ചാലയിൽ വിദ്യാർത്ഥിനി ഉൾപ്പെടെ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

ചാലയിൽ  തെരുവുനായയുടെ കടിയേറ്റ്  10 വയസ്സുകാരിയുൾപ്പെടെനാല് പേർക്ക് പരിക്ക്.ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ചാല പടിഞ്ഞാറേക്കര എൽ പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നന്ദന (10 ) ക്കാണ് ആദ്യം കടിയേറ്റത്.

 

ചാല: ചാലയിൽ  തെരുവുനായയുടെ കടിയേറ്റ്  10 വയസ്സുകാരിയുൾപ്പെടെനാല് പേർക്ക് പരിക്ക്.ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ചാല പടിഞ്ഞാറേക്കര എൽ പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നന്ദന (10 ) ക്കാണ് ആദ്യം കടിയേറ്റത്.അമ്മാവൻറെ കൂടെ സ്കൂട്ടറിൽ സ്കൂളിൽ പോകുകയായിരുന്ന നന്ദനക്ക് സ്കൂളിന് സമീപത്ത് വച്ചാണ് തെരുവുനായ കടിച്ചത്.സ്കൂട്ടറിന്റെ പിറകിലിരിക്കുകയായിരുന്ന നന്ദനയ്ക്ക് കാലിന്  കടിയേറ്റു. നായ  ഷൂസ് കടിച്ചു പറിച്ചു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അമ്മാവനും കടിയേറ്റു.അമ്മാവൻ നായയെ ഓടിച്ചതിനാലാണ് കൂടുതൽ കടിയേൽക്കാഞ്ഞത്.

അവിടെനിന്നും ഓടിയ നായ  പെരളശ്ശേരി സ്വദേശിനിയായ അധ്യാപിക കെ. സുമീനയെയും കടിച്ചു.സുമീനയുടെ കൈക്കാണ് കടിയേറ്റത്. സമീപത്തെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഒരു വയോധികനും കടിയേറ്റു.ചാല  ബൈപ്പാസ് കവലഭാഗത്തേക്ക് ഓടിയ നായ ദേശീയപാതയുടെ ജോലി ചെയ്യുകയായിരുന്ന ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളിയെയും കടിച്ചു.  നെഞ്ചോളം ഉയരത്തിൽ ചാടിയാണ് നായ തൊഴിലാളിയെ കടിച്ചത്.എല്ലാവരും  ജില്ലാ ആസ്പത്രിയിൽ നിന്ന് കുത്തിവെടുത്തു.നിരവധി തെരുവുനായ്ക്കളെയും വളർത്തുമൃഗങ്ങളെയും നായ കടിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നു. ആളുകളെ പരക്കെ ആക്രമിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ഇതിന് പേവിഷബാധയുണ്ടോ എന്ന ഭീതിയിലാണ് നാട്ടുകാർ.

ചാല, മനയത്തുമൂല, ആറ്റടപ്പ റോഡുകളിൽ തെരുവുനായ ശല്യം രൂക്ഷമായിട്ട് നാളുകളേറെയായി. റോഡരികിലെ മാലിന്യ നിക്ഷേപം നായകൾ കൂടാൻ കാരണമായിട്ടുണ്ട്. ചിലർ നായ്ക്കൾക്ക് റോഡിൽ പരസ്യമായി മാംസം നൽകുന്നുമുണ്ട്. ഇതു കാരണം പലഭാഗത്തുനിന്നും നായകൾ ഇവിടെ വന്ന് തമ്പടിക്കുന്നു.  പേടിയോടെയല്ലാതെ ഈ വഴിയിലൂടെ യാത്ര ചെയ്യാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സന്ധ്യ കഴിഞ്ഞാൽ ആറ്റടപ്പ റോഡിലൂടെ ഇരുചക്രവാഹന യാത്രക്കാർക്ക് പോകാൻ കഴിയില്ല. നായകൾ യാത്രക്കാർക്ക് പിറകെ ഓടുന്നു.നിരവധി ആളുകൾ പ്രഭാത സവാരി നടത്തുന്ന റോഡാണ് ഇത്.ഇപ്പോൾ പുലർച്ചെ ആളുകൾക്ക് റോഡിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ് .പത്ര വിതരണക്കാരും ഇതുകാരണം ബുദ്ധിമുട്ടുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.