കാലാവസ്ഥ വ്യതിയാനവും കീടങ്ങളും പ്രതിസന്ധിയായി; തരണം ചെയ്ത് പൂകൃഷിയിൽ വിജയം കൊയ്ത് പട്ടുവത്തെ കർഷക

നാട്ടിൽ പലയിടത്തും പൂ കൃഷി സജീവമായി കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനവും പൂക്കളിലെ കീടങ്ങളും പ്രതിസന്ധികൾ സൃഷ്ട്ടികുമ്പോഴും അവയെല്ലാം തരണം ചെയ്ത് വിജയം കൊയ്യുകയാണ് കർഷകർ.
 

ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ ഒരു നല്ല നാളിന്റെ ഓർമപുതുക്കലാണ് ഓണം. ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. പണ്ടൊക്കെ നാടന്‍ പൂക്കളായ തുമ്പയും, മുക്കുറ്റിയും, മന്ദാരവുമൊക്കെയായിരുന്നു പൂക്കളം തയ്യാറാക്കാൻ ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്നത് ജമന്തിക്കും ചെണ്ടുമല്ലിക്കുമൊക്കെ വഴിമാറി. അതാകട്ടെ കഴിഞ്ഞ കുറേ വർഷങ്ങളായി തമിഴ്നാട് കർണാടക എന്നിവിടങ്ങളിൽ നിന്നായിരുന്നു കൊണ്ടുവന്നിരുന്നത്. 

എന്നാൽ എന്തിനും ഏതിനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതി അങ്ങ് മാറ്റിപ്പിടിച്ചിരിക്കുകയാണ് ഇപ്പോൾ . നാട്ടിൽ പലയിടത്തും പൂ കൃഷി സജീവമായി കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനവും പൂക്കളിലെ കീടങ്ങളും പ്രതിസന്ധികൾ സൃഷ്ട്ടികുമ്പോഴും അവയെല്ലാം തരണം ചെയ്ത് വിജയം കൊയ്യുകയാണ് കർഷകർ.

കണ്ണൂർ ജില്ലയിലും വളരെ വിപുലമായി പല കർഷകരും ഇത്തവണ പൂ കൃഷി ചെയ്തിരുന്നു. അവരിലൊരാളാണ് പട്ടുവത്തെ കാക്കാമണി ബിന്ദു. ബിന്ദുവിന്റെ പാടത്ത് ഓറഞ്ചും മഞ്ഞയും നിറങ്ങളാൽ ചെണ്ടുമല്ലികൾ പൂവിട്ടു നിൽക്കുന്ന കാഴ്ച ആരുടേയും കൺകുളിർക്കും... ഒരേക്കർ സ്ഥലത്ത് നിരവധി ചെണ്ടുമല്ലി ചെടികളാണ് ബിന്ദു കൃഷി ചെയ്‌തിരിക്കുന്നത്. അവയിൽ ഏറെയും പൂത്ത് വിളവെടുപ്പിന് സജ്ജമായി. 

ഇത് രണ്ടാം തവണയാണ് ബിന്ദു പൂക്കൃഷി ചെയ്യുന്നത്. ഹൈബ്രിഡും നാടനും ഇനത്തിൽ പെട്ട ചെടികളാണ് ബിന്ദു കൃഷി ചെയ്യുന്നത്.  ബക്കളം അഗ്രോ സർവീസിൽ നിന്നും  കെ വി കെ യിൽ നിന്നും  ചെറുതാഴം നഴ്സറിയിൽ നിന്നും ജില്ലാ പഞ്ചായത്തിൽ നിന്നും  ലഭിച്ച ചെടികളാണ് ബിന്ദുവിന്റെ കൃഷിയിടത്തിൽ ഉള്ളത്. 
ഓണ വിപണിയെ ലക്ഷ്യം വച്ചുള്ള കൃഷിയിൽ വിപണി ഒരു വെല്ലുവിളിയായി ബിന്ദുവിനു തോന്നിയിട്ടില്ല. ആവശ്യക്കാരും ഓണ ചന്തക്കാരും ബിന്ദുവിനെ സമീപിക്കുകയാണ് ഇപ്പോൾ. 

അധ്വാനിച്ച് ഉണ്ടാക്കുന്ന പൂവിന് വിപണി ഒരു തടസം അല്ലെങ്കിലും പൂക്കളിൽ ഉണ്ടാവുന്ന പുഴുക്കളും കാലാവസ്ഥ വ്യതിയാനവും പൂക്കർഷകർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും വെല്ലുവിളിയാകുന്നത് പൂക്കളിലെ ബാക്ടീരയും പുഴുക്കളുമാണ്. തണ്ട് വാട്ടത്തിനും പൂവ് നശിക്കാനും ഇവ കാരണമാകുന്നുണ്ട്. ജൈവ കീടനാശിനികൾ ഉപയോഗിച്ച കീടങ്ങളെ നശിപ്പിക്കാൻ ശ്രമിചെങ്കിലും അത് ഫലം കണ്ടില്ല. പൂക്കൾ ഓരോന്നായി പറിച് പുഴുക്കളെ നശിപ്പിക്കുകയാണ് ഇപ്പോൾ ചെയുന്നത്. അതിനെയെല്ലാം അതിജീവിച്ചാണ് തന്റെ പൂകൃഷി മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് ബിന്ദു പറയുന്നു.

ഭർത്താവ് മനോഹരനും ബിന്ദുവിന് എല്ലാവിധ സഹായവുമായി  ഒപ്പമുണ്ട്. സ്വന്തമായി കൃഷി ചെയ്‌ത പൂക്കൾ ഉപയോഗിച്ച് പൂക്കളമൊരുക്കി വീണ്ടുമൊരു ഓണക്കാലത്തെ വരവേൽക്കാനൊരുങ്ങുന്നതിന്‍റെ സന്തോഷത്തിലാണ് ഇവര്‍.