രാമന്തളിയിലെ വീട്ടിൽ സ്വർണം കവർന്ന കേസിൽ ബന്ധുവടക്കം രണ്ട് പേർ പിടിയിൽ
വീട്ടിലെ അലമാരയിൽ സൂക്ഷിച്ച നാലേമുക്കാൽ പവൻ തൂക്കമുള്ള ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. രാമന്തളി മൊട്ടക്കുന്നിലെ എം സജീവൻ(41), കിഴക്കിനി വീട്ടിൽ രാഗേഷ്(39)എന്നിവരെയാണ് എസ് ഐ പി യദുകൃഷ്ണൻ അറസ്റ്റ് ചെയ്തത്.
Sep 1, 2025, 16:17 IST
പയ്യന്നൂർ: വീട്ടിലെ അലമാരയിൽ സൂക്ഷിച്ച നാലേമുക്കാൽ പവൻ തൂക്കമുള്ള ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. രാമന്തളി മൊട്ടക്കുന്നിലെ എം സജീവൻ(41), കിഴക്കിനി വീട്ടിൽ രാഗേഷ്(39)എന്നിവരെയാണ് എസ് ഐ പി യദുകൃഷ്ണൻ അറസ്റ്റ് ചെയ്തത്. രാമന്തളി മൊട്ടക്കുന്നിലെ മാട്ടൂക്കാരൻ ഹൗസിൽ എം സജനയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്. പിടിയിലായ സജീവൻ പരാതിക്കാരിയുടെ സഹോദരനാണ്.
ഓഗസ്റ്റ് 26നും 31ന് രാവിലെ എട്ട് മണിക്കുമിടയിലാണ് മൊട്ടക്കുന്നിലെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 3.50.000 രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയത്. തുടർന്ന് പയ്യന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ സഹോദരൻ സജീവനെ സംശയിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ കേസെടുത്ത പയ്യന്നൂർ പൊലീസ് അന്വേഷണത്തിനിടെയാണ് മോഷ്ടാക്കളെ പിടികൂടിയത്.