കണ്ണൂർ ദസറയിൽ നിന്നും തന്നെ അവഗണിച്ചതായി ചലച്ചിത്രനടി കണ്ണൂർ ശ്രീലത
നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ നടത്തുന്ന കണ്ണൂർ ദസറയിൽ കലാപരിപാടി അവതരിപ്പിക്കാൻ അവസരം ചോദിച്ച തന്നെ അവഗണിച്ചതായി ചലച്ചിത്ര ,സീരിയൽ നടി കണ്ണൂർ ശ്രീലത കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു
കണ്ണൂർ: നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ നടത്തുന്ന കണ്ണൂർ ദസറയിൽ കലാപരിപാടി അവതരിപ്പിക്കാൻ അവസരം ചോദിച്ച തന്നെ അവഗണിച്ചതായി ചലച്ചിത്ര ,സീരിയൽ നടി കണ്ണൂർ ശ്രീലത കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു .തനിക്കും സംഘത്തിനും പ്രകാശധാര ഭക്തിരസാമൃതം പരിപാടി അവതരിപ്പിക്കാൻ മേയർ അനുമതി നിഷേധിക്കുകയും അവഹേളിക്കുകയും ചെയ്തുവെന്ന് ശ്രീലത ആരോപിച്ചു.കണ്ണൂർ ദസറയിൽ കലാസംഗീത പരിപാടി അവതരിപ്പിക്കാനുള്ള അപേക്ഷ ഓഗസ്റ്റ് മാസത്തിൽ തന്നെ കണ്ണൂർ കോർപ്പറേഷൻ മേയർ ഇന്ദിരയ്ക്ക് നൽകിയിരുന്നു.
ഓഗസ്റ്റ് മാസം മേയർ പറഞ്ഞത്, ദസറ ഒക്ടോബറിലല്ലേ ... അപ്പോൾ നോക്കാമെന്നാണ് സെപ്റ്റംബറിൽ ഔദ്യോഗികമായി അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം വന്നപ്പോൾ അപ്രകാരം അപേക്ഷയും നൽകി.പക്കമേളക്കാരടക്കം പത്തു പേരടങ്ങുന്ന തൻ്റെ ടീമിന് പതിനഞ്ചായിരം രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്.എന്നാൽ വേണമെങ്കിൽ സൗജന്യമായി അവതരിപ്പിച്ചോളൂ പത്ത് മിനിട്ട് അനുവദിക്കാമെന്നാണ് സംഘാടകർ അറിയിച്ചത്. സ്റ്റേജിൽ പക്കമേളമടക്കം എല്ലാം സെറ്റ് ചെയ്യാൻ തന്നെ പത്ത് മിനിട്ട് വേണം. ഇതെന്താ പരിപാടി പപ്പടം കാച്ചലാണോയെന്ന് താൻ ചോദിപ്പിച്ചപ്പോൾ മേയർ പ്രതികരിച്ചില്ല. കണ്ണൂരുകാർക്ക് അവസരം നിഷേധിക്കുന്ന കോർപ്പറേഷൻ്റെ മറുപടി പരിഹാസ്യവും കലാകാരന്മാരെ അവഹേളിക്കലുമാണ്.
ലക്ഷങ്ങൾ കൊടുത്ത് സെലിബ്രിറ്റികളെ കൊണ്ടുവന്ന് കണ്ണൂർ ദസറ നടത്തുമ്പോൾ കണ്ണൂരുകാരായ കലാകാരന്മാർക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് കോർപ്പറേഷനിലെ ഒരു കോക്കസ് ദസറ പരിപാടി ഹൈജാക്ക് ചെയ്യുകയാണെന്ന് കണ്ണൂർ ശ്രീലത ആരോപിച്ചു.കണ്ണൂരിലും പരിസരങ്ങളിലുമുള്ള നിരവധി കലാകാരന്മാർ പരിപാടി നടത്താൻ അപേക്ഷ നൽകിയിട്ടും അവരെയൊന്നും സംഘാടകർ പരിഗണിച്ചില്ല. അയൽ ജില്ലകളിലുള്ളവർ അപേക്ഷ കൊടുത്തപ്പോൾ കണ്ണൂരുകാർക്ക് മാത്രമാണ് പരിപാടിക്ക് അവസരം നൽകുന്നതെന്നാണ് കോർപ്പറേഷൻ അധികൃതർ പറഞ്ഞത്.എങ്കിൽ ലക്ഷങ്ങൾ കൊടുത്ത് കണ്ണൂർ ദസറയിൽ അണിനിരത്തുന്ന കലാകാരന്മാർ എല്ലാവരും കണ്ണൂരുകാരാണോയെന്ന് വ്യക്തമാക്കണമെന്നും ശ്രീലത ആവശ്യപ്പെട്ടു. സെലിബ്രിറ്റികളെ കൊണ്ടുവന്ന് കമ്മീഷൻ അടിച്ചു മാറ്റി കീശവീർപ്പിക്കാനാണ് കോർപ്പറേഷൻ കോക്കസിൻ്റെ ഉദ്ദേശ്യമെന്നും കണ്ണൂർ ശ്രീലത തുറന്നടിച്ചുതൻ്റെ ഭർത്താവായിരുന്ന അന്തരിച്ച എ.പി. പ്രകാശൻ എഴുതിയ കാവ്യങ്ങൾക്ക് സംഗീതം പകർന്ന് അവതരിപ്പിക്കുന്ന പരിപാടിയാണ് പ്രകാശധാര ഭക്തിരസാമൃതം .
ചലച്ചിത്ര ,സീരിയൽ രംഗത്ത് പ്രവർത്തിക്കാൻ തനിക്ക് എന്നും കരുത്തു പകർന്ന പ്രകാശനുള്ള സ്മരണാഞ്ജലിയായിട്ടാണ് പരിപാടി അവതരിപ്പിക്കുന്നത്. കൊല്ലൂർ ശ്രീ മൂകാംബിക ഭക്തനായിരുന്നു പ്രകാശൻ. അദ്ദേഹം എഴുതിയ ദേവി സ്തുതികളടങ്ങുന്ന പ്രകാശധാര പരിപാടിക്കാണ് കണ്ണൂർ ദസറയിൽ വിലക്ക് ഏർപ്പെടുത്തിയത്.ദസറ ഭാരതീയരുടെ മാതൃ / ശക്തി /ദേവീ പൂജാനുഷ്‌ഠാനമാണ്. ഭാരതത്തിലെങ്ങും നവരാത്രി ദേവീ പൂജയാണ് . സ്ത്രീയെ ദേവതയായി പൂജിക്കേണ്ട അനുഷ്‌ഠാന വേളയിൽ വിധവയായ സ്ത്രീയെ അവഹേളിക്കുകയാണ്
കണ്ണൂർ കോർപ്പറേഷനെന്ന് ശ്രീലത ആരോപിച്ചു.ദസറ സംഘാടകർ നവരാത്രിയുടെ മറപറ്റി ഫണ്ട് അടിച്ചു മാറ്റാനുള്ള മാഫിയ പരിപാടിയാക്കി മാറ്റുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .ഒരു പ്രത്യേക കോക്കസിൻ്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് കണ്ണൂർ ദസറ .
പൊതുജനങ്ങളിൽ നിന്നും പിരിവെടുത്ത് നടത്തുന്ന പരിപാടിയാണിത്. ഇങ്ങനെ കിട്ടുന്ന പണം എന്തിന് വേണ്ടിയാണ് ചെലവഴിക്കുന്നതെന്ന് അന്വേഷണം നടത്തണം.കണ്ണൂർ നഗരത്തിലെ കോവിലുകൾ കേന്ദ്രീകരിച്ച് നടത്തിവരുന്ന നവരാത്രി മഹോത്സവത്തിൻ്റെ വിശുദ്ധി നശിപ്പിക്കുകയാണ് ഇക്കൂട്ടർ.ദസറ പരിപാടി എല്ലാ ദിവസവും വൈകുന്നേരം മുതൽ രാത്രി വൈകി വരെയാണ് വൈകുന്നേരം ഒന്നര മണിക്കൂർ സമയമാണ് പ്രകാശധാര പരിപാടിക്ക് അനുമതി ചോദിച്ചത്. പ്രൈംടൈമല്ല ആവശ്യപ്പെട്ടത് ദസറ അനുഷ്ഠാനത്തിനു അനുയോജ്യമായ ഭക്തിരസാമൃതമാണ് പ്രകാശധാര. നിരവധി സ്ഥലങ്ങളിൽ അവതരിപ്പിച്ചു വരുന്ന സംഗീത പരിപാടി. കലാകാരനായതൻ്റെ ഭർത്താവിന് സ്മരണാഞ്ജലിയായി വിധവയായ കലാകാരി അവതരിപ്പിക്കുന്ന പരിപാടിക്കാണ് വനിതാ മേയർ ഭരിക്കുന്ന കണ്ണൂർ
കോർപ്പറേഷൻ അനുമതി നിഷേധിച്ചിരിക്കുന്നത്.
വിധവയായകണ്ണൂർ ശ്രീലതയ്ക്ക് മാത്രമല്ല കണ്ണൂരിലെ നിരവധി കലാകാരന്മാർക്കാണ് പരിപാടി അവതരിപ്പിക്കാൻ സമയം നൽകാതിരിക്കുന്നത്. കുറേ പേർ പുറത്ത് നിൽക്കുന്നുണ്ട്. അവർക്ക് വേണ്ടി കൂടിയാണ് ഞങ്ങൾ ശബ്ദമുയർത്തുന്നത്. കോർപ്പറേഷൻ നടപടിയിൽ കലാ സഹൃദയരുടെ ശക്തമായ പ്രതിഷേധമുണ്ടാകണം. വിധവയായ കലാകാരിയുടെ കണ്ണീരിന് കണ്ണൂർ കോർപ്പറേഷൻ വനിതാ മേയറടക്കമുള്ള ഭരണാധികാരികൾ വലിയ വില നൽകേണ്ടിവരുമെന്ന് കണ്ണൂർ ശ്രീലത പറഞ്ഞു.സംഗീത സംവിധായകൻ ഷമീർ ബാബു, തബലിസ്റ്റ് രാഗേഷ് ഹരിശ്രീ , ഗിരീഷ് പണിക്കർ എന്നിവരും കണ്ണൂർ ശ്രീലതയ്ക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.