കണ്ണൂർ വളപട്ടണം പാലത്തിനു സമീപം പത്തോളം ചാക്കുകളിൽ മാലിന്യം തള്ളി ; തളിപ്പറമ്പ് സ്വദേശികൾക്ക് 15000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ വളപട്ടണം പാലത്തിനു സമീപം നടത്തിയ പരിശോധനയിൽ പത്തോളം
കണ്ണൂർ : ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ വളപട്ടണം പാലത്തിനു സമീപം നടത്തിയ പരിശോധനയിൽ പത്തോളം ചാക്കുകളിൽ മാലിന്യം തള്ളിയതിന് രണ്ട് വ്യക്തികൾക്കായിട്ട് 15000 രൂപ പിഴ ചുമത്തി. വളപട്ടണം പാലത്തിനു താഴെ കള്ള് ഷാപ്പിന് സമീപത്തായിട്ടാണ് പത്തോളം ചക്കുകളിൽ മാലിന്യം തള്ളിയതായി സ്‌ക്വാഡിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് സ്വദേശി അബൂബക്കർ എം പി എന്നയാളുടെ വീട്ടിൽ നിന്നുള്ള മാലിന്യങ്ങളാണ് സ്ഥലത്ത് തള്ളിയതെന്ന് സ്‌ക്വാഡിന് മനസ്സിലായത്.
തുടർന്നു മാലിന്യം തള്ളിയവരെ സ്ഥലത്ത് വിളിച്ചു വരുത്തുകയും ഉടൻ തന്നെ നീക്കം ചെയ്യിക്കുകയും ചെയ്തു. തൻ്റെ വീട്ടിലെ മാലിന്യങ്ങൾ അഷ്‌റഫ് കെ. എൽ എന്ന വ്യക്തിക്ക് കൈമാറിയതാണെന്നു വീട്ടുടമ സ്‌ക്വാഡിനെ അറിയിച്ച പ്രകാരം മാലിന്യം പ്രദേശത്ത് തള്ളിയ അഷ്‌റഫ് കെ. എല്ലിന് 5000 രൂപയും ഉറവിട മാലിന്യ സംസ്കരണം ഒരുക്കാതെ മാലിന്യം തള്ളാൻ കൈമാറിയ അബൂബക്കറിനു 10000 രൂപയുമാണ് സ്‌ക്വാഡ് പിഴ ചുമത്തിയത്.
ഹരിത കർമ്മ സേനക്ക് കൈമാറാൻ പറ്റുന്ന മാലിന്യങ്ങളാണ് തള്ളിയതിൽ ഭൂരിഭാഗവും കണ്ടെത്തിയത്. പിഴ തുകയായ 15000 രൂപ ഉടൻ തന്നെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ അടപ്പിക്കുകയും ചെയ്തു. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, ദിബിൽ സി കെ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുമിൽ കെ വി തുടങ്ങിയവർ പങ്കെടുത്തു