അതിഥി തൊഴിലാളി രജിസ്‌ട്രേഷന്‍; മത്സ്യബന്ധന തുറമുഖങ്ങളില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും

കണ്ണൂർജില്ലയില്‍ അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ മത്സ്യബന്ധന തുറമുഖങ്ങളില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും. എ.ഡി.എം പി.എന്‍ പുരുഷോത്തമന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന അതിഥി തൊഴിലാളി രജിസ്‌ട്രേഷന്‍ അവലോകനയോഗത്തിലാണ് തീരുമാനം. നിലവില്‍ ജില്ലയിലുടനീളം തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ നടക്കുന്നുണ്ട്.

 

കണ്ണൂർ: കണ്ണൂർജില്ലയില്‍ അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ മത്സ്യബന്ധന തുറമുഖങ്ങളില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും. എ.ഡി.എം പി.എന്‍ പുരുഷോത്തമന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന അതിഥി തൊഴിലാളി രജിസ്‌ട്രേഷന്‍ അവലോകനയോഗത്തിലാണ് തീരുമാനം. നിലവില്‍ ജില്ലയിലുടനീളം തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ നടക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ വന്നെത്തുന്ന തൊഴില്‍ മേഖലകള്‍ കേന്ദ്രീകരിച്ച് മുഴുവന്‍ തൊഴിലാളികളെയും രജിസ്റ്റര്‍ ചെയ്യുകയാണ് ലക്ഷ്യം. ജില്ലയിലെ എട്ടോളം മത്സ്യബന്ധന തുറമുഖങ്ങളില്‍ ഏകദേശം പതിനായിരത്തിന് മുകളില്‍ അതിഥി തൊഴിലാളികള്‍ ജോലിക്കെത്തുന്നുണ്ട്. ഇവരുടെ വിവരശേഖരണം കാര്യക്ഷമമാക്കുന്നതിന് ഫിഷറീസ് വകുപ്പും തൊഴില്‍വകുപ്പും കൂടിചേര്‍ന്നുള്ള പ്രത്യേക രജിസ്‌ട്രേഷന്‍ ക്യാംപെയിനാണ് സംഘടിപ്പിക്കുക. 

ആധാര്‍ അധിഷ്ഠിത തിരിച്ചറിയല്‍ കാര്‍ഡുകള്‍ തൊഴിലാളികള്‍ക്ക് നല്‍കും. ഇതര മേഖലകളില്‍ നടക്കുന്ന അതിഥി തൊഴിലാളി രജിസ്‌ട്രേഷന്‍ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. വ്യവസായ സ്ഥാപനങ്ങള്‍, നിര്‍മ്മാണ മേഖലകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മറ്റ് തൊഴിലിടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം എത്തുന്ന അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കും. ഇതിനായുള്ള മാസ് ഡ്രൈവുകള്‍ രണ്ടാംഘട്ടം നടത്തും. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത് തൊഴിലില്‍ നിന്നും തിരിച്ചുപോകുന്നവര്‍ക്ക് തിരികെ വീണ്ടും എത്തുന്ന വേളയില്‍ വീണ്ടും രജിസ്‌ട്രേഷന്റെ ആവശ്യമില്ല. ഈ വിധത്തിലാണ് ഏകീകൃത പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ സംവിധാനമുള്ളത്.  

അതിഥി തൊഴിലാളികള്‍ക്കിടയില്‍ നിലവില്‍ നടക്കുന്ന ആരോഗ്യവകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ വിവരശേഖരണം ഏകീകരിക്കാനും യോഗത്തില്‍ തീരുമാനമായി. അതിഥി തൊഴിലാളികളെ  താമസിപ്പിക്കുന്നവരും തൊഴിലെടുപ്പിക്കുന്ന സ്ഥാപനങ്ങളും വ്യക്തികളും തൊഴിലാളികള്‍ പോര്‍ട്ടലിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നത് ഉറപ്പുവരുത്തണം. ഇവര്‍ക്കിടയില്‍ ഇവരുടെ ഭാഷയില്‍ രജിസ്‌ട്രേഷന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. അതിഥി തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്താനും വൃത്തിയും ശുചിത്വും ഉറപ്പാക്കാനും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. 

ജില്ലയില്‍ ഇതുവരെ 33601 അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. തൊഴില്‍വകുപ്പിന്റെ പ്രത്യേക ക്യാമ്പുകളിലൂടെയും നേരിട്ടുള്ള വിവരശേഖരണത്തിലൂടെയുമായിരുന്നു രജിസ്‌ട്രേഷന്‍ നടപടികള്‍. ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങളായ ആയിക്കര, അഴീക്കല്‍, പുതിയങ്ങാടി, തലായി, ഗോപാല്‍പേട്ട, പാലക്കോട് എന്നിവടങ്ങള്‍
കേന്ദ്രീകരിച്ച് നടത്തിയ 63 രജിസ്‌ട്രേഷന്‍ ക്യാമ്പുകളിലായി 3177 അതിഥി തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്തു. ബാക്കിയുള്ള തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിലൂടെ പൂര്‍ത്തീകരിക്കും. തുറമുഖങ്ങള്‍ ട്രോളിങ്ങ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ തൊഴിലാളികള്‍ സ്വദേശത്തേക്ക് പോയിരിക്കുകയാണ്. ഇവര്‍ തിരിച്ചെത്തുന്ന മുറയ്ക്ക് സ്‌പെഷ്യല്‍ ഡ്രൈവ് ആസൂത്രണം ചെയ്യും. കണ്ണുര്‍ സര്‍ക്കിളിലാണ് ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികളുള്ളത്. കണ്ണൂര്‍ 1,2,3 സര്‍ക്കിളുകള്‍, തലശ്ശേരി 1,2 സര്‍ക്കിളുകള്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി, ചിയാക് കണ്ണൂര്‍ എന്നിങ്ങനെ ഡിവിഷനുകളയാണ് ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടക്കുന്നത്.
വിവിധ വകുപ്പ് തല ഉദ്യോസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.