പലിശ രഹിത സ്വർണപ്പണയ വായ്പയുടെ മറവിൽ തട്ടിപ്പ്: നാലുപേർക്കെതിരെ കേസെടുത്തു

സ്വര്‍ണ്ണം പണയം വെച്ചാല്‍ പലിശരഹിത വായ്പ നല്‍കാമെന്ന് വിശ്വസിപ്പിച്ച് വഞ്ചന നടത്തിയതായി പരാതി. നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു

 

തളിപ്പറമ്പ്; സ്വര്‍ണ്ണം പണയം വെച്ചാല്‍ പലിശരഹിത വായ്പ നല്‍കാമെന്ന് വിശ്വസിപ്പിച്ച് വഞ്ചന നടത്തിയതായി പരാതി. നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.തളിപ്പറമ്പിലെ മെലോറ എന്ന സ്ഥാപനത്തിന്റെ ഉടമ പി.ടി.പി.അഷറഫ്, അഷറഫിന്റെ ഭാര്യ കായക്കൂല്‍ ആയിഷ, പാര്‍ട്ണര്‍മാരായ എം.ടി.പി സലാം, സലാമിന്റെ ഭാര്യ സറീന എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

മാട്ടൂല്‍ തെക്കുമ്പാട്ടെ ഇരിക്കൂര്‍ വളപ്പില്‍ തറമ്മല്‍ വീട്ടില്‍ ഐ.വി.ടി അബ്ദുള്‍റഹ്മാന്റെ(62) പരാതിയിലാണ് കേസ്.അബ്ദുള്‍റഹ്മാന്റെ മകളെ പഠിപ്പിക്കാനായി പണം ആവശ്യമായി വന്നപ്പോള്‍ സ്വര്‍ണ്ണം പണയം കൊടുത്താല്‍ പലിശരഹിത വായ്പ താരം എന്ന് വിശ്വസിപ്പിച്ച് പ്രതികളുടെ സ്ഥാപനമായ മെലോറയില്‍ നിന്ന് 2022 ഡിസംബര്‍ 3 ന് 60 പവന്‍ സ്വര്‍ണ്ണം പണയം വെച്ച് 20 ലക്ഷം രൂപ വാങ്ങി.

ആറുമാസത്തിനകം പണം തിരികെ തന്നാല്‍ സ്വര്‍ണ്ണം തരാമെന്നായിരുന്നു കരാര്‍. എന്നാല്‍ പണം തിരികെ കൊടുത്ത് പണയമായി നല്‍കിയ സ്വര്‍ണ്ണം വാങ്ങാന്‍ ചെന്നപ്പോള്‍ കൊടുത്തില്ലെന്നാണ് പരാതി.അബ്ദുള്‍റഹ്മാന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതി പ്രകാരമാണ് കേസ്.