കണ്ണൂരിൽ വ്യാപാരി മിത്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ധനസഹായ വിതരണം ജൂലായ് 25 ന്
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരി മിത്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രധാന ക്ഷേമപദ്ധതിയായ മരണാനന്തര ധനസഹായ വിതരണം 25 ന് നടക്കും.
കണ്ണൂര്‍: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരി മിത്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രധാന ക്ഷേമപദ്ധതിയായ മരണാനന്തര ധനസഹായ വിതരണം 25 ന് നടക്കും. അകാലത്തില്‍ മരണപ്പെട്ട 12 വ്യാപാരി മിത്ര അംഗങ്ങളുടെ കുടുംബങ്ങള്‍ക്കായി 60 ലക്ഷം രൂപയുടെ മരണാനന്തര ആനുകൂല്യമാണ് വിതരണം ചെയ്യുന്നത്. 25 ന് രാവിലെ 11.30-ന് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വൈദ്യുതി-പരിസ്ഥിതി-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
2022ല്‍ പ്രവര്‍ത്തനം ആരംഭിച്ച ട്രസ്റ്റ 10 കോടിയോളം രൂപയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വ്യാപാരി കുടുംബങ്ങള്‍ക്കായി വിനിയോഗിച്ചു. മരണാനന്തര സഹായം സാധാരണ അംഗങ്ങളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും, മുതിര്‍ന്ന അംഗങ്ങളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും നല്‍കി വരുന്നു. ഈ ഇനത്തില്‍ മാത്രം ഇതുവരെ ഏഴു കോടിയോളം രൂപ വിതരണം ചെയ്തു. കാന്‍സര്‍, ബൈപ്പാസ് സര്‍ജറി, ആഞ്ചിയോപ്ലാസ്റ്റി, അപകടങ്ങളില്‍ അംഗഭംഗം സംഭവിക്കുന്നവര്‍ക്കും ചികിത്സാ സഹായം നൽകി വരുന്നു.
വൃക്ക മാറ്റിവെക്കലിന് രണ്ടു ലക്ഷം രൂപയും കരള്‍ മാറ്റിവെക്കലിന് 3 ലക്ഷം രൂപയും ട്രസ്റ്റ് നല്‍കുന്നു. ഇതുവരെ ഒരു കോടിയോളം രൂപ ചികിത്സാ സഹായമായി നല്‍കിയിട്ടുണ്ട്. ട്രസ്റ്റ് ചെയര്‍മാന്‍ പി.എം. സുഗുണന്‍, കണ്‍വീനര്‍ കെ.വി.ഉണ്ണികൃഷ്ണന്‍, പി. വിജയന്‍, എം .എ. ഹമീദ് ഹാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തു.