മട്ടന്നൂരിൽ ദേശാഭിമാനി ലേഖകനെ മർദ്ദിച്ച അഞ്ച് പൊലിസുകാരെ സ്ഥലം മാറ്റി

മട്ടന്നൂർ ഗവ. പോളിടെക്നിക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിന്റെ വാർത്ത ശേഖരിക്കാനെത്തിയ ദേശാഭിമാനി ലേഖകനെ മർദ്ദിച്ച മട്ടന്നൂർ പൊലിസ് സ്റ്റേഷനിലെ അഞ്ച് പൊലിസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റി.

 

മട്ടന്നൂർ: മട്ടന്നൂർ ഗവ. പോളിടെക്നിക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിന്റെ വാർത്ത ശേഖരിക്കാനെത്തിയ ദേശാഭിമാനി ലേഖകനെ മർദ്ദിച്ച മട്ടന്നൂർ പൊലിസ് സ്റ്റേഷനിലെ അഞ്ച് പൊലിസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. സീനിയർ സിവിൽ പൊലിസ് ഓഫീസർ ഷാജി കൈതേരി കണ്ടി, സി.പി.ഒമാരായ വി.കെ സന്ദീപ് കുമാർ പി.വിപിൻ, സി. ജിനേഷ് , പി.അശ്വിൻ എന്നിവരെയാണ് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ സ്ഥലം മാറ്റിയത്.

കണ്ണൂർ സിറ്റി ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലേക്കാണ് ഇവരെ അന്വേഷണവിധേയമായി സ്ഥലം മാറ്റിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം. എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് വാഹനത്തിൽ കയറ്റുന്നതിന്റെ ഫോട്ടോ എടുത്തതിൽ പ്രകോപിതരായ  പൊലീസുകാരാണ് ദേശാഭിമാനി മട്ടന്നൂർ ഏരിയാ ലേഖകൻ ശരത്ത് പുതുക്കുടിയെ മർദിച്ചത്.

തിരിച്ചറിയൽ കാർഡ് കാണിച്ചെങ്കിലും പിടിച്ചുവച്ച് അസഭ്യം പറഞ്ഞ്  മർദിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ബസ്സിൽ വലിച്ചിഴച്ചുകയറ്റി. ഇതു ചോദ്യം ചെയ്ത സിപി എം ലോക്കൽ കമ്മിറ്റി ഓഫീസ് സെക്രട്ടറി സി പി റജിലിനെയും മർദിച്ചു. പരിക്കേറ്റ ശരത്തിനെയും റജിലിനെയും കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ സി.പി.എം മട്ടന്നൂർ ഏരിയാകമ്മിറ്റി അതിശക്തമായി പ്രതിഷേധിച്ചതിനെ തുടർന്നാണ് പൊലിസുകാർക്കെതിരെ നടപടിയുണ്ടായത്.