കൂട്ടുപുഴയിൽ എംഡിഎംഎ കടത്തുന്നതിനിടെ വ്യാജ ദമ്പതികൾ അറസ്റ്റിൽ
കോഴിക്കോട് പന്തീരാംകാവ് പാലാഴി ജി.എ.കോളേജ്, മുയ്യായിപറമ്പ് വീട്ടില്‍ മുഹമ്മദ് അമീര്‍(36), അമീറിനോടൊപ്പം താമസിക്കുന്ന ലിവിംഗ് ടുഗദര്‍ പങ്കാളി പശ്ചിമബംഗാള്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നോര്‍ത്ത് ഡംഡം ബാംഗ്ര സല്‍മ ഖത്തൂണ്‍(30) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനുരാജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീനും ചേര്‍ന്ന് പിടികൂടിയത്.
ഇരിട്ടി: ഇരിട്ടി കൂട്ടുപുഴയിൽ വന്‍ എം.ഡി.എം.എ വേട്ട. വ്യാജ ദമ്പതികള്‍ അറസ്റ്റില്‍. കോഴിക്കോട് പന്തീരാംകാവ് പാലാഴി ജി.എ.കോളേജ്, മുയ്യായിപറമ്പ് വീട്ടില്‍ മുഹമ്മദ് അമീര്‍(36), അമീറിനോടൊപ്പം താമസിക്കുന്ന ലിവിംഗ് ടുഗദര്‍ പങ്കാളി പശ്ചിമബംഗാള്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നോര്‍ത്ത് ഡംഡം ബാംഗ്ര സല്‍മ ഖത്തൂണ്‍(30) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനുരാജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീനും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍ നിന്ന് 101.832 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
ഇന്നലെ വൈകുന്നേരം 6.40ന് കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ വെച്ചാണ് ഇവരെ പിടികൂടിയത്. കെ.എല്‍.13 എ.എക്‌സ് 2481 മാരുതി സ്വിഫ്റ്റ് കാറില്‍ ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്നു ഇവര്‍. നിവിയ ഫേസ് ക്രീമിന്റെ ഡബ്ബയില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ.
സല്‍മ തന്നോടൊപ്പം ഒന്നര വര്‍ഷമായി ലിവിംഗ് ടുഗദര്‍ പങ്കാളിയായി ജീവിച്ചുവരികയാണെന്നാണ് അമീര്‍ പോലീസിനോട് പറഞ്ഞത്. ദമ്പതികളെന്ന വ്യാജേന മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ചില്ലറയായി വിപണനം നടത്തിയാല്‍ ലക്ഷങ്ങളുടെ വരുമാനമാണ് ലഭിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഗ്രേഡ് എസ്.ഐ ജിജിമോന്‍, സീനിയര്‍ സി.പി.ഒമാരായ ബിനേഷ്, എം.ഷൗക്കത്തലി എന്നിവരും ഇവരെ പിടികൂടിയ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.