ഗാന്ധിജി ഇന്നും മനസിൽ അണയാത്ത ദീപ്‌ത സ്മരണ; ഗാന്ധി പ്രതിമ ശുചീകരിച്ച് നാരായണൻ കുട്ടി
മഹാത്മഗാന്ധിജി ഇന്ത്യൻ രാഷ്ട്രപിതാവ് മാത്രമല്ല മനസിൽ അണയാത്ത ദീപ്തസ്മരണയും പ്രചോദനവുമാണ് പലർക്കും . ഗാന്ധി മാർഗത്തിലുടെ സഞ്ചരിച്ച ഒരു തലമുറയുടെ പ്രതീകങ്ങൾ ഇപ്പോഴും ബാക്കിയുണ്ട്. തളിപറമ്പിലെ നാരായണൻ കുട്ടി ഈ വിഭാഗത്തിൽ പെട്ടയാളാണ്.
തളിപ്പറമ്പ്: മഹാത്മഗാന്ധിജി ഇന്ത്യൻ രാഷ്ട്രപിതാവ് മാത്രമല്ല മനസിൽ അണയാത്ത ദീപ്തസ്മരണയും പ്രചോദനവുമാണ് പലർക്കും . ഗാന്ധി മാർഗത്തിലുടെ സഞ്ചരിച്ച ഒരു തലമുറയുടെ പ്രതീകങ്ങൾ ഇപ്പോഴും ബാക്കിയുണ്ട്. തളിപറമ്പിലെ നാരായണൻ കുട്ടി ഈ വിഭാഗത്തിൽ പെട്ടയാളാണ്.
പതിവ് തെറ്റിക്കാതെ ഈ വർഷവും ഗാന്ധി ജയന്തിയോടനുബന്ധിച്ച് നാരായണൻകുട്ടി ഒക്ടോബർ ഒന്നിന് ഗാന്ധി പ്രതിമ ശുചീകരിക്കാനെത്തി.2005 ൽ സ്ഥാപിക്കപ്പെട്ട തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ ഗാന്ധി പ്രതിമ എല്ലാ വർഷവും ഒക്ടോബർ രണ്ടിന്റെ ഗാന്ധിജയന്തിക്ക് തലേന്നാൾ ശുചീകരിക്കുന്നത് തൃച്ചംബരം സ്വദേശിയായ പി.വി.നാരായണൻകുട്ടിയാണ്.
ജവഹർ ബാൽമഞ്ച് തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി ചെയർമാനായ ഇദ്ദേഹം ശാരീരിക അവശതകൾക്കിടയിലും ഒരു അനുഷ്ഠാനം പോലെയാണ് ഈ വർഷവും ഗാന്ധി പ്രതിമ ശുചീകരിക്കാനായി എത്തിയത്. 74 കാരനായ നാരായണൻകുട്ടി ശരീരം അനുവദിക്കുന്ന കാലത്തോളം ഈ പ്രവൃത്തി ചെയ്യുമെന്ന ദൃഡനിശ്ചയത്തിലാണ്. തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിൽ റവന്യു ടവർ നിർമ്മാണം നടക്കുന്നതിനാൽ പ്രതിമ ഉൾപ്പെടെ ഷീറ്റിട്ട് മൂടിയിരുന്നു. ഇദ്ദേഹത്തിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ച് തളിപ്പറമ്പ് തഹസിൽദാർ കെ.കെ.സുനിഷ മുൻകൈയെടുത്താണ് ഷീറ്റുകൾ താൽക്കാലികമായി നീക്കം ചെയ്ത് പ്രതിമ ശുചീകരിക്കാൻ സൗകര്യമൊരുക്കിയത്. ഇന്ന് രാവിലെ പ്രതിമയിൽ മാല ചാർത്തിയ ശേഷം ശുചീകരണപ്രവർത്തനങ്ങളും നടത്തി .തളിപ്പറമ്പ് ഭൂരേഖ തഹസിൽദാർ എ,സുരേഷ്‌കുമാറാണ് ശുചീകരണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തത്.