കേരളം ഭരിക്കുന്നത് സ്വന്തം ജീവനക്കാരെ കൊള്ളയടിക്കുന്ന സർക്കാർ:സെറ്റോ
തളിപ്പറമ്പ: ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പള അരിയർ ഇനത്തിലായി ജീവനക്കാർക്ക് നൽകേണ്ട 65000 കോടി രൂപ കവർന്നെടുത്ത സർക്കാറാണ് കേരളം ഭരിക്കുന്നതെന്നും ഈ കവർച്ചക്ക് നേതൃത്വം കൊടുക്കുന്ന സർക്കാറിനെതിരെയുള്ള പോരാട്ടമാണ് ജനുവരി 22 ലെ പണിമുടക്കെന്നും തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ തിരികെ കിട്ടാനായി ജീവനക്കാരും അധ്യാപകരും പണിമുടക്കിൽ പങ്കാളികളാവണമെന്നും ഡെയ്സ് നോൺ എന്ന ഓലപ്പാമ്പ് കാണിച്ചാൽ ജീവനക്കാർ ഭയക്കില്ലെന്നും സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (സെറ്റോ) തളിപ്പറമ്പ താലൂക്ക് കമ്മറ്റി അഭിപ്രായപ്പെട്ടു.
പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് സെറ്റോ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ സിവിൽ സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു. സെറ്റോ താലൂക്ക് ചെയർമാൻ പി.വി. വിനോദിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.വി. മഹേഷ്, കെ എൽ ജി എസ് എ ജില്ലാ പ്രസിഡണ്ട് വി. വി . ഷാജി, കെ പി എസ് ടി എ ഉപജില്ലാ പ്രസിഡണ്ട് കെ എസ് വിനീത്, കെ ജി ഒ യു ജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു ചെറുവാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. സെറ്റോ താലൂക്ക് കൺവീനർ പി.വി. സജീവൻ മാസ്റ്റർ സ്വാഗതവും എം. സനീഷ് നന്ദിയും പറഞ്ഞു.
പ്രകടനത്തിന് കെ.വി. അബ്ദുൾ റഷീദ്, കെ.വി. മെസ്മർ, കെ.പി.സി. ഹാരിസ്, എ.പ്രേംജി, അനീഷ് ഓടക്കാട്, എ.കെ. ഉഷ, ജസ്റ്റിൻ വർഗ്ഗീസ്, വി.വി. കുബേരൻ നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നല്കി.