ഹജ്ജ് 2026: കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനം മെയ് ആറിന്; 13 സർവീസുകൾ, 4550 തീർത്ഥാടകർ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽനിന്നും ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം മെയ് ആറിന് പുലർച്ചെ 2.30 ന് പുറപ്പെടും. ഫ്‌ളൈ അദീൽ എയർലൈൻസിന്റെ 13 സർവീസുകളിലായി 4550 തീർത്ഥാടകർ ഹജ്ജ് യാത്രയുടെ ഭാഗമാകും. യാത്രയുടെ ഔപചാരിക ഉദ്ഘാടനം മെയ് അഞ്ചിന് വൈകീട്ട് നാല് മണിക്ക് നടക്കും.
കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽനിന്നും ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം മെയ് ആറിന് പുലർച്ചെ 2.30 ന് പുറപ്പെടും. ഫ്‌ളൈ അദീൽ എയർലൈൻസിന്റെ 13 സർവീസുകളിലായി 4550 തീർത്ഥാടകർ ഹജ്ജ് യാത്രയുടെ ഭാഗമാകും. യാത്രയുടെ ഔപചാരിക ഉദ്ഘാടനം മെയ് അഞ്ചിന് വൈകീട്ട് നാല് മണിക്ക് നടക്കും.
തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി ഹജ്ജ് ക്യാമ്പിൽ വിശ്രമം, ഭക്ഷണം, ആരോഗ്യപരിചരണം, പ്രാർത്ഥനാ സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും. ഇതോടൊപ്പം എമർജൻസി മെഡിക്കൽ സേവനം, പോലീസ്, അഗ്നിശമന സേന കൗണ്ടറുകൾ, ബാങ്കിംഗ് സേവനങ്ങൾ എന്നിവയും ക്യാമ്പിൽ സജ്ജീകരിക്കും. വിമാനത്താവളത്തിൽ ലഗേജ് സ്വീകരിക്കുന്നതിനായി പ്രത്യേക സംവിധാനവും താൽക്കാലിക വിശ്രമത്തിനായി പ്രത്യേക ഇരിപ്പിട സൗകര്യങ്ങളും ഒരുക്കും.
ഹജ്ജ് തീർത്ഥാടകരുടെ യാത്രാസൗകര്യങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എ ഡി എം കല ഭാസ്‌കറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. മുൻവർഷത്തെപ്പോലെ തന്നെ കൂടുതൽ കാര്യക്ഷമമായി സംവിധാനങ്ങൾ ഏർപ്പെടുത്തി ഹാജിമാരുടെ സുഗമമായ യാത്ര ഉറപ്പുവരുത്തണമെന്ന് എഡിഎം വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. യോഗത്തിൽ ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ കക്കൂത്ത്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.പി മുഹമ്മദ് റാഫി, ഷംസുദ്ദീൻ അരിഞ്ചിറ, ഒ.വി ജയഫർ, കണ്ണൂർ ക്യാമ്പ് ഇൻ ചാർജ് പി.കെ യാസർ അറഫാത്ത്, കണ്ണൂർ ഹജ്ജ് ഹൗസ് നോഡൽ ഓഫീസർ എം.സി.കെ ഗഫൂർ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.