ഗവർണരും സർക്കാരും തമ്മിലുള്ള പോര് സർവ്വകലാശാലയെ പ്രതികൂലമായി ബാധിക്കുന്നു: ടി.ഒ.മോഹനൻ

കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഗവർണരും സർക്കാരും തമ്മിലുള്ള ചക്കാളത്തി പോരാട്ടമാണ് നടക്കുന്നതെന്നും ഇത് യൂണിവേഴ്സിറ്റികളിലെ ദൈനം ദിന പ്രവർത്തനത്തെ ബാധിക്കുകയാണെന്നും കെപിസിസി അംഗം അഡ്വ.ടി ഒ മോഹനൻ പറഞ്ഞു.

 

കണ്ണൂർ: കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഗവർണരും സർക്കാരും തമ്മിലുള്ള ചക്കാളത്തി പോരാട്ടമാണ് നടക്കുന്നതെന്നും ഇത് യൂണിവേഴ്സിറ്റികളിലെ ദൈനം ദിന പ്രവർത്തനത്തെ ബാധിക്കുകയാണെന്നും കെപിസിസി അംഗം അഡ്വ.ടി ഒ മോഹനൻ പറഞ്ഞു.കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റും ഇടതു സർക്കാരും നടത്തിവരുന്ന രാഷ്ട്രീയ പ്രേരിതവും തൊഴിലാളിവിരുദ്ധവുമായ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ( കെ യു എസ് ഒ ) നേതൃത്വത്തിൽ ജീവനക്കാർ യൂണിവേഴ്സിറ്റിക്കു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങളും എൻപിഎസ് ജീവനക്കാരുടെ പെൻഷൻ വിഹിതവും നൽകാനുള്ള പെൻഷൻ ഫണ്ട് വകമാറ്റാനുള്ള സിണ്ടിക്കേറ്റിന്റെ തീരുമാനം പിൻവലിക്കുക, നിയമ വിരുദ്ധമായി സ്വകാര്യ കമ്പനിക്ക് വിദ്യാർത്ഥികളുടെ ഡാറ്റ കൈമാറിയ നടപടിയെക്കുറിച്ച് അന്വേഷണം നടത്തുക, സർവകലാശാലയുടെ ദൈനം ദിന ഭരണതിൽ സിണ്ടിക്കേറ്റിന്റെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സിണ്ടിക്കേറ്റ് യോഗം ചേർന്ന ദിവസം നടന്ന പ്രതിഷേധം.
കെ യു എസ് ഒ വൈസ് പ്രസിഡണ്ട് വി ഒ പ്രിയ അധ്യക്ഷയായി. ജന.സെക്രട്ടറി സിറാജ് കെ എം സ്വാഗതവും ട്രഷറർ അശ്വതി നന്ദിയും പറഞ്ഞു. എഫ് യു ഇ ഒ സംസ്ഥാന ജന.സെക്രട്ടറി ജയൻ ചാലിൽ, കെ എസ് യു ജില്ലാ പ്രസിഡണ്ട് എം സി അതുൽ എന്നിവർ സംസാരിച്ചു.