വ്യാജ പീഡന പരാതി നല്‍കി ലോഡ്ജ് ഉടമയില്‍ പണം തട്ടാന്‍ ശ്രമം; നിരവധി  കേസുകളിലെ പ്രതിയായ മടിക്കൈസ്വദേശി റിമാന്‍ഡില്‍

 

 തലശേരി:മാഹിറെയില്‍വെ സ്‌റ്റേഷന്‍ ലോഡ്ജില്‍ മുറിയെടുത്തു താമസിക്കവെ  ഭാര്യയെ ലോഡ്ജ് ജീവനക്കാരാന്‍ പീഡിപ്പിച്ചെന്ന വ്യാജപരാതി നല്‍കിയ ഭര്‍ത്താവെന്നു നടിച്ച നിരവധി  ക്രിമിനല്‍ കേസുകളിലെ  പ്രതി അറസ്റ്റില്‍.

ലോഡ്ജ് ഉടമയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ നടത്തിയ ആസൂത്രിത നീക്കമാണ് ഇതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ അകത്തായത്.  കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ഇക്ബാലിനെയാണ് (61) മാഹി പൊലിസ് അറസ്റ്റു ചെയ്തു മാഹി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന സ്ത്രീ ഭാര്യയല്ലെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, എര്‍ണാകുളം, ആലുവ, തിരുവനന്തപുരം, കോഴിക്കോട്  തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കൈനോട്ടക്കാരനാണെന്ന് പറഞ്ഞാണ് .അറുപത്തിമൂന്നുവയസുകാരിയായ  സ്ത്രീക്കൊപ്പം ഇയാള്‍ മാഹി റെയില്‍വെ സ്‌റ്റേഷന്‍ റോഡിലെ ലോഡ്ജ് മുറിയില്‍ മുറിയെടുത്തിരുന്നത്. താന്‍ പുറത്ത് പോയപ്പോള്‍ ലോഡ്ജ് ജീവനക്കാരനായ പാലക്കാട് സ്വദേശി ഭാര്യയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

 മാഹി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. ഷണ്‍മുഖത്തിന്റെ  നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജപരാതിയുടെ ചുരുളഴിഞ്ഞത്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീയുമായിപരിചയത്തിലായ ശേഷം ഇവരെ ഉപയോഗപ്പെടുത്തി വ്യാജപരാതി നല്‍കി പണംതട്ടുന്നതാണ് ഇവരുടെ രീതി. പാലക്കാട് സ്വദേശിയായ ലോഡ്ജ് ജീവനക്കാരന്റെ പേരില്‍ ഇവരുടെ പരാതി പ്രകാരം പൊലിസ്  കേസെടുത്തിരുന്നു.

 എന്നാല്‍ തുടര്‍ അന്വേഷണത്തില്‍ ഇയാള്‍ക്ക് സംഭവവുമായി  യാതൊരു ബന്ധമില്ലെന്ന് വ്യക്തമാവുകയായിരുന്നു.  കേസന്വേഷണത്തിന് മാഹി എസ. ഐ സി.വി റെനില്‍കുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കിഷോര്‍കുമാര്‍, സുനില്‍കുമാര്‍, ശ്രീജേഷ്, കോണ്‍സ്റ്റബിള്‍ രോഷിത്ത് പാറമേല്‍, പീ.ബീന, വിനീഷ് കുമാര്‍, കെ. പി പ്രവീണ്‍, അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.