പുഷ്പൻ്റെ വിയോഗം: പാനൂരിൽ നാളെ ഹർത്താൽ
കുത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പ്പന്റെ വിയോഗത്തിൽ അനുശോചിച്ച് 29ന് പാനൂർ മേഖലയിൽ സി.പി.എം ഹർത്താൽ നടത്തും.
കണ്ണൂർ: കുത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പ്പന്റെ വിയോഗത്തിൽ അനുശോചിച്ച് 29ന് പാനൂർ മേഖലയിൽ സി.പി.എം ഹർത്താൽ നടത്തും. ഞായറാഴ്ച്ച രാവിലെ എട്ടുമണിക്ക് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്നും ഭൗതിക ശരീരം തലശേരിയിൽ കൊണ്ടുവരും.
തലശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയ്ക്ക് ഒന്നര മുതൽ കാഞ്ഞിരത്തിൻ കീഴിൽ രാമവിലാസം സ്കൂൾ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകിട്ട് അഞ്ചു മണിക്ക് സംസ്കാരം നടത്തും.
കൂത്തുപറമ്പ് സമരപോരാട്ടത്തിലെ അഞ്ച് രക്തനക്ഷത്രങ്ങള്‍ക്കൊപ്പം പുഷ്പനും ഇനി ജ്വലിച്ചു നില്‍ക്കും. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് പുഷ്പന്‍ നാടിനോട് വിടപറഞ്ഞത്. നീതി നിഷേധിക്കപ്പെട്ടവര്‍ക്കായി ഒരു മുദ്രാവാക്യമെങ്കിലും വിളിക്കാന്‍ പറ്റാതെയിരിക്കുന്നതിലും ഭേദം മരണമെന്നായിരുന്നു സഹനങ്ങളത്രയും താണ്ടിയിട്ടും ജീവിതാന്ത്യത്തിലും പുഷ്പന്റെ നിലപാട്.
കഠിനവേദനയിലും പുഞ്ചിരി മായാത്ത മുഖവുമായാണ് പുഷ്പനെയെന്നും നാട് കണ്ടത്. നിരാശയുടെ ഒരു ലാഞ്ഛനപോലും പുഷ്പനില്‍ ആരും കണ്ടിട്ടുണ്ടാവില്ല. അത്രയും മനക്കരുത്തും രാഷ്ട്രീയ ബോധ്യവും പുഷ്പന് അന്നുതൊട്ടിന്നോളമുണ്ടായിരുന്നു.
1994 നവംബര്‍ 25നാണ് നാഡി തുളച്ചുകയറിയ വെടിയുണ്ടയേറ്റ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പുഷ്പന്‍ വീണുപോയത്. ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കുള്ള യാത്രയായിരുന്നു പിന്നീട്. ലഭിക്കാവുന്ന എല്ലാ ചികിത്സയും പുഷ്പന് പ്രസ്ഥാനം ഉറപ്പുവരുത്തി. ഭരണകൂട ഭീകരതയുടെ അടയാളമായിരുന്നു പുഷ്പന്‍. 30 വര്‍ഷത്തോളം തളര്‍ന്നു കിടന്ന പുഷ്പന്‍ അക്ഷരാര്‍ഥത്തില്‍ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു. വെടിയേറ്റ് പൂര്‍ണമായി കിടപ്പിലായിട്ടും ഇത്രയും നാള്‍ ജീവിച്ചിരുന്ന മറ്റൊരാള്‍ കേരളത്തിലില്ല.