാവുന്തോട് ആനയടിപ്പാലം തകര്‍ന്നു. ചന്ദനക്കാംപാറ - ഏറ്റുപാറ റോഡിലാണ് ഈ പാലം. ഒഴുകിവന്ന മരത്തടി പാലത്തിന്റെ തൂണില്‍ ഇടിച്ചാണ് പാലം തകര്‍ന്നത്.

പയ്യന്നൂര്‍ താലൂക്കിലെ മാടായി വേങ്ങര കക്കാടപ്പുറത്ത് കൊടക്ക ബാലകൃഷ്ണന്‍, ഭാര്യ ജാനകി എന്നിവര്രുടെ മണ്‍കട്ട വീട് തകര്‍ന്ന് വീണു. അപകട സമയത്ത് ഇരുവരും മകന്റെ വീട്ടിലായിരുന്നതിനാല്‍ ആളപായമുണ്ടായില്ല.

തലശ്ശേരി താലൂക്കിലെ തിരുവങ്ങാട് വില്ലേജ് വയലളം ദേശത്ത് ഊരാന്‍കോട്ട് ഹെവന്‍ വീട്ടില്‍ സനീഷ് എന്നയാളുടെ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ആളപായമില്ല.

തളിപ്പറമ്പ് താലൂക്കിലെ മണിക്കടവ് ടൗണില്‍ കടകളില്‍ വെള്ളം കയറി. പാനൂര്‍ അണിയാരം ശിവക്ഷേത്രം വളപ്പിലെ കിഴക്ക് ഭാഗം മതില്‍ കനത്ത മഴയില്‍ തകര്‍ന്നു.പാണപ്പുഴ വില്ലേജ് ഏര്യം കുപ്പേരിയില്‍ സല്‍മാന്‍ ഫാരിസ് എന്നയാളുടെ വീടിന് സമീപം മണ്ണിടിഞ്ഞു വീണു. ആളപായമില്ല.

ശനിയാഴ്ച്ച മൂന്ന് തവണ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ ആയ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഓൺലൈൻ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, വെള്ളക്കെട്ട്, ഗതാഗത തടസ്സം തുടങ്ങിയവ ഉണ്ടാവാനിടയുള്ള പ്രദേശങ്ങളില്‍ അവ നേരിടാനുള്ള അടിയന്തര സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ക്യാംപുകളിൽ അവശ്യസാധനങ്ങൾ ഒരുക്കാൻ നിർദേശം നൽകി. കടല്‍ത്തീരങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്നവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ശക്തമായ കാറ്റ് ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അപകടസാധ്യതയുള്ള മരങ്ങള്‍ ഉടന്‍ മുറിച്ചുനീക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

എഡിഎം പി.എന്‍ പുരുഷോത്തമന്‍, ഡിഎം ഡെപ്യൂട്ടി കലക്ടര്‍ കെ.കെ സുബൈര്‍, കണ്ണൂർ റൂറൽ എസ്.പി ഉമേഷ്‌ ഗോയൽ, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, കോർപ്പറേഷൻ, നഗരസഭ സെക്രട്ടറിമാർ എന്നിവരെ വിളിച്ചുചേർത്തു മറ്റൊരു യോഗവും ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.